< Back
Cricket
ഇന്ത്യയുടെ ഒരു സപ്പോര്‍ട്ട് സ്റ്റാഫിനുകൂടി കോവിഡ്; അവസാന ടെസ്റ്റ് റദ്ദാക്കിയേക്കും
Cricket

ഇന്ത്യയുടെ ഒരു സപ്പോര്‍ട്ട് സ്റ്റാഫിനുകൂടി കോവിഡ്; അവസാന ടെസ്റ്റ് റദ്ദാക്കിയേക്കും

Web Desk
|
9 Sept 2021 5:10 PM IST

അഞ്ച് ടെസ്റ്റുകളടങ്ങിയ പരമ്പരയിലെ അവസാന മത്സരമാണ് നാളെ മാഞ്ചസ്റ്ററില്‍ ആരംഭിക്കാനിരിക്കുന്നത്. കോവിഡ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഇന്ത്യന്‍ ടീമിന്റെ ഇന്നത്തെ പരിശീലനം റദ്ദാക്കിയിട്ടുണ്ട്

മുഖ്യ പരിശീലകന്‍ രവി ശാസ്ത്രിക്കും സഹ പരിശീലകര്‍ക്കും പിറകെ ഇന്ത്യന്‍ ടീമിലെ മറ്റൊരു സപ്പോര്‍ട്ട് സ്റ്റാഫിനുകൂടി കോവിഡ്. ഇതോടെ നാളെ മാഞ്ചസ്റ്ററില്‍ നടക്കുന്ന അവസാന ടെസ്റ്റ് മത്സരത്തിന്റെ കാര്യം സംശയത്തിലാണ്.

ഫിസിയോ യോഗേഷ് പര്‍മര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് എല്ലാ താരങ്ങള്‍ക്കും കോവിഡ് പരിശോധന നടത്തിയെങ്കിലും ആര്‍ക്കും രോഗബാധ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. താരങ്ങള്‍ക്കായി ഒരു ടെസ്റ്റ് കൂടി നടത്തും. ഇതിനുശേഷമേ തുടര്‍നടപടികളുടെ കാര്യത്തില്‍ തീരുമാനമെടുക്കൂ. ഇന്ത്യയുടെ അവസാനവട്ട പരിശീലനം റദ്ദാക്കിയിട്ടുണ്ട്.

നേരത്തെ, രവി ശാസ്ത്രിക്ക് പുറമെ ബൗളിങ് കോച്ച് ഭരത് അരുണ്‍, ഫീല്‍ഡിങ് കോച്ച് ആര്‍ ശ്രീധര്‍, ഫിസിയോ വിഭാഗം തലവന്‍ നിതിന്‍ പട്ടേല്‍ എന്നിവര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിരുന്നത്. ഓവല്‍ ടെസ്റ്റിന്റെ തൊട്ടുമുന്‍പായിരുന്നു ഇത്. തുടര്‍ന്ന് ഇവരെല്ലാം ഐസൊലേഷനിലേക്കു മാറുകയായിരുന്നു. ബാറ്റിങ് പരിശീലകന്‍ വിക്രം റാത്തോഡ് മാത്രമാണ് മുഖ്യപരിശീലകന്മാരുടെ കൂട്ടത്തില്‍ ബാക്കിയുള്ളത്.

അഞ്ച് ടെസ്റ്റുകളടങ്ങിയ പരമ്പരയില്‍ നിലവില്‍ ഇന്ത്യ 2-1ന് മുന്നിലാണ്. പരമ്പര വിജയത്തിന് അഞ്ചാം ടെസ്റ്റ് സമനില മാത്രം മതി ഇന്ത്യയ്ക്ക്. കളി ജയിച്ചാല്‍ ഇംഗ്ലണ്ടിന് പരമ്പര സമനിലയിലുമാക്കാം.

Similar Posts