< Back
Cricket
ഐപിഎൽ രണ്ടാം പാദം: അയ്യരെത്തിയാലും പന്ത് തന്നെ ഡല്‍ഹി നായകനായി തുടരും
Cricket

ഐപിഎൽ രണ്ടാം പാദം: അയ്യരെത്തിയാലും പന്ത് തന്നെ ഡല്‍ഹി നായകനായി തുടരും

Web Desk
|
4 Sept 2021 4:43 PM IST

2021 ഐപിഎല്ലിന്റെ ആദ്യഘട്ടത്തിൽ ശ്രേയസ് അയ്യർ പരിക്കേറ്റു പുറത്തായതിനെ തുടർന്നാണ് ഋഷഭ് പന്ത് ഡല്‍ഹി നായകനായത്

2021 ഐപിഎലിന്റെ രണ്ടാംപാദത്തിൽ ഋഷഭ് പന്ത് തന്നെ ഡൽഹി ക്യാപിറ്റൽസ് നായകനാകും. ശ്രേയസ് അയ്യർ തിരിച്ചെത്തുമെങ്കിലും പന്തിനെ തന്നെ നായകനായി നിലനിർത്താനാണ് ഡിസി മാനേജ്‌മെന്റ് തീരുമാനമെന്നാണ് വിവരം. വാർത്താ ഏജൻസിയായ പിടിഐ ആണ് ഡൽഹി വൃത്തങ്ങളെ ഉദ്ധരിച്ച് വിവരം പുറത്തുവിട്ടത്.

കഴിഞ്ഞ രണ്ട് സീസണുകളിലും ശ്രേയസ് അയ്യരായിരുന്നു ഡല്‍ഹി നായകൻ. യുഎഇയില്‍ നടന്ന 13-ാം സീസണില്‍ ഡല്‍ഹിയെ ഫൈനല്‍ വരെ നയിച്ചത് അയ്യരായിരുന്നു. എന്നാല്‍, കോവിഡ് പ്രതിസന്ധിക്കിടയില്‍ ഇന്ത്യയില്‍ ആരംഭിച്ച 14-ാം സീസണിന്റെ തുടക്കത്തിൽ തന്നെ ഗുരുതരമായി പരിക്കേറ്റ് അയ്യർക്ക് പുറത്തുപോകേണ്ടിവന്നു. തോളെല്ലിനേറ്റ പരിക്കിനെ തുടർന്ന് ഐപിഎല്ലിനു പുറമെ ഇന്ത്യയുടെ വിദേശപര്യടനങ്ങളും താരത്തിനു നഷ്ടമായിരുന്നു. വിവിധ ഘട്ടങ്ങളിലായുള്ള ശസ്ത്രക്രിയയ്ക്കും മാസങ്ങളുടെ വിശ്രമത്തിനും ശേഷം താരം ഫിറ്റ്‌നെസ് വീണ്ടെടുത്ത് ഐപിഎല്ലിന് തിരിച്ചെത്തുമെന്ന് ഉറപ്പായിട്ടുണ്ട്.

എന്നാൽ, 2021 ഐപിഎൽ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനം തുടരുന്നതുകൊണ്ട് നിലവിലെ ടീമിന്‍രെ നില തന്നെ തുടരാനാണ് മാനേജ്‌മെന്റിന്റെ തീരുമാനം. അയ്യര്‍ കഴിഞ്ഞ മാർച്ച് മുതൽ ഒരു മത്സരവും കളിക്കാത്തതിനാല്‍ തൽക്കാലത്തിന് ഒരു പരീക്ഷണം വേണ്ടെന്ന തീരുമാനത്തിലാണ് മാനേജ്‌മെന്റ്.

Similar Posts