< Back
Cricket
ഇനി വേറെ ലെവല്‍ കളികള്‍! മുംബൈയെ പരിശീലിപ്പിക്കാൻ മാർക്ക് ബൗച്ചറെത്തുന്നു
Cricket

ഇനി വേറെ ലെവല്‍ കളികള്‍! മുംബൈയെ പരിശീലിപ്പിക്കാൻ മാർക്ക് ബൗച്ചറെത്തുന്നു

Web Desk
|
16 Sept 2022 1:36 PM IST

മഹേല ജയവർധനയ്ക്കു പകരക്കാരനായാണ് ബൗച്ചറുടെ നിയമനം

മുംബൈ: ഐ.പി.എല്ലിൽ മുംബൈ ഇന്ത്യൻസിനെ(എം.ഐ) പരിശീലിപ്പിക്കാൻ ദക്ഷിണാഫ്രിക്കയുടെ ഇതിഹാസ താരം മാർക്ക് ബൗച്ചറെത്തുന്നു. ടീമിന്റെ ഹെഡ്‌കോച്ചായി ബൗച്ചറിനെ നിയമിച്ചതായി മുംബൈ ഇന്ത്യൻസ് അറിയിച്ചു.

ശ്രീലങ്കൻ ഇതിഹാസം മഹേല ജയവർധനയ്ക്കു പകരക്കാരനായാണ് ബൗച്ചർ എത്തുന്നത്. എം.ഐ പെർഫോമൻസ് ഗ്ലോബൽ ഹെഡായി അടുത്തിടെ ജയവർധനയെ നിയമിച്ചിരുന്നു. നിലവിൽ ദക്ഷിണാഫ്രിക്കൻ ദേശീയ ടീമിന്റെ മുഖ്യ പരിശീലകനാണ് ടീമിന്റെ മുൻ വിക്കറ്റ് കീപ്പർ കൂടിയായ മാർക്ക് ബൗച്ചർ. അടുത്ത മാസം നടക്കുന്ന ടി20 ലോകകപ്പിനുശേഷം പരിശീലക പദവി ഒഴിയുമെന്ന് ബൗച്ചർ തിങ്കളാഴ്ച പ്രഖ്യാപിച്ചിരുന്നു.

മുംബൈയുടെ മുഖ്യപരിശീലകനാകുന്നത് വലിയ അംഗീകാരവും പദവിയുമാണെന്ന് ബൗച്ചർ പ്രതികരിച്ചു. ഒരു ഫ്രാഞ്ചൈസി എന്ന നിലയ്ക്കുള്ള നേട്ടങ്ങളും ചരിത്രവുമെല്ലാമാണ് എം.ഐയെ ലോകത്തെ ഒന്നാം നമ്പർ ടീമാക്കിത്തീർത്തിരിക്കുന്നത്. പുതിയ വെല്ലുവിളികളെ സന്തോഷപൂർവം ഏറ്റെടുക്കുന്നുവെന്നും ബൗച്ചർ പറഞ്ഞു.

ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ പേരെ പുറത്താക്കിയ വിക്കറ്റ് കീപ്പറാണ് മാർക്ക് ബൗച്ചർ. 2012ൽ ഇംഗ്ലീഷ് കൗണ്ടി ക്ലബായ സോമർസെറ്റിനെതിരായ മത്സരത്തിൽ കണ്ണിനു ഗുരുതരമായ പരിക്കേറ്റതിനു പിന്നാലെയാണ് കളി നിർത്തിയത്. 2019ൽ ദക്ഷിണാഫ്രിക്കയുടെ പരിശീലകനായി. 11 ടെസ്റ്റ്, 12 ഏകദിനം, 23 ടി20 വിജയങ്ങളും അദ്ദേഹം ടീമിനായി നേടിക്കൊടുത്തിട്ടുണ്ട്.

Summary: Former South Africa wicketkeeper batter Mark Boucher has been appointed Mumbai Indians' head coach for the upcoming IPL season

Similar Posts