< Back
Cricket
Melbourne Renegades-Perth Scorchers match abandoned due to dangerous pitch in Big Bash League 2023, Match abandoned due to dangerous pitch in BBL, BBL 2023, Melbourne Renegades Vs Perth Scorchers
Cricket

പിച്ചിൽ 'അപകടക്കെണി'; പാതിവഴിയിൽ മത്സരം ഉപേക്ഷിച്ചു-ബിഗ് ബാഷിൽ നാടകീയരംഗങ്ങൾ

Web Desk
|
10 Dec 2023 7:19 PM IST

കളി കാണാനെത്തിയ ആരാധകർക്ക് ടിക്കറ്റ് ഫീ തിരിച്ചുനൽകുമെന്ന് ക്രിക്കറ്റ് ആസ്‌ട്രേലിയ അറിയിച്ചിട്ടുണ്ട്

മെൽബൺ: ആസ്‌ട്രേലിയൻ ടി20 ലീഗായ ബിഗ് ബാഷിനിടയിൽ നാടകീയരംഗങ്ങൾ. ആറ് ഓവർ പിന്നിട്ട ശേഷം വിചിത്രകരമായ കാരണത്തിന് അംപയർമാർ മത്സരം ഉപേക്ഷിച്ചു. പിച്ച് അപകടകരമാണെന്നും താരങ്ങളുടെ സുരക്ഷയ്ക്കു ഭീഷണിയാണെന്നും കാണിച്ചാണ് ഇത്തരമൊരു നടപടി.

സൗത്ത് ഗീലോങ്ങിലെ ജി.എം.എച്ച്.ബി.എ സ്‌റ്റേഡിയത്തിൽ നടന്ന മെൽബൺ റെനെഗേഡ്‌സ്-പെർത്ത് സ്‌കോച്ചേഴ്‌സ് മത്സരത്തിനാണു നാടകീയാന്ത്യം. മത്സരം തുടങ്ങുംമുൻപ് തന്നെ പിച്ചിനെ കുറിച്ച് ആശങ്കൾ അന്തരീക്ഷത്തിലുണ്ടായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ കനത്ത മഴയാണ് സ്റ്റേഡിയത്തിലും പരിസരത്തുമുണ്ടായിരുന്നത്. ഇത് പിച്ചിനെയും കാര്യമായി ബാധിച്ചതായായിരുന്നു റിപ്പോർട്ടുണ്ടായിരുന്നത്.

എന്നാൽ, കൃത്യസമയത്ത് തന്നെ ടോസ് സെഷൻ നടന്നു. മെൽബൺ ക്യാപ്റ്റൻ നിക്ക് മാഡിസൻ പെർത്തിനെ ബാറ്റിങ്ങിനയയ്ക്കുകയും ചെയ്തു. പിച്ച് നനഞ്ഞുകുതിർന്ന നിലയിലായതിനാൽ ഫീൽഡ് ചെയ്ത് കളിയുടെ പുരോഗതി വിലയിരുത്താമെന്നായിരുന്നു ടോസിട്ട ശേഷം മാഡിസൻ വ്യക്തമാക്കിയത്.

ആദ്യ ഓവറിലെ രണ്ടാം പന്തിൽ തന്നെ പെർത്തിന് ആദ്യ വിക്കറ്റ് നഷ്ടം. ടോം റോജേഴ്‌സിന്റെ പന്തിൽ വിക്കറ്റിനു മുന്നിൽ കുരുങ്ങി സ്റ്റീഫൻ എസ്‌കിനാസി സംപൂജ്യനായി മടങ്ങി. ഇതേ ഓവറിൽ ഒരു വൈഡ് റൺ മാത്രമാണ് പെർത്തിന് നേടാനായത്. തൊട്ടടുത്ത ഓവറിലും നേടാനായത് ഒറ്റ റൺ. ഇതോടെ പിച്ചിനെ കുറിച്ച് വീണ്ടും ആശങ്കകളുയർന്നു. അഞ്ചാം ഓവറിൽ വിൽ സതർലൻഡിന്റെ പന്തിൽ രണ്ടാമത്തെ ഓപണറെയും പെർത്തിന് നഷ്ടമായി. ബാറ്റിൽ എഡ്ജ് ആയി വിക്കറ്റ് കീപ്പർ ക്വിന്റൻ ഡീകോക്ക് പിടിച്ച് കൂപ്പർ കനോളിയും കൂടാരം കയറി.

അസാധാരണമായ ബൗൺസ് ആണു രണ്ടു തവണയും ബാറ്റർമാരുടെ കണക്കുകൂട്ടൽ തെറ്റിച്ചത്. ഏഴാം ഓവറിൽ വീണ്ടും നാടകീയരംഗങ്ങൾ. അപ്രതീക്ഷിതമായ ബൗൺസിൽ വലഞ്ഞ് ബാറ്റർമാർ. അഞ്ചാമത്തെ ഫുൾ ലെങ്ത് പന്തിൽ കവർഡ്രൈവിനു ശ്രമിച്ച ജോഷ് ഇംഗ്ലിസിനെ ഞെട്ടിപ്പിച്ചു പന്ത് തെന്നിമാറി നേരെ വിക്കറ്റ് കീപ്പറുടെ കൈയിലേക്ക്.

ഇതോടെ ഇംഗ്ലിസും ആരോൺ ഹാർഡിയും പരാതിയുമായി അംപയർമാരായ ബെൻ ട്രെലോറിനും സിമോൺ ലൈറ്റ്ബഡിക്കും മുന്നിലെത്തി. പിച്ച് പരിശോധിച്ച ശേഷം വീണ്ടും സജീവമായ ചർച്ച. നിമിഷങ്ങൾക്കകം മത്സരം ഉപേക്ഷിക്കുകയാണെന്ന് അംപയർമാരുടെ പ്രഖ്യാപനവും വരികയായിരുന്നു.

മത്സരം 45 മിനിറ്റ് പിന്നിട്ട ശേഷമായിരുന്നു ഉപേക്ഷിച്ചതായുള്ള പ്രഖ്യാപനം വന്നത്. 7.5 ഓവർ പിന്നിടുമ്പോൾ രണ്ടിന് 30 എന്ന നിലയിലായിരുന്നു പെർത്ത് സ്‌കോച്ചേഴ്‌സ്.

എങ്ങനെയെങ്കിലും മത്സരം നടത്തണമെന്ന തീരുമാനത്തിലാണു കൃത്യസമയത്തു തന്നെ തുടങ്ങിയതെന്ന് മത്സരശേഷം അംപയർ ട്രെലോർ 'ഫോക്‌സ് ക്രിക്കറ്റി'നോട് പറഞ്ഞു. ''തുടക്കത്തിൽ കുഴപ്പമില്ലായിരുന്നു. ആദ്യത്തെ ഓവറുകൾ കഴിഞ്ഞപ്പോൾ പ്രതീക്ഷയിലുമായിരുന്നു. എന്നാൽ, പിച്ച് അപകടമാണെന്നു മനസിലാക്കാൻ ആ അവസാന പന്ത് മതിയായിരുന്നു. താരങ്ങളുടെ സുരക്ഷ അതിപ്രധാനമാണ്.''-അദ്ദേഹം കൂട്ടിച്ചേർത്തു.

മത്സരം ഉപേക്ഷിച്ചതോടെ ഇരുടീമുകളും രണ്ടു വീതം പോയിന്റ് പങ്കിട്ടു. കളി കാണാനെത്തിയ ആരാധകർക്ക് ടിക്കറ്റ് ഫീ തിരിച്ചുനൽകുമെന്ന് ക്രിക്കറ്റ് ആസ്‌ട്രേലിയ അറിയിച്ചിട്ടുണ്ട്.

Summary: Melbourne Renegades-Perth Scorchers clash abandoned due to 'dangerous' pitch in Big Bash League 2023

Similar Posts