< Back
Cricket
RishabhPantphotosafteraccident, RishabhPantaccident
Cricket

'ഒരടി മുന്നോട്ട്, കൂടുതല്‍ കരുത്തനായി'; അപകടത്തിനുശേഷം പിച്ചവച്ച് പന്ത്-ചിത്രങ്ങൾ പുറത്ത്

Web Desk
|
10 Feb 2023 8:38 PM IST

കഴിഞ്ഞ ഡിസംബർ 30നു പുലർച്ചെയായിരുന്നു ഹരിദ്വാർ ജില്ലയിലെ നർസനിൽ ഋഷഭ് പന്ത് സഞ്ചരിച്ച കാർ അപകടത്തിൽപെട്ടത്

ഡെറാഡൂൺ: കാറപകടത്തിനുശേഷം പുറത്തിറങ്ങിനടന്ന് ഇന്ത്യൻ താരം ഋഷഭ് പന്ത്. ശസ്ത്രക്രിയയ്ക്കുശേഷം വാക്കിങ് സ്റ്റിക്കിന്‍റെ സഹായത്തോടെയാണ് താരം നടക്കുന്നത്. പന്ത് തന്നെയാണ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.

ഒരടി മുന്നോട്ട്, കരുത്തനായി, ഭേദപ്പെട്ട നിലയിൽ എന്ന അടിക്കുറിപ്പോടെയാണ് പന്ത് ചിത്രങ്ങൾ പങ്കുവച്ചത്. വീട്ടിൽനിന്നുള്ള ദൃശ്യങ്ങളാണിതെന്നാണ് സൂചന. ശസ്ത്രക്രിയയ്ക്കും വിവിധ ചികിത്സയ്ക്കും ശേഷം താരം വിശ്രമത്തിലാണുള്ളത്.

അപകടത്തിനുശേഷം പിന്തുണയും പ്രാർത്ഥനയുമായി ഒപ്പംനിന്നവർക്കെല്ലാം നേരത്തെ പന്ത് നന്ദി പറഞ്ഞിരുന്നു. ബി.സി.സി.ഐ, ബോർഡ് ജയ് ഷാ, സർക്കാർ വൃത്തങ്ങൾ എന്നിവരെ പ്രത്യേകം പേര് പറഞ്ഞ് നന്ദിയും രേഖപ്പെടുത്തി.

എല്ലാ പിന്തുണയ്ക്കും നല്ല ആശംസകൾക്കും മുന്നിൽ വിനയാന്വിതനും കടപ്പെട്ടവനുമാണ് ഞാൻ. എന്റെ ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്ന് നിങ്ങളെ സന്തോഷത്തോടെ അറിയിക്കട്ടെ. രോഗമുക്തിയിലേക്കുള്ള പാത ആരംഭിച്ചിരിക്കുകയാണ്. മുന്നിലുള്ള വെല്ലുവിളികൾ നേരിടാൻ ഞാൻ ഒരുക്കമാണ്-ഋഷഭ് പന്ത് ട്വീറ്റ് ചെയ്തു.

ആരാധകരുടെയും സഹതാരങ്ങളുടെയും ഡോക്ടർമാരുടെയും ഫിസിയോ ടീമിന്റെയും പ്രോത്സാഹനത്തിനും ആർദ്രമായ വാക്കുകൾക്കും ഹൃദയത്തിന്റെ അടിത്തട്ടിൽനിന്ന് നന്ദി രേഖപ്പെടുത്തുന്നുവെന്നും എല്ലാവരെയും കളിക്കളത്തിൽ കണ്ടുമുട്ടാൻ കാത്തിരിക്കുന്നുവെന്നും പന്ത് കൂട്ടിച്ചേർത്തു.

കഴിഞ്ഞ ഡിസംബർ 30നു പുലർച്ചെയായിരുന്നു കായികലോകത്തെ ഞെട്ടിച്ച കാറപകടം നടന്നത്. പുതുവത്സരാഘോഷത്തിനായി റൂർക്കിയിലെ വീട്ടിലേക്ക് ഡൽഹിയിൽനിന്ന് കാറിൽ തിരിച്ചതായിരുന്നു താരം. ഡെറാഡൂണിൽനിന്ന് 90 കിലോമീറ്റർ അകലെ ഹരിദ്വാർ ജില്ലയിലെ നർസനിൽ ഡിവൈഡറിൽ ഇടിച്ച് കാർ മറിയുകയും കത്തിയമരുകയും ചെയ്തു. അപകടത്തിൽനിന്ന് അത്ഭുതകരമായാണ് താരം രക്ഷപ്പെട്ടത്.

അപകടസമയത്ത് ഇതുവഴി പോയ ബസിലെ ജീവനക്കാരാണ് പന്തിനെ രക്ഷിച്ച് ആശുപത്രിയിലെത്തിച്ചത്. തൊട്ടടുത്തുള്ള ആശുപത്രിയിൽ പ്രാഥമിക പരിചരണം നൽകിയ ശേഷം ഡെറാഡൂണിലെ മാക്സ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ പ്ലാസ്റ്റിക് സർജറി ഉൾപ്പടെയുള്ള വിദഗ്ധ ചികിത്സ നൽകി. തുടർചികിത്സയ്ക്ക് പിന്നീട് മുംബൈയിൽ എത്തിച്ചു. ഡെറാഡൂണിലെ ആശുപത്രിയിൽനിന്ന് എയർ ലിഫ്റ്റ് ചെയ്താണ് മുംബൈയിലെത്തിച്ചത്.

Summary: Rishabh Pant shares photos of him walking with crutches, that is first time after the car accident

Similar Posts