< Back
Cricket
പശ വെച്ച് ഷൂ  ഒട്ടിച്ച് കളിക്കേണ്ട അവസ്ഥയാണ്,  ഷൂ വാങ്ങി നൽകാൻ സ്പോൺസർമാരില്ല.. സിംബാവെ ക്രിക്കറ്റ് താരത്തിന്റെ ട്വീറ്റ്
Cricket

'പശ വെച്ച് ഷൂ ഒട്ടിച്ച് കളിക്കേണ്ട അവസ്ഥയാണ്, ഷൂ വാങ്ങി നൽകാൻ സ്പോൺസർമാരില്ല..' സിംബാവെ ക്രിക്കറ്റ് താരത്തിന്റെ ട്വീറ്റ്

Web Desk
|
23 May 2021 12:24 PM IST

ഓരോ പരമ്പരക്ക് ശേഷവും ചീത്തയായ ഷൂസ് പശ വെച്ച് ഒട്ടിച്ച ശേഷം കളിക്കേണ്ടി വരുന്ന അവസ്ഥയിലാണ് ഇന്ന് സിംബാവെ ക്രിക്കറ്റ് ടീം.

'ഞങ്ങൾക്ക് സ്പോൺസർമാരെ കിട്ടാൻ എന്തെങ്കിലും വഴി ഉണ്ടോ..? അങ്ങനെയെങ്കിൽ എല്ലാ മത്സരങ്ങൾക്ക് ശേഷവും പശ വെച്ച് ഷൂ ഒട്ടിക്കേണ്ടി വരില്ലായിരുന്നു...' ഒരു രാജ്യാന്തര ക്രിക്കറ്റ് താരത്തിന്റെ ട്വീറ്റാണിത് . ഇന്ത്യയെപ്പോലെ ക്രിക്കറ്റിൽ കോടികൾ കൊയ്യുന്ന രാജ്യത്തിരുന്നു കൊണ്ട് വിദൂര ചിന്തകളിൽ പോലും വരാൻ സാധ്യതയില്ലാത്ത വാക്കുകൾ.

ഓരോ പരമ്പരക്ക് ശേഷവും ചീത്തയായ ഷൂസ് പശ വെച്ച് ഒട്ടിച്ച ശേഷം കളിക്കേണ്ടി വരുന്ന അവസ്ഥയിലാണ് സിംബാവെ ക്രിക്കറ്റ് ടീം. തങ്ങളുടെ അവസ്ഥ അത്രക്കും മോശമാണെന്ന് സിംബാവെ ക്രിക്കറ്റ് താരം റയാൻ ബേൾ ആണ് ട്വിറ്ററിലൂടെ പുറം ലോകത്തെ അറിയിച്ചത്.

ഇരുപത്തിയഞ്ച് ടി 20 മത്സരങ്ങളിൽ നിന്നായി 393 റൺസും 15 വിക്കറ്റും നേടിയിട്ടുള്ള സിംബാവെയുടെ ഒരു യുവ താരത്തിന് ഇങ്ങനെയൊരു ട്വീറ്റ് ഇടേണ്ടി വരുന്ന അവസ്ഥ രാജ്യത്തെ പരിതസ്ഥിതിയാണ് വ്യക്തമാക്കുന്നത്.

ക്രിക്കറ്റ് ലോകത്ത് വലിയ നേട്ടങ്ങളൊന്നും ഏറെ ഉണ്ടാക്കിയിട്ടില്ലെങ്കിലും അവരുടേതായ ദിവസത്തിൽ ഏത് വമ്പൻ ടീമിനേയും കീഴ്പ്പെടുത്താൻ കരുത്തുള്ള ഒരു കൂട്ടം കളിക്കാർ എന്നും ഉണ്ടായിരുന്ന ടീമാണ് സിംബാവെ. 1999 ലോകകപ്പിൽ ഇന്ത്യൻ സ്വപ്നങ്ങളെ ചവിട്ടി മെതിച്ച് കാംപെലിന്റെ നേതൃത്വത്തിൽ‍ സ്വപ്നവിജയം നേടുകയും സൂപ്പർ സിക്സിലെത്തുകയും ചെയ്ത സിംബാവെയുടെ പോരാട്ട വീര്യം ക്രിക്കറ്റ് ചരിത്രപുസ്തകങ്ങളിൽ മായാതെ കിടപ്പുണ്ട്. ഫ്ളവർ സഹോദരങ്ങളും സ്ട്രാങ് സഹോദരരും ഹീത്ത് സ്ട്രീക്കും കാംപെലും ജോൺസണും തുടങ്ങി ബ്രണ്ടൻ ടെയ്ലർ വരെയുള്ള ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച താരങ്ങളെ ഉണ്ടാക്കിയ ടീം കൂടിയായ സിംബാവെയുടെ ഇന്നത്തെ അവസ്ഥ ഇങ്ങനെയാണെന്ന് ഓർക്കുമ്പോൾ ഏതൊരു ക്രിക്കറ്റ് ആരാധകർക്കും ഹൃദയം തകരും.

സമീപകാലത്തെ ടീമിന്റെ ദയനീയ പ്രകടങ്ങൾക്ക് കാരണം അവിടത്തെ സംവിധാനങ്ങളുടെ പിടിപ്പുകേടാണെന്ന് മുൻ സിംബാവെ ക്യാപ്റ്റൻ തതേന്ദ തയ്ബു കുറ്റപ്പെടുത്തിയിരുന്നു. രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ എന്തെങ്കിലും ചെയ്യാനായില്ലെങ്കിൽ സിംബാവെ ക്രിക്കറ്റിന്റെ മരണത്തിലേക്കാകും എത്തിച്ചേരുകയെന്നും തൈബു അന്ന് കൂട്ടിച്ചേർത്തിരുന്നു. രാഷ്ട്രീയവും സാമ്പത്തികവുമായ പ്രശ്നങ്ങളും ഒപ്പം ഐ.സി.സിയുടെ പുതിയ സമ്പ്രദായങ്ങളുമാണ് കാരണം സിംബാവെയുടെ ഈ അവസ്ഥക്ക് കാരണമെന്നും അദ്ദേഹം അന്ന് കുറ്റപ്പെടുത്തി.

രാജ്യത്തെ ആഭ്യന്തരപ്രശ്നങ്ങളും രാഷ്ട്രീയവും ക്രിക്കറ്റിലേക്കും വ്യാപിക്കുന്നു എന്നത് എന്നും സിംബാവെയുടെ തലവേദനയായിരുന്നു. ഇന്ന് സ്പോൺസർമാരെ കിട്ടാതെ ഒരു ജോഡി ഷൂസിന് വേണ്ടി ഒരു യുവ ക്രിക്കറ്റ് താരത്തിന് അഭ്യർഥിക്കേണ്ടി വന്നതിന് പിന്നിലെ കാരണവും വിഭിന്നമല്ല.

Similar Posts