< Back
Crime
അഞ്ചേകാൽ കോടിയുടെ ഇൻഷുറൻസ്  തട്ടിയെടുക്കാൻ യുവാവി​നെ കൊലപ്പെടുത്തി; ആറ് പേർ അറസ്റ്റിൽ

അപകടത്തിൽ മരിച്ച കെ.ഗംഗാധർ |Photo| Special Arrangement

Crime

അഞ്ചേകാൽ കോടിയുടെ ഇൻഷുറൻസ് തട്ടിയെടുക്കാൻ യുവാവി​നെ കൊലപ്പെടുത്തി; ആറ് പേർ അറസ്റ്റിൽ

Web Desk
|
3 Oct 2025 8:08 PM IST

ഹോട്ടൽ ജീവനക്കാരിയെ മരിച്ചയാളുടെ ഭാര്യയായി ആൾമാറാട്ടം നടത്തി ബാങ്കിൽ അക്കൗണ്ട് തുറന്നു

ബെംഗളൂരു:വിജയനഗര ഹൊസ്പേട്ടിൽ യുവാവിനെ കൊലപ്പെടുത്തി അയാളുടെ പേരിലുള്ള 5.25 കോടി രൂപയുടെ ഇൻഷുറൻസ് പോളിസികൾ തട്ടിയെടുക്കാൻ ശ്രമിച്ച കേസിൽ ആറ് പേർ അറസ്റ്റിൽ. കൗൾപേട്ട് സ്വദേശി കെ.ഗംഗാധറാണ് (44) കഴിഞ്ഞ മാസം 28ന് കൊല്ലപ്പെട്ടതെന്ന് പൊലീസ് സൂപ്രണ്ട് എസ്.ജാഹ്നവി അറിയിച്ചു.

റിയാസ്, ഗോസംഗി രവി എന്ന രവി, പി.അജയ് എന്ന ആഡി, കൃഷ്ണപ്പ, ആർ.വൈ.യോഗരാജ് സിങ്, ഹുലിഗെമ്മ എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ഞായറാഴ്ച എച്ച്എൽസി കനാലിനടുത്ത് ഗംഗാധറിന്റെ മൃതദേഹം കണ്ടെത്തി. ഇരുചക്ര വാഹനാപകടത്തിൽ സംഭവിച്ചതാണെന്നാണ് ആദ്യം കരുതിയത്. എന്നാൽ മരണത്തിൽ സംശയം പ്രകടിപ്പിച്ച് ഭാര്യ കെ. ശാരദാമ്മ പൊലീസിൽ പരാതി നൽകി. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ കാരണം ഭർത്താവ് വാഹനങ്ങൾ ഓടിക്കാറില്ലെന്ന് അവർ പൊലീസിനോട് പറഞ്ഞു,

പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് മൂന്ന് ടീമുകളെ രൂപവത്കരിച്ചു. വ്യാജ രേഖകളും ഒന്നിലധികം ഇൻഷുറൻസ് പോളിസികളും ഉൾപ്പെട്ട വലിയ ഗൂഢാലോചന അന്വേഷണത്തിൽ കണ്ടെത്തി. ഗംഗാധറിന് ഗുരുതരമായ ആരോഗ്യ-സാമ്പത്തിക പ്രശ്‌നങ്ങളുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. ഇത് മുതലെടുത്ത് ഹോട്ടൽ ക്ലീനറായ ഹുലിഗെമ്മയെ മൂന്ന് ലക്ഷം രൂപ മോഹിപ്പിച്ച് പ്രതി ഗംഗാധറിന്റെ ഭാര്യയായി ആൾമാറാട്ടം നടത്തി. തുടർന്ന് സബ് രജിസ്ട്രാർ ഓഫീസിൽ അവരെ ഭാര്യയായി രജിസ്റ്റർ ചെയ്തു. ഗംഗാധറിന്റെ പേരിൽ ബാങ്ക് അക്കൗണ്ട് തുറക്കുന്നതിനും ആദായനികുതി ഫയൽ ചെയ്യുന്നതിനുമായി പ്രതികൾ പാൻ കാർഡ് ഉൾപ്പെടെയുള്ള വ്യാജ രേഖകൾ സൃഷ്ടിച്ചു . ഇവ ഉപയോഗിച്ച് വിവിധ കമ്പനികളിൽ നിന്ന് 5.25 കോടി രൂപയുടെ ആറ് ഇൻഷുറൻസ് പോളിസികൾ അവർ നേടി, ബാങ്ക് അക്കൗണ്ടിന്റെ നിയന്ത്രണം ഉറപ്പാക്കാൻ വ്യാജ നോമിനിയെ പോലും രജിസ്റ്റർ ചെയ്തു.

അനാരോഗ്യം മൂലമുള്ള ഗംഗാധറിന്റെ സ്വാഭാവിക മരണം പണം അവകാശപ്പെടുന്നതിൽ തടസ്സങ്ങൾ സൃഷ്ടിക്കുമെന്ന് ഭയന്ന് സംഘം അദ്ദേഹത്തെ കൊലപ്പെടുത്തി, സംഭവം റോഡപകടമായി ചിത്രീകരിച്ചു.

Similar Posts