< Back
Crime
security staff shoots bank manager dead
Crime

അവധിയെടുത്തതിന് ശമ്പളത്തില്‍ നിന്ന് പണം പിടിച്ചു; ബാങ്ക് മാനേജരെ വെടിവെച്ച് കൊന്ന് സുരക്ഷാ ജീവനക്കാരന്‍

ശരത് ലാൽ തയ്യിൽ
|
17 March 2026 11:15 AM IST

ജീവനക്കാരും ഉപഭോക്താക്കളും ബാങ്കിലുള്ളപ്പോഴായിരുന്നു കൊലപാതകം

ഗാസിയാബാദ്: അവധിയെടുത്തതിന് ശമ്പളത്തില്‍ നിന്ന് പണം പിടിച്ചതില്‍ ക്ഷുഭിതനായ സുരക്ഷാ ജീവനക്കാരന്‍ ബാങ്ക് മാനേജരെ വെടിവെച്ച് കൊലപ്പെടുത്തി. യുപിയിലെ ലോണിയിലാണ് സംഭവം. പഞ്ചാബ് ആന്‍ഡ് സിന്ധ് ബാങ്ക് മാനേജര്‍ അഭിഷേക് കുമാര്‍ (36) ആണ് കൊല്ലപ്പെട്ടത്. സുരക്ഷാ ജീവനക്കാരനായ രവീന്ദ്ര ഹൂഡയാണ് വെടിവെച്ചത്. തിങ്കളാഴ്ച ഉച്ചക്ക് ജീവനക്കാര്‍ നോക്കിനില്‍ക്കെയായിരുന്നു സംഭവം.

2018ല്‍ സൈന്യത്തില്‍ നിന്ന് വിരമിച്ചയാളാണ് രവീന്ദ്ര ഹൂഡ. ശേഷം ബാങ്കില്‍ സുരക്ഷാ ജീവനക്കാരനായി ജോലി ചെയ്യുകയായിരുന്നു. ഇയാള്‍ മുന്‍കൂട്ടി അറിയിക്കാതെ അവധി എടുക്കുന്നത് മാനേജര്‍ പലപ്പോഴും ചോദ്യംചെയ്തിരുന്നു. 12,000 രൂപയാണ് തനിക്ക് ശമ്പളമായി ലഭിക്കുന്നതെന്നും അവധിയെടുത്താല്‍ ഇതില്‍ നിന്ന് 2000 മുതല്‍ 4000 രൂപ വരെ മാനേജര്‍ കുറവ് വരുത്താറുണ്ടെന്നും രവീന്ദ്ര ഹൂഡ പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി.

വാക്കേറ്റത്തിന് അല്‍പസമയത്തിന് ശേഷം രവീന്ദ്ര ഹൂഡ തന്റെ തോക്കുമായി മാനേജരുടെ കാബിനിലേക്ക് കയറിച്ചെല്ലുകയും വെടിയുതിര്‍ക്കുകയുമായിരുന്നു. ജീവനക്കാരും ഉപഭോക്താക്കളും ബാങ്കിലുള്ളപ്പോഴായിരുന്നു അക്രമം. എന്നാല്‍, ആര്‍ക്കും ഇയാളെ തടയാന്‍ സാധിച്ചില്ല. പിന്നീട് നടത്തിയ തെരച്ചിലില്‍ ലോണിയിലെ ഒരു മദ്യക്കടയുടെ മുന്നില്‍ നിന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുകയാണെന്ന് പൊലീസ് പറഞ്ഞു.

Similar Posts