< Back
Crime
പാലക്കാട് ശ്രീനിവാസൻ വധം: നാല് പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും
Crime

പാലക്കാട് ശ്രീനിവാസൻ വധം: നാല് പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും

Web Desk
|
22 April 2022 6:39 AM IST

സുബൈർ വധക്കേസിൽ ഗൂഢാലോചന നടത്തിയവരെ അറസ്റ്റ് ചെയ്യണമെന്ന് പോപ്പുലർ ഫ്രണ്ട്

പാലക്കാട്: മേലാമുറിയിൽ ആർ.എസ്.എസ് പ്രവർത്തകൻ ശ്രീനിവാസന്റെ കൊലപാതകത്തിൽ നാല് പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവരെ ഉടൻ പിടികൂടുമെന്നാണ് സൂചന. അതേസമയം, സുബൈർ വധക്കേസിൽ ഗൂഢാലോചന നടത്തിയവരെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി പോപ്പുലർ ഫ്രണ്ട് രംഗത്തെത്തിയിട്ടുണ്ട്.

ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിലെ നാലു പ്രതികളെയാണ് ഇന്ന് കോടതിയിൽ ഹാജരാക്കുന്നത്. പ്രതികളെ സഹായിച്ച റിസ്‌വാൻ, സഹദ്, ഗൂഢാലോചനയിൽ പങ്കെടുത്ത റിയാസുദ്ദീൻ, മുഹമ്മദ് ബിലാൽ എന്നിവരെയാണ് കോടതിയിൽ ഹാജരാക്കുക. ശംഖുവാരത്തോട് സ്വദേശികളായ മുഹമ്മദ് ബിലാൽ, റിയാസുദ്ദീൻ, മുഹമ്മദ് റിസ്വാൻ, പുതുപ്പരിയാരം സ്വദേശി സഹദ് എന്നിവരെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു.

ഏപ്രിൽ 16ന് ശനിയാഴ്ച ഉച്ചയ്ക്കാണ് ആർ.എസ്.എസ് മുൻ ശാരീരിക് ശിക്ഷക് പ്രമുഖായിരുന്ന ശ്രീനിവാസനെ ഒരുസംഘം കടയിൽ കയറി വെട്ടിക്കൊന്നത്. വിഷുദിനത്തിൽ കൊല്ലപ്പെട്ട പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈറിന്റെ കൊലപാതകത്തിന് പ്രതികാരമായാണ് ശ്രീനിവാസനെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് പറയുന്നത്. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവരെ ഉടൻ പിടികൂടുമെന്നാണ് പൊലീസ് നൽകുന്ന സൂചന.

Summary: Four accused will be produced in court today in Palakkad Sreenivasan murder case

Similar Posts