< Back
Education
ഹിജാബ് നിരോധനം: ടി.സി ആവശ്യപ്പെട്ട് അഞ്ച് വിദ്യാർത്ഥിനികൾ കോളേജിനെ സമീപിച്ചു
Education

ഹിജാബ് നിരോധനം: ടി.സി ആവശ്യപ്പെട്ട് അഞ്ച് വിദ്യാർത്ഥിനികൾ കോളേജിനെ സമീപിച്ചു

Web Desk
|
20 Jun 2022 12:58 PM IST

ഹിജാബ് നിരോധനത്തെ തുടർന്ന് കോളേജ് മാറാൻ ആഗ്രഹിക്കുന്ന മുസ്ലിം വിദ്യാർത്ഥിനികള്‍ക്ക് പ്രത്യേക സൗകര്യമൊരുക്കുമെന്ന് വൈസ് ചാൻസ്‌ലർ അറിയിച്ചിരുന്നു

മംഗളുരു: മതാചാര പ്രകാരമുള്ള ശിരോവസ്ത്രം ധരിച്ച് ക്ലാസിൽ ഹാജരാകാൻ അനുവദിക്കാത്തതിനെ തുടർന്ന് കർണാടകയിലെ മംഗളുരു യൂണിവേഴ്‌സിറ്റി കോളേജിലെ (ഹമ്പൻകട്ട) അഞ്ച് വിദ്യാർത്ഥിനികൾ കോളേജ് മാറാനുള്ള ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് (ടി.സി) ആവശ്യപ്പെട്ട് അധികൃതരെ സമീപിച്ചു.

മറ്റ് കോളേജുകളിൽ അഡ്മിഷനെടുക്കുന്നതിനു വേണ്ടി അഞ്ച് വിദ്യാർത്ഥിനികൾ ടി.സിക്ക് അപേക്ഷ നൽകിയതായി കോളേജ് പ്രിൻസിപ്പൽ അനുസുയ റായ് ആണ് അറിയിച്ചത്. അപേക്ഷയിലെ തെറ്റുകൾ തിരുത്തി സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും പുതിയ അപേക്ഷകൾ ലഭിച്ച ശേഷം മാനേജ്‌മെന്റ് നടപടിയെടുക്കുമെന്നും പ്രിൻസിപ്പൽ പറഞ്ഞു.

പ്രീയൂണിവേഴ്‌സിറ്റി പരീക്ഷാഫലം പുറത്തുവന്നതിനെ തുടർന്ന് ഈയാഴ്ച മുതൽക്കാണ് കർണാടകയിലെ കോളേജുകളിൽ ഡിഗ്രി പ്രവേശനം തുടങ്ങുന്നത്. ഈ പശ്ചാത്തലത്തിലാണ് വിദ്യാർത്ഥിനികൾ കോളേജ് മാറാൻ അപേക്ഷ നൽകിയത് എന്നാണ് സൂചന. ഹിജാബ് വിലക്കിന്റെ പശ്ചാത്തലത്തിൽ മുസ്ലിം വിദ്യാർത്ഥിനികൾക്ക് കോളേജ് മാറുന്നതിന് പ്രത്യേക സൗകര്യമൊരുക്കുമെന്ന് മംഗളുരു യൂണിവേഴ്‌സിറ്റി വൈസ് ചാൻസ്‌ലർ പി.എസ് യദപഠിത്തയ നേരത്തെ അറിയിച്ചിരുന്നു.

മുസ്ലിം വിദ്യാർത്ഥിനികൾ ഹിജാബ് ധരിച്ച് ക്ലാസുകൾ അറ്റൻഡ് ചെയ്യുന്നതിനെതിരെ മെയ് മാസത്തിൽ ഹമ്പൻകട്ട കോളേജിൽ വൻപ്രതിഷേധം നടന്നിരുന്നു. ക്ലാസ്‌റൂമുകളിൽ ഹിജാബ് അനുവദിക്കരുതെന്നാവശ്യപ്പെട്ട് മെയ് 26-ന് നടന്ന പ്രക്ഷോഭത്തിൽ നൂറിലേറെ വിദ്യാർത്ഥികൾ പങ്കെടുത്തു.

ഹിജാബ് നിരോധിച്ചു കൊണ്ടുള്ള ഉഡുപ്പിയിലെ പ്രീയൂണിവേഴ്‌സിറ്റി കോളേജ് തീരുമാനത്തിനെതിെര ആറ് വിദ്യാർത്ഥികൾ കഴിഞ്ഞ വർഷം ആരംഭിച്ച പ്രതിഷേധം ദേശീയതലത്തിൽ ശ്രദ്ധ നേടിയിരുന്നു. ക്ലാസ് റൂമിൽ ഹിജാബ് ധരിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് വിദ്യാർത്ഥിനികൾ ഹൈക്കോടതിയെ സമീപിച്ചെങ്കിലും അനുകൂല വിധി ലഭിച്ചില്ല. ഹിജാബ് ധരിക്കൽ ഇസ്ലാം മതത്തിലെ അടിസ്ഥാന കാര്യമല്ലെന്ന നിരീക്ഷണത്തോടെയാണ് ചീഫ് ജസ്റ്റിസ് ഋതുരാജ് അശ്വതിയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് വിദ്യാർത്ഥിനികളുടെ ഹരജി തള്ളിയത്.

സ്‌കൂളുകളിലും പ്രീയൂണിവേഴ്‌സിറ്റി കോളേജുകളിലും വിദ്യാർത്ഥിനികൾക്ക് ഹിജാബ് അനുവദിക്കരുതെന്നാവശ്യപ്പെട്ട് കർണാടകയിലെ ബി.ജെ.പി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.

Similar Posts