
അപകടത്തിൽ രണ്ട് കാലുകളും ഒരു കൈയ്യും നഷ്ടമായി; തളരാതെ പോരാടിയ സൂരജ് തിവാരി സിവിൽ സർവീസിലേക്ക്
|സൂരജ് തിവാരി ഇപ്പോൾ ഇന്ത്യൻ ഇൻഫർമേഷൻ സർവീസിൽ ഉദ്യോഗസ്ഥനാണ്
ന്യുഡൽഹി: ചെറിയ പ്രതിസന്ധികളിൽ നിരാശരായി ഇരിക്കുന്ന ഏതൊരാളേയും പ്രചോദിപ്പിക്കുന്നതാണ് ഉത്തർപ്രദേശ് സ്വദേശിയായ സൂരജ് തിവാരിയുടെ ജീവിതം. 2017 ൽ ഉണ്ടായ ട്രെയിൻ അപകടത്തിൽ സൂരജ് തിവാരിയുടെ രണ്ട് കാലുകളും നഷ്ടപ്പെട്ടു. ഒരു കൈ മുട്ടിന് താഴെ നഷ്ടപ്പെട്ടു. രണ്ടാമത്തെ കൈയ്യുടെ രണ്ട് വിരലുകളും നഷ്ടപ്പെട്ടു. നഷ്ടപ്പെട്ടത് ഓർത്ത് ശിഷ്ടകാലം നിരാശനായി ഇരിക്കാൻ ഒരുക്കമല്ലാതിരുന്ന സൂരജ് ആദ്യ ശ്രമത്തിൽ തന്നെ യുപിഎസ്‌സി എന്ന കടമ്പമറികടന്നു.
നോയിഡയിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുമ്പോഴാണ് ജീവിതത്തിൽ വഴിത്തിരിവായ അപകടം സംഭവിക്കുവന്നത്. വീട്ടിലേക്ക് വരുന്നതിനിടെയാണ് അപകടം സംഭവിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയവേ എയിംസിൽ വെച്ചാണ് യുപിഎസ്‌സി പരീക്ഷക്ക് തയ്യാറെടുക്കുക എന്ന 'ഗോൾ' സൂരജ് തിവാരി സെറ്റ് ചെയ്യുന്നത്. സൂരജിന്റെ ചികിത്സ പുരോഗമിക്കുന്നതിനിടെ അദ്ദേഹത്തിന്റെ സഹോദരൻ ആത്മഹത്യ ചെയ്യുകയും ചെയ്തു. തകർന്നു പോകേണ്ട കുടുംബത്തെ പിടിച്ച് നിർത്തിയതിൽ കഠിനാധ്വാനിയായ പിതാവ് രാജേഷ് തിവാരിയും അമ്മ ആശാദേവിയും വഹിച്ച പങ്കിനെ കുറിച്ചും സൂരജ് പറയുന്നുണ്ട്.
'ഈ അപകടത്തോടെ എന്റെ ജീവിതം അവസാനിക്കുന്നില്ലെന്ന് അന്നെനിക്ക് തോന്നി. അതോടെയാണ് ഞാൻ തുടർന്ന് പഠിക്കാനും തീരുമാനിച്ചു. ജെഎൻയുവിൽ ചേരാൻ തീരുമാനിച്ചത്' അദ്ദേഹം ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നു. ജെഎൻയുവിൽ നിന്ന് റഷ്യൻ ഭാഷയിൽ എംഎ ബിരുദവും സൂരജ് നേടിയിട്ടുണ്ട്. ചുറ്റുമുള്ള പരിമിതികളിൽ തളരാതെ വീട്ടിലിരുന്ന് തയ്യാറെടുപ്പ് നടത്തിയാണ് യുപിഎസ്‌സി പരീക്ഷ ആദ്യ ശ്രമത്തിൽ തന്നെ മറികടന്നത്. യുപിഎസ്‌സി പരീക്ഷയിൽ 917-ാം റാങ്ക് നേടിയ സൂരജ് തിവാരി ഇപ്പോൾ ഇന്ത്യൻ ഇൻഫർമേഷൻ സർവീസിൽ ഉദ്യോഗസ്ഥനാണ്.