< Back
Entertainment
ഒരു കോടി രൂപയ്ക്ക് 16 ടൺ തക്കാളി ഇറക്കുമതി ചെയ്ത് ചിത്രീകരിച്ച സിനിമ; വെളിപ്പെടുത്തലുമായി നിർമ്മാതാവ്
Entertainment

'ഒരു കോടി രൂപയ്ക്ക് 16 ടൺ തക്കാളി ഇറക്കുമതി ചെയ്ത് ചിത്രീകരിച്ച സിനിമ'; വെളിപ്പെടുത്തലുമായി നിർമ്മാതാവ്

Web Desk
|
17 July 2023 7:33 PM IST

16 ടൺ തക്കാളിയാണ് ഒരു ഗാനരംഗത്തിനു വേണ്ടി മാത്രം പോർച്ചുഗലിൽ നിന്ന് സ്പെയിനിലേക്ക് എത്തിയത്.

മുബെെ: തക്കാളിക്ക് ഇപ്പോൾ ഇന്ത്യയിൽ വൻ ഡിമാന്റാണ്. തക്കാളിക്കൃഷി കൊണ്ട് കർഷകർ കോടീശ്വരന്മാരാകുന്ന വാർത്തകൾ വരെ കേട്ടു. ഈ സമയത്ത് തക്കാളിയുമായി ബന്ധപ്പെട്ട ഒരു കൗതുകകരമായ കാര്യമാണ് ബോളിവുഡിൽ നിന്നും എത്തുന്നത്. സിന്ദഗി നാ മിലേഗി ദൊബാര എന്ന ചിത്രത്തിലെ ​ഗാനത്തിന് വേണ്ടി 16 ടൺ തക്കാളിയാണ് ഇറക്കിയത്. ചിത്രത്തിന്റെ നിർമാതാവ് റിതേഷ് സിദ്വാനിയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

ഋത്വിക് റോഷൻ, കത്രീന കൈഫ്, കൽക്കി കൊച്ച്ലിൻ, അഭയ് ഡിയോൾ, ഫർഹാൻ അക്തർ തുടങ്ങിയ താരങ്ങൾ പ്രധാന വേഷത്തിൽ അഭിനയിച്ച സൂപ്പർഹിറ്റ് ചിത്രമാണ് സിന്ദഗി നാ മിലേഗി ദൊബാര. സോയ അക്തറാണ് സംവിധാനം. ജൂലൈ 15 നാണ് സിനിമ റിലീസ് ചെയ്ത് 12 വർഷങ്ങൾ പൂർത്തിയാക്കിയത്.

സ്‌പെയിനിലെ 100 ലധികം ലൊക്കേഷനുകളിലായാണ് ഈ സിനിമ ചിത്രീകരിച്ചത്. സ്‌പെയിനിന്റെ കിഴക്കൻ ഭാഗത്തുള്ള വലൻസിയ പട്ടണമായ ബുനോളിൽ പ്രസിദ്ധമായ ടൊമാറ്റിനാ ഫെസ്റ്റിവൽ ചിത്രീകരിച്ച ഒരു ഗാനവും സിനിമയിലുണ്ടായിരുന്നു. ഈ ഗാനരംഗങ്ങൾ ഷൂട്ട് ചെയ്യുമ്പോഴുണ്ടായ ചില വിശേഷങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത്.

സ്പെയിനിലെ 107 ഓളം ലൊക്കേഷനുകളിലാണ് സോയ അക്തർ സിനിമ ചിത്രീകരിച്ചത്. ടൊമാറ്റിനോ ഫെസ്റ്റിവൽ പുനരാവിഷ്കരിക്കാനായി ടൺ കണക്കിന് തക്കാളിയും നിർമാതാക്കൾ വാങ്ങി. സ്പെയിനിലെ തക്കാളികൾ ആ സമയത്ത് പാകമല്ലാതിരുന്നതിനാൽ പോർച്ചുഗലിൽ നിന്ന് തക്കാളി ഇറക്കുമതി ചെയ്യുകയായിരുന്നു. 16 ടൺ തക്കാളിയാണ് ഒരു ഗാനരംഗത്തിനു വേണ്ടി മാത്രം പോർച്ചുഗലിൽ നിന്ന് സ്പെയിനിലേക്ക് എത്തിയത്. തക്കാളി ഇറക്കുമതി ചെയ്യാൻ വേണ്ടി മാത്രം നിർമാതാക്കൾ ഒരു കോടി രൂപയും മുടക്കി.

ഇന്ത്യയിലെ പ്രസിദ്ധമായ ഹോളി ആഘോഷം പോലെ തന്നെയാണ് സ്‌പെയിനിൽ ഉള്ളവർക്ക് ടൊമാറ്റിന ഫെസ്റ്റിവൽ എന്നാണ് സംവിധായിക സോയ അക്തർ പറഞ്ഞത്. ഫെസ്റ്റിവൽ ദിവസം സ്‌പെയിനിലെ ആളുകൾ എല്ലാവരും തക്കാളിയിൽ കളിക്കുകയും ആ ദിവസം നാട് മുഴുവനും ചുവക്കുമെന്നും അവർ പറഞ്ഞു.

ഈ രംഗം പുനരാവിഷ്കരിക്കുക കാഴ്ച്ചയിൽ മനോഹരമാണെങ്കിലും നിർമാതാക്കൾക്ക് അങ്ങനെ ആയിരുന്നില്ല എന്നും സോയ പറയുന്നു. മാത്രമല്ല, സ്പെയിനിൽ ആഘോഷം നടക്കുന്ന യഥാർത്ഥ സ്ഥലത്ത് തന്നെയാണ് സിനിമയിലെ രംഗങ്ങളും ചിത്രീകരിച്ചത്. ഇതിനായി നഗരം മുഴുവനും അടച്ചിടേണ്ടിയും വന്നു അവർ പറഞ്ഞു.

Similar Posts