
മഹാപ്രളയം തിയേറ്ററുകളിലേക്ക്; റിലീസ് തിയ്യതി പ്രഖ്യാപിച്ചു
|ജൂഡ് ആന്‍റണി സംവിധാനം ചെയ്ത ചിത്രം ഏപ്രിൽ 21നെത്തും.
2018ൽ കേരളത്തെ ഉലച്ച മഹാപ്രളയം തിയറ്ററുകളിലെത്താൻ ഇനി ഒരു മാസം മാത്രം കാത്തിരുന്നാൽ മതി. ജൂഡ് ആന്‍റണി സംവിധാനം ചെയ്ത ചിത്രം ഏപ്രിൽ 21നെത്തും.
2018ലെ പ്രളയം മലയാളികളെ സംബന്ധിച്ച് മറക്കാൻ കഴിയാത്ത അതിജീവനത്തിന്‍റേതാണ്. ആ നാളുകള്‍ ബിഗ് സ്ക്രീനിലേക്ക് എത്തുകയാണ് ഏപ്രിൽ 21ന്. ജൂഡ് ആന്‍റണി ജോസഫ് സംവിധാനം ചെയ്ത 2018 എവരിവൺ ഈസ് എ ഹീറോ ചിത്രീകരണ സമയത്ത് തന്നെ ഏറെ ചർച്ചയായിരുന്നു. റിയലിസ്റ്റിക് പാറ്റേണിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, ഇന്ദ്രൻസ്, വിനീത് ശ്രീനിവാസൻ, കലൈയരസൻ, ലാൽ, നരേൻ, സുധീഷ്, രഞ്ജി പണിക്കർ, അപർണ ബാലമുരളി, ശിവദ തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തിലുണ്ട്. വേണു കുന്നപ്പള്ളി, സി.കെ പത്മകുമാർ, ആന്‍റോ ജോസഫ് എന്നിവർ ചേർന്നാണ് ചിത്രം നിര്‍മിച്ചത്. അഖിൽ ജോർജാണ് ഛായാഗ്രഹണം.
ചിത്രസംയോജനം- ചമൻ ചാക്കോ, സംഗീതം- നോബിൻ പോൾ, സൗണ്ട് ഡിസൈനിങ്- വിഷ്ണു ഗോവിന്ദ്, വസ്ത്രാലങ്കാരം- സമീറ സനീഷ്, പ്രൊഡക്ഷൻ കൺട്രോളർ- ശ്രീകുമാർ ചെന്നിത്തല എന്നിവരാണ് ചിത്രത്തിന്റെ മറ്റ് അണിയറ പ്രവർത്തകർ.