< Back
Entertainment
ആമി ക്രിസ്തുമസിന് തിയറ്ററുകളിലേക്ക്ആമി ക്രിസ്തുമസിന് തിയറ്ററുകളിലേക്ക്
Entertainment

ആമി ക്രിസ്തുമസിന് തിയറ്ററുകളിലേക്ക്

Sithara
|
21 April 2018 8:39 PM IST

കമലാ സുരയ്യയുടെ ജീവിതം പറയുന്ന ആമി ക്രിസ്തുമസ് റിലീസായി തിയറ്ററുകളിലെത്തും.

കമലാ സുരയ്യയുടെ ജീവിതം പറയുന്ന ആമി ക്രിസ്തുമസ് റിലീസായി തിയറ്ററുകളിലെത്തും. ആമി എന്ന് പേരിട്ട സിനിമ കമലാണ് സംവിധാനം ചെയ്യുന്നത്. മഞ്ജു വാര്യര്‍ ആണ് നായിക.

മലയാളം ഏറെ ആകാംക്ഷയുടെ കാത്തിരിക്കുന്ന ജീവചരിത്ര സിനിമയാണ് മാധവിക്കുട്ടി എന്ന കമലാ സുരയ്യയെ കുറിച്ചുള്ള ആമി. കമലാ സുരയ്യയുടെ ബാല്യവും കൌമാരവും യൌവനവും വാര്‍ധക്യവും ചിത്രം ദൃശ്യവത്ക്കരിക്കുന്നു. സെല്ലുലോയ്ഡിന് ശേഷം കമല്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ജീവചരിത്ര സിനിമയാണ് ആമി. മഞ്ജു വാര്യര്‍ ചിത്രത്തില്‍ ആമിയായി എത്തുന്നു. മുരളി ഗോപിയും അനൂപ് മേനോനുമാണ് മറ്റ് പ്രധാനവേഷങ്ങളില്‍. പൃഥ്വിരാജ് അതിഥി താരമായും എത്തുന്നു.

മൂന്ന് വര്‍ഷത്തെ ഗവേഷണങ്ങള്‍ക്ക് ശേഷമാണ് കമല്‍ ആമി ഒരുക്കിയത്. ക്രിസ്തുമസ് റിലീസായി ഡിസംബര്‍ അവസാനത്തോടെ ചിത്രം തീയറ്ററുകളിലേക്ക് എത്തിക്കാനാണ് പദ്ധതി. മാര്‍ച്ച് 24നായിരുന്നു കമലാ സുരയ്യയുടെ ജന്മദേശമായ പുന്നയൂര്‍ക്കുളത്ത് ആമിയുടെ ചിത്രീകരണം തുടങ്ങിയത്. ഒറ്റപ്പാലം, മുംബൈ, കല്‍ക്കത്ത, എറണാകുളം എന്നിവിടങ്ങളിലായിട്ടായിരുന്നു ചിത്രീകരണം. അടുത്ത മാസത്തോടെ സിനിമയുടെ അവസാന ഷെഡ്യൂള്‍ ചിത്രീകരണവും പൂര്‍ത്തിയാകും.

എം ജയചന്ദ്രനാണ് സംഗീത സംവിധായകന്‍. റഫീഖ് അഹമ്മദിന്റേതാണ് വരികള്‍. ചിത്രത്തിലെ രണ്ട് ഹിന്ദി ഗാനങ്ങള്‍ ഗുല്‍സാര്‍ - തൌഫീഖ് ഖുറേഷി ടീം ഒരുക്കിയിരിക്കുന്നു.

Similar Posts