< Back
Entertainment
മമ്മൂട്ടി ആ സത്യന്‍ അന്തിക്കാട് ചിത്രം ഉപേക്ഷിക്കാന്‍ കാരണം ദുല്‍ഖറായിരുന്നുമമ്മൂട്ടി ആ സത്യന്‍ അന്തിക്കാട് ചിത്രം ഉപേക്ഷിക്കാന്‍ കാരണം ദുല്‍ഖറായിരുന്നു
Entertainment

മമ്മൂട്ടി ആ സത്യന്‍ അന്തിക്കാട് ചിത്രം ഉപേക്ഷിക്കാന്‍ കാരണം ദുല്‍ഖറായിരുന്നു

Jaisy
|
18 May 2018 3:49 AM IST

രസകരമായ ആ കഥ ഫേസ്ബുക്കിലൂടെയാണ് സത്യന്‍ പങ്കുവച്ചത്

കുടുംബ പ്രേക്ഷകരുടെ ഇഷ്ട സംവിധായകന്റെ നിരവധി ചിത്രങ്ങളില്‍ മെഗാതാരം മമ്മൂട്ടി നായകനായിട്ടുണ്ട്, അവയെല്ലൊം ഹിറ്റുകളുമായിരുന്നു. പിന്നീട് ലണ്ടനില്‍ വച്ച് മമ്മൂട്ടിയെ നായകനാക്കി ഒരു ചിത്രമെടുക്കാന്‍ സത്യന്‍ തീരുമാനിക്കുകയും ചെയ്തു. ഇന്നത്തെപ്പോലെ അന്നും സൂപ്പര്‍ താരം തന്നെയായിരുന്നു മമ്മൂട്ടി. എന്നാല്‍ വിസയും ടിക്കറ്റുമൊക്കെ ഏർപ്പാട് ചെയ്യാൻ സമയമായപ്പോൾ മമ്മൂട്ടി ചിത്രത്തില്‍ നിന്നൊഴിവായി, അതിന് കാരണം മകന്‍ ദുല്‍ഖര്‍ സല്‍മാനായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പത്തെ ആ കഥ ഓര്‍ത്തെടുക്കുകയാണ് സത്യന്‍ അന്തിക്കാട്. രസകരമായ ആ കഥ ഫേസ്ബുക്കിലൂടെയാണ് സത്യന്‍ പങ്കുവച്ചത്. സത്യന്‍ അന്തിക്കാടിന്റെ പുതിയ ചിത്രമായ ജോമോന്റെ സുവിശേഷങ്ങളില്‍ ദുല്‍ഖറും അനുപമ പരമേശ്വരനുമാണ് നായികാനായകന്‍മാര്‍.

ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം

പണ്ട്, ലണ്ടനിൽ വെച്ചൊരു സിനിമയെടുക്കാൻ ഞാൻ തീരുമാനിച്ചു. മമ്മൂട്ടിയായിരുന്നു നായകൻ. അന്നും ഇന്നത്തെ പോലെ സൂപ്പർ സ്റ്റാറാണ് മമ്മൂട്ടി. വിസയും ടിക്കറ്റുമൊക്കെ ഏർപ്പാട് ചെയ്യാൻ സമയമായപ്പോൾ അദ്ദേഹം പറഞ്ഞു -

"ക്ഷമിക്കണം. ഈ സമയത്ത് വിദേശത്തേക്ക് വരുവാൻ ചെറിയൊരു ബുദ്ധിമുട്ടുണ്ട്. എന്നെയൊന്ന് ഒഴിവാക്കി തരണം."

കാരണം വളരെ ന്യായമായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ രണ്ടാമതൊരു കുഞ്ഞിന് ജൻമം നല്കാൻ പോകുന്നു. സിനിമയുടെ ഷെഡ്യുൾ കൃത്യം ആ സമയത്താണ്.

"പ്രസവ സമയത്ത് ഞാൻ അടുത്തുണ്ടാവണം. അത് എന്റേയും ഭാര്യയുടെയും ആഗ്രഹമാണ്."

ഞാൻ സമ്മതിച്ചു.

അന്ന് ജനിച്ച കുഞ്ഞിന് മമ്മൂട്ടി 'ദുൽഖർ സൽമാൻ' എന്ന് പേരിട്ടു.

അതിശയം തോന്നുന്നു. ആ കുഞ്ഞാണ് എന്റെ പുതിയ സിനിമയിലെ നായകൻ. അനായാസമായ അഭിനയത്തിലൂടെ ദുൽഖർ എന്നെ അത്ഭുതപ്പെടുത്തുന്നു. അത് കാണാൻ പ്രേക്ഷകർ ക്രിസ്മസ് വരെ കാത്തിരിക്കണം.

'ജോമോന്റെ സുവിശേഷങ്ങൾ' ചിത്രീകരണം തുടരുകയാണ്.

Related Tags :
Similar Posts