< Back
Entertainment
ദിലീപ് വീണ്ടും സിനിമയില്‍ സജീവമാകുന്നുദിലീപ് വീണ്ടും സിനിമയില്‍ സജീവമാകുന്നു
Entertainment

ദിലീപ് വീണ്ടും സിനിമയില്‍ സജീവമാകുന്നു

Sithara
|
22 May 2018 9:32 PM IST

ഈ മാസം 20നാകും ദിലീപ് സിനിമയുടെ ചിത്രീകരണസംഘത്തിനൊപ്പം ചേരുക

നടിയെ ആക്രമിച്ച കേസില്‍ ജാമ്യത്തിലിറങ്ങിയ ദിലീപ് വീണ്ടും സിനിമയില്‍ സജീവമാകുന്നു. ആദ്യം മുടങ്ങിക്കിടക്കുന്ന സിനിമകളുടെ ചിത്രീകരണം പൂര്‍ത്തിയാക്കാനാണ് തീരുമാനം. ഈ മാസം തന്നെ ദിലീപ് പുതിയ ചിത്രം കമാരസംഭവത്തിന്റെ ചിത്രീകരണസംഘത്തിന്റെ ഭാഗമാകും.

നടിയെ ആക്രമിച്ച കേസില്‍ മൂന്ന് മാസത്തോളം ജയിലിലായിരുന്ന ദിലീപ് ഈ മാസം മൂന്നിനാണ് ജാമ്യം നേടി പുറത്തിറങ്ങിയത്. എന്നാല്‍ പുറത്തിറങ്ങി ദിവസങ്ങള്‍ കഴിഞ്ഞിട്ടും മുടങ്ങിക്കിടക്കുന്ന ചിത്രങ്ങളെക്കുറിച്ച് വിവരങ്ങളൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ അറസ്റ്റിനെ തുടര്‍ന്ന് ചിത്രീകരണം പാതിവഴിയിലായ കമാരസംഭവത്തിന്റെ സെറ്റില്‍ ദിലീപ് ഉടനെത്തുമെന്ന് ഉറപ്പായി. സിനിമ പൂര്‍ത്തിയാക്കാന്‍ അണിയറ പ്രവര്‍ത്തകരും തയ്യാറായിക്കഴിഞ്ഞു. ഇതിന്റെ ഭാഗമായി മലപ്പുറത്തെ വേങ്ങരയില്‍ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. ഈ മാസം 20നാകും ദിലീപ് സിനിമയുടെ ചിത്രീകരണസംഘത്തിനൊപ്പം ചേരുക. അടുത്ത വെള്ളിയാഴ്ച മലയാറ്റൂരില്‍ വെച്ചാകും ദിലീപ് ഉള്‍പ്പെടുന്ന രംഗങ്ങളുടെ ചിത്രീകരണം തുടങ്ങുക.

രതീഷ് അമ്പാട്ടാണ് സംവിധായകന്‍. 20 കോടി ബജറ്റില്‍ ഒരുങ്ങുന്ന സിനിമയുടെ നിര്‍മാണം ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ്. സിദ്ധാര്‍ഥും ബോബി സിംഹയും ദിലീപിനൊപ്പം പ്രധാന വേഷത്തിലെത്തുന്നു. നമിത പ്രമോദാണ് നായിക. മുരളി ഗോപി, ശ്വേത മേനോന്‍, മണിക്കുട്ടന്‍, വിജയരാഘവന്‍, ഇന്ദ്രന്‍സ്, സിദ്ദീഖ്, വിനയ് ഫോര്‍ട്ട് തുടങ്ങിയവരാണ് മറ്റു വേഷങ്ങളില്‍.

വൈകാതെ പ്രൊഫസര്‍ ഡിങ്കന്‍റെ ചിത്രീകരണവും ആരംഭിക്കുമെന്നാണ് സൂചന. ഈ ചിത്രങ്ങള്‍ക്ക് പുറമെ പിക്പോക്കറ്റ്, വാളയാര്‍ പരമശിവം, ദ ലെജന്‍ഡ്, സിഐഡി മൂസ 2 എന്നീ ചിത്രങ്ങളിലും ദിലീപ് കരാറായിട്ടുണ്ട്.

Related Tags :
Similar Posts