< Back
Entertainment
ഒടുവില്‍ ലാലേട്ടനും പറഞ്ഞു, ജീത്തു ജോസഫ് ചിത്രത്തില്‍ പ്രണവ്  നായകന്‍ഒടുവില്‍ ലാലേട്ടനും പറഞ്ഞു, ജീത്തു ജോസഫ് ചിത്രത്തില്‍ പ്രണവ് നായകന്‍
Entertainment

ഒടുവില്‍ ലാലേട്ടനും പറഞ്ഞു, ജീത്തു ജോസഫ് ചിത്രത്തില്‍ പ്രണവ് നായകന്‍

Jaisy
|
29 May 2018 11:43 PM IST

തന്റെ ഫേസ്ബുക്ക് പേജിലൂടെ മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്

അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് പ്രണവ് മോഹന്‍ലാല്‍ വീണ്ടും വെള്ളിത്തിരയിലേക്ക്. ഇക്കുറി ക്യാമറക്ക് പിന്നിലല്ല, നായകനായിട്ടാണ് അഭിനയത്തില്‍ പ്രണവ് രണ്ടാം വരവ് നടത്തുന്നത്. തന്റെ ഫേസ്ബുക്ക് പേജിലൂടെ മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. അഭിനേതാവ് എന്ന നിലയില്‍ പ്രണവ് തന്റെ കരിയര്‍ തുടങ്ങുകയാണെന്ന് ലാല്‍ കുറിച്ചു. ജീത്തു ജോസഫ് സംവിധാനം ചെയ്ത് ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ പ്രണവ് ആണ് നായകന്‍. ദൃശ്യത്തിന് ശേഷം ആശിര്‍വാദ് സിനിമാസ് നിര്‍മ്മിക്കുന്ന മറ്റൊരു ത്രില്ലര്‍ കൂടിയായിരിക്കും ഇതെന്നും ലാല്‍ പറയുന്നു. നേരത്തെ ജീത്തുവിന്റെ അസിസ്റ്റന്റായി പ്രണവ് പ്രവര്‍ത്തിച്ചിരുന്നു.

ബാലതാരമായി സിനിമയിലെത്തിയ പ്രണവിന്റെ നായക പ്രവേശത്തെക്കുറിച്ച് ഇതിനു മുന്‍പ് നിരവധി വാര്‍ത്തകള്‍ വന്നിരുന്നു. മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖര്‍ സല്‍മാന്‍ കൂടി അഭിനയത്തില്‍ സജീവമായതോടെ പ്രചരണങ്ങള്‍ വര്‍ദ്ധിച്ചു. എന്നാല്‍ പ്രണവ് ഇതിനോട് പ്രതികരിച്ചിരുന്നില്ല. മോഹന്‍ലാലും ഇത് നിഷേധിച്ചിരുന്നു. ഒടുവില്‍ ലാല്‍ തന്നെ ഇക്കാര്യം ആരാധകരെ അറിയിക്കുകയായിരുന്നു.

തമ്പി കണ്ണന്താനം സംവിധാനം ചെയ്ത് 2002ല്‍ പുറത്തിറങ്ങിയ ഒന്നാമനിലൂടെയാണ് പ്രണവിന്റെ അരങ്ങേറ്റം. മോഹന്‍ലാലിന്റെ ബാല്യകാലം അവതരിപ്പിച്ചുകൊണ്ടായിരുന്നു പ്രണവ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. പിന്നീട് പുനര്‍ജനി എന്ന ചിത്രത്തിലും അഭിനയിച്ചു. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള സംസ്ഥാന പുരസ്കാരവും പ്രണവിന് ലഭിച്ചു. 2009ല്‍ മോഹന്‍ലാല്‍ നായകനായ സാഗര്‍ ഏലിയാസ് ജാക്കിയില്‍ അതിഥി വേഷത്തിലും പ്രണവെത്തിയിരുന്നു. ജീത്തു ജോസഫിന്റെ പാപനാശം, ലൈഫ് ഓഫ് ജോസൂട്ടി എന്നീ ചിത്രങ്ങളില്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ചിരുന്നു.

Similar Posts