< Back
Entertainment
ചലച്ചിത്ര,മിമിക്രി താരം അബി അന്തരിച്ചുചലച്ചിത്ര,മിമിക്രി താരം അബി അന്തരിച്ചു
Entertainment

ചലച്ചിത്ര,മിമിക്രി താരം അബി അന്തരിച്ചു

Jaisy
|
30 May 2018 8:08 PM IST

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം

ചലച്ചിത്ര,മിമിക്രി താരം അബി അന്തരിച്ചു. 54 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് രാവിലെയായിരുന്നു അന്ത്യം. രക്തസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഖബറടക്കം ഇന്ന് വൈകുന്നേരം 6.30ന് മൂവാറ്റുവപുഴ പെരുമറ്റം മുസ്ലീം ജമാഅത്ത് പള്ളിയില്‍ നടക്കും. യുവനടന്‍ ഷെയ്ന്‍ നിഗം മകനാണ്. സുനിലയാണ് ഭാര്യ. മക്കള്‍ അഹാന, അലീന.

അനുകരണകലയെ ജനകീയവത്ക്കരിക്കുന്നതില്‍ അതുല്യ സംഭാവന നല്‍കിയ കലാകാരനായിരുന്നു അബി. വെള്ളിത്തിരയില്‍ അര്‍ഹതക്കൊത്ത അംഗീകാരം ലഭിക്കാത്ത അബി മിമിക്രി കാസറ്റുകളിലൂടെയാണ് ജനപ്രിയ കലാകാരനായത്. മിമിക്രി വേദികളിലൂടെയാണ് മൂവാറ്റുപുഴക്കാരന്‍ ഹബിബ് അഹമ്മദെന്ന അബി കലാരംഗത്ത് ചുവടുറപ്പിക്കുന്നത്. സ്വന്തം കുടുംബത്തില്‍ നിന്ന് കണ്ടെടുത്ത ആമിനത്താത്തയെ അവതരിപ്പിച്ചായിരുന്നു മിമിക്രിയിലേക്കുള്ള അബിയുടെ അരങ്ങേറ്റം. അമിതാഭ് ബച്ചന്റെയും മമ്മൂട്ടിയുടെയും ശബ്ദം തന്‍മയത്തത്തോടെ അനുകരിച്ച് ജനഹൃദയത്തിലിടമുറപ്പിച്ചു. മിമിക്രി കാസറ്റുകള്‍ ജനപ്രിയമാക്കുന്നതില്‍ അബിയുടെ ശബ്ദം വലിയ പങ്ക് വഹിച്ചിട്ടുണ്ട്., സിദ്ധീക്ക് ലാല്‍ ടീമിന്റെ മിമിക്സ് പരേഡ് ടീമിന് പിന്നാലെ അബി-ദിലീപ്-നാദിര്‍ഷ- ത്രയത്തിലൂടെയാണ് മലയാളത്തില്‍ മിമിക്രി ജനപ്രിയമാകുന്നത്. ദേ മാവേലി കൊമ്പത്തെന്ന ഹാസ്യ കാസറ്റ് പരമ്പരയുടെ തുടക്കത്തില്‍ ദിലീപിനും നാദിര്‍ഷക്കുമൊപ്പം അബിയുമുണ്ടായിരുന്നു.

തുടക്ക കാലത്ത് അബിയായിരുന്നു മാവേലിയെ അവതരിപ്പിച്ചത്. ബാലചന്ദ്രമേനോന്റെ നയം വ്യക്തമാക്കുന്നുവെന്ന ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം സ്റ്റീഫന്‍ എന്ന മുഴുനീള കഥാപാത്രത്തെ അവതരിപ്പിച്ച് സിനിമാ ലോകത്തേക്ക് കടന്നു. പിന്നീട് അന്‍പതിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചു. പ്രതിഭയുടെ ധാരാളിത്തമുണ്ടായിട്ടും അതിനൊത്ത അവസരങ്ങള്‍ ലഭിക്കാതെ പോയ ഹതഭാഗ്യനായ കലാകാരനായിരുന്നു അബി. തന്നോട് നീതി പുലര്‍ത്താത്ത സിനിമാമേഖലയില്‍ മകന്‍ ഷൈന്‍ നിഗത്തിന് ലഭിക്കുന്ന സ്വീകാര്യതയുടെ സന്തോഷക്കാഴ്ചകള്‍ കണ്ടാണ് അബി കണ്ണടക്കുന്നത്.

Related Tags :
Similar Posts