< Back
Entertainment
അഞ്ജലി മേനോന്‍ മാജിക്; കൂടെയെ ഒപ്പം കൂട്ടി പ്രേക്ഷകര്‍
Entertainment

അഞ്ജലി മേനോന്‍ മാജിക്; കൂടെയെ ഒപ്പം കൂട്ടി പ്രേക്ഷകര്‍

ഷാലു ജോമോന്‍
|
14 July 2018 8:37 PM IST

ഇന്ന് തിയേറ്ററിലെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്. നസ്രിയയുടെ തിരിച്ചു വരവും പാര്‍വതി -പൃഥ്വി ജോഡിയുമെല്ലാം സിനിമയുടെ ഹൈലൈറ്റുകളായി.

അഞ്ജലി മേനോന്റെ കൂടെയെ ഒപ്പം കൂട്ടി പ്രേക്ഷകര്‍. ഇന്ന് തിയേറ്ററിലെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്. നസ്രിയയുടെ തിരിച്ചു വരവും പാര്‍വതി -പൃഥ്വി ജോഡിയുമെല്ലാം സിനിമയുടെ ഹൈലൈറ്റുകളായി.

ബന്ധങ്ങളുടെ കഥയാണ് അഞ്ജലി മേനോന്‍ എന്നും പറഞ്ഞിട്ടുള്ളത്. കൂടെയും അങ്ങനെ തന്നെ. മരണത്തെ നോക്കി ജീവിതത്തെ ഓര്‍ത്തെടുക്കുന്ന സിനിമ. സൈക്കോളജിക്കല്‍- ഇമോഷമല്‍ ഡ്രാമാ വിഭാഗത്തില്‍ പെടുത്താവുന്ന ചിത്രം‌.

പൃഥ്വിരാജിന്റെ ജോഷ്വാ, നസ്രിയയുടെ ജെനി.. സഹോദരങ്ങളായ ഇവരിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നത്. ജോഷ്വായും ജെനിയും ബ്രൌണി എന്ന നായയും ഒരു വാനില്‍ ഊട്ടി മുഴുവന്‍ കറങ്ങുന്ന കാഴ്ചയാണ് ചിത്രത്തിലുടനീളം. ഇതിനിടയില്‍ വന്നു പോകുന്നവരാണ് മറ്റ് കഥാപാത്രങ്ങളെല്ലാം.

ജോഷ്വായുടെ മാനസിക സംഘര്‍ഷങ്ങളെ പൃഥ്വിരാജ് മനോഹരമാക്കിയിട്ടുണ്ട്. നസ്രിയയുടെ എനര്‍ജിയാണ് പതിഞ്ഞതാളത്തില്‍ പോകുന്ന ചിത്രത്തിന്റെ ഊര്‍ജം. ജോഷ്വായുടെ കളിക്കൂട്ടുകാരി സോഫി എന്ന കഥാപാത്രത്തെയാണ് പാര്‍വതി അവതരിപ്പിക്കുന്നത്. ഇരുവര്‍ക്കിടയില്‍ പ്രണയമുണ്ടെങ്കിലും അത് ചെറുതായേ സിനിമയില്‍ വന്നുപോകുന്നുള്ളൂ.

രഞ്ജിത്തും മാലാ പാര്‍വതിയുമാണ് ജോഷ്വായുടെയും ജെനിയുടേയും അച്ഛനമ്മനമാര്‍. റോഷന്‍ മാത്യു, സിദ്ധാര്‍ഥ് മേനോന്‍ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളായെത്തിയത്. ലിറ്റില്‍ സ്വയമ്പിന്റെ ക്യാമറ നല്‍കുന്ന ദൃശ്യഭംഗി ചിത്രത്തെ മനോഹരമാക്കുന്നു. ഒപ്പം എം ജയചന്ദ്രനും രഘു ദീക്ഷിതും ഈണമിട്ട ഗാനങ്ങളും. പ്രവീണ്‍ പ്രഭാകരിന്റെ എഡിറ്റിങും മികവ് പുലര്‍ത്തുന്നു.

ബന്ധങ്ങളുടെ കഥയാണെങ്കിലും ഉസ്താദ് ഹോട്ടലിനെയോ ബംഗ്ലൂര്‍ഡേയ്സിനെ പോലെയോ ചിരിച്ചുല്ലസിക്കാന്‍ പറ്റിയ സന്ദര്‍ഭങ്ങളൊന്നും കൂടെയിലില്ല. പക്ഷേ കൂടെയിലും പ്രേക്ഷകരെ പിടിച്ചിരുത്തുന്ന ഒരു അഞ്ജലി മാജിക്കുണ്ട്. പ്രേക്ഷകര്‍ക്ക് ധൈര്യമായി ടിക്കറ്റെടുക്കാം. എം രഞ്ജിത്താണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

Similar Posts