< Back
Entertainment
കോടികള്‍ പ്രതിഫലം വാങ്ങുന്ന യുവനടന്മാര്‍ എവിടെ? അഞ്ച് പൈസ ദുരിതാശ്വാസ ഫണ്ടിലേക്ക് കൊടുത്തില്ലെന്ന് ഗണേഷ് കുമാര്‍
Entertainment

കോടികള്‍ പ്രതിഫലം വാങ്ങുന്ന യുവനടന്മാര്‍ എവിടെ? അഞ്ച് പൈസ ദുരിതാശ്വാസ ഫണ്ടിലേക്ക് കൊടുത്തില്ലെന്ന് ഗണേഷ് കുമാര്‍

Web Desk
|
27 Aug 2018 6:11 PM IST

ഒരു സിനിമയ്ക്ക് രണ്ടും മൂന്നും കോടി രൂപയൊക്കെ വാങ്ങുന്ന ചിലരെയൊന്നും ഇപ്പോള്‍ കാണാനേയില്ലെന്ന് ഗണേഷ് കുമാര്‍

കോടിക്കണക്കിന് രൂപ പ്രതിഫലം വാങ്ങുന്ന ചില നടന്മാര്‍ പ്രത്യേകിച്ച് യുവനടന്മാര്‍ പ്രളയക്കെടുതിയില്‍പ്പെട്ട കേരളത്തെ സഹായിച്ചില്ലെന്ന് ഗണേഷ് കുമാര്‍ എം.എല്‍.എ. നടന്മാരില്‍ പലരും അഞ്ച് പൈസ പോലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ടിലേക്ക് നല്‍കാന്‍ തയ്യാറായില്ല. ഒരു സിനിമയ്ക്ക് രണ്ടും മൂന്നും കോടി രൂപയൊക്കെ വാങ്ങുന്ന ചിലരെയൊന്നും ഇപ്പോള്‍ കാണാനേയില്ലെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

അഞ്ച് ദിവസത്തേക്ക് 35 ലക്ഷം രൂപ വാങ്ങുന്ന ഹാസ്യതാരങ്ങളുണ്ട്. സുരാജിനെ പോലുള്ള പാവങ്ങള്‍ സഹായിച്ചിട്ടുണ്ട്. അവരൊന്നും കൂടുതല്‍ പ്രതിഫലം വാങ്ങുന്നവരല്ല. ഒരു കടയുടെ ഉദ്ഘാടനത്തിന് 30 ലക്ഷം രൂപ പ്രതിഫലം വാങ്ങുന്ന താരങ്ങളുണ്ട്. ആ പൈസ എങ്കിലും ദുരിതാശ്വാസ ഫണ്ടിലേക്ക് കൊടുക്കേണ്ടെ? അവരൊക്കെ 10 ലക്ഷമൊക്കെയാണ് കൊടുത്തത്. ഫേസ് ബുക്കിന്‍റെ ആകാശത്തിരുന്ന് അഭിപ്രായം പറയുന്നവരും മലയാളികളുടെ സ്നേഹത്തിന്‍റെ പങ്ക് പറ്റുന്നവരുമായ ചിലര്‍ അഞ്ച് പൈസ കൊടുത്തില്ല‍‍. ആ ലിസ്റ്റ് എടുത്ത് കേരളം ദുരന്തം നേരിട്ടപ്പോള്‍ എന്തുചെയ്തെന്ന് അവരോട് ചോദിക്കണമെന്നും ഗണേഷ് കുമാര്‍ ആവശ്യപ്പെട്ടു.

അതേസമയം നല്ല മനസ്സുള്ള നിശബ്ദരായി സഹായിക്കുന്ന ആളുകള്‍ നമ്മുടെ നാട്ടിലുണ്ട്. നന്മ നശിച്ചിട്ടില്ലാത്ത മനുഷ്യരുടെ വലിയ മനസ്സാണ് നാം കഴിഞ്ഞ നാളുകളില്‍ കണ്ടതെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

യുവ നടന്മാർക്കെതിരെ ആഞ്ഞടിച്ചുകൊണ്ട് കെ ബി ഗണേഷ്‌കുമാർ . കുരിയോട്ടുമല ആദിവാസി ഊരുകളിൽ ഓണകിറ്റ് വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം ....

Posted by PCV News Pathanapuram on Sunday, August 26, 2018
Similar Posts