< Back
Entertainment
“അയാളില്‍ നിന്ന് രക്ഷപ്പെടാന്‍ ബലംപ്രയോഗിക്കേണ്ടിവന്നു”; ക്വീന്‍ സംവിധായകനെതിരെ  കങ്കണ
Entertainment

“അയാളില്‍ നിന്ന് രക്ഷപ്പെടാന്‍ ബലംപ്രയോഗിക്കേണ്ടിവന്നു”; ക്വീന്‍ സംവിധായകനെതിരെ കങ്കണ

Web Desk
|
7 Oct 2018 2:17 PM IST

തന്‍റെ അനുഭവത്തിന്‍റെ പശ്ചാത്തലത്തില്‍ വികാസിനെതിരെ യുവതി ഉന്നയിച്ച ആരോപണം പൂര്‍ണമായി വിശ്വസിക്കുന്നുവെന്ന് കങ്കണ

ബോളിവുഡില്‍ നിന്നും മീ ടൂ തുറന്നുപറച്ചിലുകള്‍ തുടരുകയാണ്. നടി കങ്കണ റണാവത്താണ് ലൈംഗികാതിക്രമം സംബന്ധിച്ച പുതിയ വെളിപ്പെടുത്തല്‍ നടത്തിയത്. സംവിധായകന്‍ വികാസ് ബഹലിനെതിരെയാണ് കങ്കണയുടെ വെളിപ്പെടുത്തല്‍.

ബോംബെ വെല്‍വെറ്റ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ വികാസ് പീഡിപ്പിച്ചെന്ന് ഒരു യുവതി പറഞ്ഞതിന് പിന്നാലെയാണ് കങ്കണ ഇതേ സംവിധായകനില്‍ നിന്ന് തനിക്കുണ്ടായ ദുരനുഭവം വെളിപ്പെടുത്തിയത്. 2014ല്‍ ക്വീന്‍ സിനിമയുടെ ചിത്രീകരണത്തിനിടെ തന്നെ കാണുമ്പോഴൊക്കെ കെട്ടിപ്പിടിച്ച് അഭിവാദ്യം ചെയ്യാറുണ്ടായിരുന്ന സംവിധായകന്‍ കഴുത്തിലും മുടിയിലും മുഖം അമര്‍ത്താറുണ്ടായിരുന്നുവെന്ന് കങ്കണ പറഞ്ഞു. ബലംപ്രയോഗിച്ചുള്ള ആ ആലിംഗനത്തില്‍ നിന്ന് രക്ഷപ്പെടാന്‍ തനിക്ക് ബലം പ്രയോഗിക്കേണ്ടിവന്നുവെന്നും കങ്കണ പറഞ്ഞു.

ഷൂട്ടിങ് കഴിഞ്ഞ് താന്‍ നേരത്തെ ഉറങ്ങുന്നതിനും കൂടുതല്‍ അടുപ്പം കാണിക്കാത്തതിനും വികാസ് തന്നെ വിമര്‍ശിക്കാറുണ്ടായിരുന്നു. വിവാഹം കഴിഞ്ഞിട്ടും ഓരോ ദിവസവും പുതിയ സ്ത്രീകളുമൊത്ത് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാറുണ്ടായിരുന്നുവെന്ന് അയാള്‍ പറയുമായിരുന്നു. ഇത്തരം കാര്യങ്ങളില്‍ വ്യക്തിയെയോ അയാളുടെ വിവാഹ ജീവിതത്തെയോ താന്‍ അളക്കാറില്ല. പക്ഷേ ആസക്തി രോഗമായി മാറുമ്പോള്‍ അക്കാര്യം തിരിച്ചറിയാനാകുമെന്നും കങ്കണ പറഞ്ഞു.

തന്‍റെ അനുഭവത്തിന്‍റെ പശ്ചാത്തലത്തില്‍ വികാസിനെതിരെ യുവതി ഉന്നയിച്ച ആരോപണം പൂര്‍ണമായി വിശ്വസിക്കുന്നുവെന്നും കങ്കണ പറഞ്ഞു. നേരത്തെയും യുവതിയെ താന്‍ പിന്തുണച്ചിരുന്നു. അതിന്‍റെ പേരില്‍ തനിക്ക് സിനിമയില്‍ അവസരങ്ങള്‍ നഷ്ടമായിട്ടുണ്ട്. അന്ന് അയാള്‍ക്കെതിരെ ഒരു നടപടിയുമുണ്ടായില്ലെന്നും കങ്കണ പറഞ്ഞു.

ഫാന്‍റം ഫിലിം പ്രൊഡക്ഷന്‍സിന് പിന്നിലെ ഏഴ് സംവിധായകരില്‍ ഒരാളാണ് വികാസ് ബഹല്‍. 2011ല്‍ തുടങ്ങിയ കമ്പനി കഴിഞ്ഞ ദിവസമാണ് പിരിച്ചുവിട്ടത്. ഫാന്‍റം പിരിച്ചുവിട്ടതിന് ശേഷമാണ് ആളുകള്‍ക്ക് വികാസിനെതിരെ പരസ്യമായി രംഗത്തെത്താന്‍ ധൈര്യമുണ്ടായതെന്നും കങ്കണ പറഞ്ഞു. വികാസിനെതിരെ വെളിപ്പെടുത്തല്‍ നടത്തിയ യുവതി ഫാന്‍റം പ്രൊഡക്ഷന്‍സിലെ മുന്‍ ജീവനക്കാരിയാണ്.

Related Tags :
Similar Posts