< Back
Entertainment
നാനാ പടേക്കറിനെതിരെ തനുശ്രീ പൊലീസില്‍ പരാതി നല്‍കി
Entertainment

നാനാ പടേക്കറിനെതിരെ തനുശ്രീ പൊലീസില്‍ പരാതി നല്‍കി

Web Desk
|
7 Oct 2018 10:26 AM IST

2008ല്‍ സിനിമാ സെറ്റില്‍ വെച്ച് ലൈംഗികാതിക്രമത്തിന് ശ്രമിച്ചെന്നാണ് പരാതി. കോറിയോഗ്രാഫര്‍ ഗണേഷ് ആചരിക്കെതിരെയും പരാതിയില്‍ പരാമര്‍ശമുണ്ട്

ബോളിവുഡ് താരം നാനാ പടേക്കറിനെതിരെ നടി തനുശ്രീ ദത്ത പൊലീസില്‍ പരാതി നല്‍കി. 2008ല്‍ സിനിമാ സെറ്റില്‍ വെച്ച് ലൈംഗികാതിക്രമത്തിന് ശ്രമിച്ചെന്നാണ് പരാതി. കോറിയോഗ്രാഫര്‍ ഗണേഷ് ആചരിക്കെതിരെയും പരാതിയില്‍ പരാമര്‍ശമുണ്ട്. ‌

മുംബൈയിലെ ഒഷിവാര പൊലീസ് സ്റ്റേഷനിലാണ് തനുശ്രീ പരാതി നല്‍കിയത്. പരാതി ലഭിച്ചതായി അഡിഷണല്‍ കമ്മീഷണര്‍ ഓഫ് പൊലീസ് മനോജ് കുമാര്‍ സ്ഥിരീകരിച്ചു. എന്നാല്‍ പരാതിയില്‍ അന്വേഷണം നടത്തണമെന്നും നിലവില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഹോണ്‍ ഓകെ പ്ലീസ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ നാനാ പടേക്കര്‍ മോശമായി പെരുമാറിയെന്നാണ് തനുശ്രീ വെളിപ്പെടുത്തിയത്. ഷൂട്ടിങിനിടെ ലൈംഗികാതിക്രമം ഉണ്ടായെന്ന് തനുശ്രീ നേരത്തെയും വെളിപ്പെടുത്തിയിട്ടുണ്ടെങ്കിലും ഉപദ്രവിച്ചയാളുടെ പേര് പറഞ്ഞിരുന്നില്ല. അന്ന് സിനിമാ സെറ്റില്‍ നിന്ന് ഇറങ്ങിപ്പോയതിന് പിന്നാലെ ഗുണ്ടകള്‍ തന്‍റെ കാര്‍ വളഞ്ഞ് ആക്രമിച്ചെന്നും തനുശ്രീ പറയുകയുണ്ടായി. തനുശ്രീയുടെ വെളിപ്പെടുത്തലിനെ സാധൂകരിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു. തനുശ്രീയും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ ഒരു സംഘം ആളുകള്‍ തകര്‍ക്കുന്ന ദൃശ്യമാണ് പുറത്തുവന്നത്. തന്നെ ആക്രമിച്ചത് നാനാ പടേക്കറുമായി അടുപ്പമുള്ള മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന പ്രവര്‍ത്തകരാണെന്നും തനുശ്രീ പറഞ്ഞു.

എന്നാല്‍ ആരോപണം നാനാ പടേക്കര്‍ നിഷേധിച്ചു. ആരോപണങ്ങള്‍ പിന്‍വലിക്കണമെന്നും മാപ്പ് പറയണമെന്നും ആവശ്യപ്പെട്ട് തനുശ്രീക്ക് വക്കീല്‍ നോട്ടീസ് അയക്കുകയും ചെയ്തു. പിന്നാലെയാണ് തനുശ്രീ പൊലീസില്‍ പരാതി നല്‍കിയത്.

Similar Posts