
ഫിലിപ് റീവിന്റെ നോവലിന് ചലച്ചിത്രാവിഷ്കാരം; ‘മോർട്ടൽ എഞ്ചിൻ’സിന്‍റെ ട്രെയിലർ എത്തി
|ഒരു വർഷത്തോളമായി പ്രേക്ഷകർ കാത്തിരുന്ന മോർട്ടൽ എഞ്ചിൻസിന്‍റെ ട്രെയിലർ പുറത്തിറങ്ങി. വൻ വിജയം നേടിയ ദ ലോർഡ് ഓഫ് ദ റിങ്സ് പരമ്പര ഒരുക്കിയ പീറ്റർ ജാക്സൺ ആണ് ഈ സിനിമക്ക് പിന്നിലും. ക്രിസ്തുമസ് റിലീസായി ഡിസംബറിൽ മോർട്ടൽ എഞ്ചിൻസ് എത്തും
ഫിലിപ് റീവിന്റെ നോവലിന്‍റെ ചലച്ചിത്രാവിഷ്കാരമാണ് മോർട്ടൽ എഞ്ചിൻസ്. കഴിഞ്ഞ വർഷം ഡിസംബറിൽ ആദ്യ ടീസർ പുറത്തുവിട്ടപ്പോൾ മുതൽ ആകാംക്ഷയുടെ മുൾമുനയിലായിരുന്നു നോവലിന്റെ വായനക്കാർ. പത്ത്മാസങ്ങൾക്ക് ശേഷം ട്രെയിലർ പുറത്തിറക്കി ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് അണിയറക്കാർ. അമ്മയെ കൊന്നവനോട് പകരം വീട്ടാൻ ഇറങ്ങുന്ന പെൺകുട്ടിയുടെ കഥയാണ് മോർട്ടൽ എഞ്ചിൻസ്.
ഹെര ഹിൽമർ ആണ് സിനിമയിലെ കേന്ദ്രകഥാപാത്രം. സൂപ്പർഹിറ്റ് സിനിമകളായ ദ ലോർഡ് ഓഫ് ദ റിങ്സ്, ദ ഹോബിറ്റ് പരമ്പരകളുടെ നിർമാതാവായ പീറ്റർ ജാക്സൺ ആണ് മോർട്ടൽ എഞ്ചിൻസിനും പിന്നിൽ. ഈ പരമ്പരകളുടെ വിശ്വൽ എഫക്ട്സ് ഒരുക്കിയ ക്രിസ്റ്റ്യൻ റിവേഴ്സ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രംകൂടിയാണ് മോർട്ടൽ എഞ്ചിൻസ്. അദ്ഭുതപ്പെടുത്തുന്ന വിശ്വൽ എഫക്ട്സ് ആണ് ഈ സയൻസ്ഫിക്ഷൻ ചിത്രത്തിന്റെ പ്രത്യേകത.
ഒരു മില്യൺ ഡോളർ ആണ് സിനിമയുടെ നിർമാണ ചെലവ്. ക്രിസ്തുമസ് റിലീസായി ഡിസംബർ 14ന് മോർട്ടൽ എഞ്ചിൻസ് തിയറ്ററുകളിലേക്കെത്തും.