< Back
Entertainment
മാപ്പ് പറയാനോ? റിമയുടെ പ്രതികരണമിങ്ങനെ..
Entertainment

മാപ്പ് പറയാനോ? റിമയുടെ പ്രതികരണമിങ്ങനെ..

Web Desk
|
16 Oct 2018 12:08 PM IST

അമ്മയില്‍ നിന്ന് രാജിവെച്ച നാല് പേര്‍ക്കും മാപ്പ് പറഞ്ഞാല്‍ തിരിച്ചുവരാമെന്ന കെ.പി.എ.സി ലളിതയുടെ നിര്‍ദേശത്തിന് റിമയുടെ മറുപടി..

താരസംഘടനയായ അമ്മയില്‍ നിന്ന് രാജിവെച്ച നാല് നടിമാര്‍ മാപ്പ് പറഞ്ഞാല്‍ തിരിച്ചെടുക്കുമെന്ന സിദ്ദിഖിന്‍റെയും കെ.പി.എ.സി ലളിതയുടെയും നിര്‍ദേശത്തിനെതിരെ രൂക്ഷപ്രതികരണവുമായി റിമ കല്ലിങ്കല്‍. മാപ്പ് പറയാനോ? പോയി തുലയൂ എന്നാണ് (ഗോ ടു ഹെല്‍) എന്നായിരുന്നു റിമയുടെ പ്രതികരണം. ദ ന്യൂസ് മിനുട്ടിന് നല്‍കിയ അഭിമുഖത്തിലാണ് റിമ ഇങ്ങനെ പറഞ്ഞത്.

"അടൂര്‍ ഭാസിയില്‍ നിന്ന് നേരിട്ട അതിക്രമങ്ങളെ കുറിച്ച് ലളിതാമ്മ ആത്മകഥയില്‍ എഴുതിയിട്ടുണ്ട്. എന്തുകൊണ്ടാണ് സിനിമയില്‍ നേരിടുന്ന അതിക്രമങ്ങളെ കുറിച്ച് സ്ത്രീകള്‍ക്ക് എപ്പോഴും തുറന്നുപറയാന്‍ കഴിയാത്തതെന്ന് അവര്‍ക്ക് മനസ്സിലാവേണ്ടതാണ്. വര്‍ഷങ്ങളോളം സ്ത്രീകള്‍ നിശബ്ദരായിരിക്കേണ്ടിവരുന്നത് എന്തുകൊണ്ടാണെന്ന് ചിന്തിച്ചാല്‍ അവര്‍ക്ക് മനസ്സാലാകും. മറ്റൊരു വഴിയില്ലാത്തതിനാല്‍ അവിടെ തുടരുന്ന അവരോട് സഹതാപം മാത്രമേയുള്ളൂ. തിരിച്ചുവരാന്‍ ഞങ്ങള്‍ മാപ്പ് പറയണമെന്നാണ് അവര്‍ പറയുന്നതെങ്കില്‍ അമ്മയെന്ന സംഘടനയോട് പോയി തുലയൂ എന്നേ പറയാനുള്ളൂ. ലൈംഗികാതിക്രമ കേസില്‍ പ്രതിസ്ഥാനത്തുള്ളയാളെ സംരക്ഷിക്കുന്ന സംഘടനയില്‍ തുടരാന്‍ എനിക്ക് താല്‍പര്യമില്ല. കുറ്റാരോപിതനൊപ്പമാണെന്ന് അവര്‍ വ്യക്തമാക്കിക്കഴിഞ്ഞു", അമ്മയില്‍ നിന്ന് രാജിവെച്ച നാല് പേര്‍ക്കും മാപ്പ് പറഞ്ഞാല്‍ തിരിച്ചുവരാമെന്ന കെ.പി.എ.സി ലളിതയുടെ പരാമര്‍ശത്തോട് റിമ ഇങ്ങനെയാണ് പ്രതികരിച്ചത്.

എന്താണ് അമ്മ വനിതാ അംഗങ്ങള്‍ക്കായി ചെയ്യുന്നത്? എല്ലാ വര്‍ഷവും അമ്മ ഷോയില്‍ പുരുഷന്മാരെ പുകഴ്ത്തി പരിപാടി ചെയ്യുന്നു. അഞ്ച് ഗാനങ്ങളില്‍ പുരുഷ താരം അഞ്ച് നടിമാര്‍ക്കൊപ്പം നൃത്തം ചെയ്യുന്നു. ഇന്നലെകളിലെ കഴിവുറ്റ കലാകാരികള്‍ എവിടെ? അവര്‍ക്കൊപ്പം അഭിനിയക്കാന്‍ ആരുണ്ട്? അവര്‍ അപ്രത്യക്ഷരായിരിക്കുന്നുവെന്നും റിമ പറഞ്ഞു.

"പ്രായമായ, രോഗികളായ അഭിനേതാക്കളെ അമ്മ സഹായിക്കുന്നുവെന്നത് നല്ല കാര്യമാണ്. പക്ഷേ ഇപ്പോള്‍ ഫീല്‍ഡിലുള്ള അഭിനേതാക്കളെ സംരക്ഷിക്കുന്നുണ്ടോ? എനിക്ക് വയസ്സായിട്ടല്ല, ഇപ്പോഴാണ് സുരക്ഷിതത്വം വേണ്ടത്. ഇപ്പോള്‍ എനിക്ക് ജോലി ചെയ്യാനായാല്‍ എന്‍റെ ഭാവിയും സുരക്ഷിതമായിരിക്കും", റിമ പറഞ്ഞു.

തമിഴ്, തെലുങ്ക്, ഹിന്ദി കലാകാരന്മാര്‍ അതിക്രമങ്ങളെ കുറിച്ച് വെളിപ്പെടുത്തുന്ന സ്ത്രീകള്‍ക്ക് പിന്തുണ പ്രഖ്യാപിക്കുമ്പോള്‍ സാക്ഷരത കൂടിയ കേരളത്തില്‍ അതിജീവിച്ചവളെ അവഗണിച്ച് കുറ്റാരോപിതനെ സംരക്ഷിക്കുകയാണ് സംഘടനയെന്നും റിമ വിമര്‍ശിച്ചു.

Similar Posts