< Back
Entertainment
അടുത്ത സിനിമ ചീരു; കരിന്തണ്ടന്‍ കൊമേഴ്സ്യല്‍ സിനിമയായി തന്നെ പുറത്തിറക്കുമെന്നും സംവിധായക ലീല സന്തോഷ്
Entertainment

അടുത്ത സിനിമ ചീരു; കരിന്തണ്ടന്‍ കൊമേഴ്സ്യല്‍ സിനിമയായി തന്നെ പുറത്തിറക്കുമെന്നും സംവിധായക ലീല സന്തോഷ്

Web Desk
|
30 Oct 2018 3:18 PM IST

കരിന്തണ്ടന്‍ കൊമേഴ്സ്യല്‍ സിനിമയായി തന്നെ പുറത്തിറക്കുമെന്ന് സംവിധായക ലീല സന്തോഷ്. വടകരയില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര വനിതാ ചലച്ചിത്രമേളയിലെ ഒാപ്പണ്‍ ഫോറത്തിലാണ് ലീല സന്തോഷ് തന്റെ സ്വപ്ന സിനിമയെക്കുറിച്ച് മനസ്സ് തുറന്നത്. ചിത്രത്തിലെ നായകന്‍ വിനായകന്‍ ഹിറോയിക്കായായിരിക്കും സിനിമയില്‍ പ്രത്യക്ഷപ്പെടുകയെന്നും സംവിധായക ലീല പറഞ്ഞു.

മലയാള സിനിമയിൽ സ്ത്രീകളായ വ്യക്തികൾ ഭൂരിഭാഗവും തിരശ്ശിലയിൽ വരാനാണ് ആഗ്രഹിക്കുന്നതെന്നും ആർക്കും സിനിമക്ക് പിന്നിൽ നിന്ന് സിനിമ നിർമിക്കാനുള്ള ആഗ്രഹമില്ലയെന്നും ലീലപറയുന്നു. ക്യാമറക്ക് പിന്നിൽ നിൽക്കുമ്പോൾ ഒരുപാട് ത്യാഗം ചെയ്യേണ്ടി വരുമെന്നും അതിനെല്ലാം തനിക്ക് കഴിയുമോയെന്ന് സ്ത്രീകൾ ഇപ്പോഴും സ്വയം ചോദിച്ചു കൊണ്ടിരിക്കുന്നത് തങ്ങളുടെ പോരായ്മയാണെന്ന് മനസ്സിലാക്കണമെന്നും ലീല സന്തോഷ് പറയുന്നു.

സ്ത്രീകൾക്കും എല്ലാത്തിനും കഴിയും എന്ന് കാണിച്ച് കൊടുക്കാൻ താൻ ഒരു പ്രചോദനമാവുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ലീല സന്തോഷ് പറയുന്നു. ചരിത്രപരമായി അടിച്ചമർത്തപ്പെട്ട ആളുകളുടെ ചരിത്രത്തിലൂടെയാണ് താൻ സിനിമ എടുക്കാൻ ആഗ്രഹിക്കുന്നെതെന്നും ലീല സന്തോഷ് വ്യക്തമാക്കി. വയനാട്ടിലെ പണിയ സമുദായത്തിൽ നിന്നും വരുന്നത് കൊണ്ട് തന്നെ അവിടെ നിന്നുള്ള എല്ലാ പ്രചോദനവും തന്റെ സിനിമകളിലുമുണ്ടാകുമെന്നും ലീല പറഞ്ഞു.

‘ചരിത്രപരമായി ചതിക്കപെട്ട് കൊണ്ടിരിക്കുന്ന ന്യൂനപക്ഷമാണ് വയനാട്ടിലെ മലമ്പ്രദേശത്തുള്ളത്, ഇക്കാര്യങ്ങൾ അനുഭവങ്ങളിലൂടെ എങ്ങനെ പുറം ലോകത്ത് എത്തിക്കാം എന്നുള്ള ലക്ഷ്യങ്ങളോടെയാണ് ഞാൻ സിനിമകൾ ചെയ്യാൻ ആഗ്രഹിക്കുന്നത്'; ലീല സന്തോഷ് പറയുന്നു.

ഒരുപാട് നഷ്ടങ്ങൾ സംഭവിച്ച സമൂഹമാണ് വയനാട്ടിലേത്, പണിയ സമുദായത്തെ വെച്ചുള്ള ആദ്യ ഡോക്യുമെന്ററി ‘നിഴലുകൾ നഷ്ടപെടുന്ന ഗോത്രഭൂമി’ പോലും നിർമിച്ചത് ആ ഒരു വ്യക്തത ഉൾകൊണ്ട് കൊണ്ടാണെന്നും ലീല പറയുന്നു. നഷ്ടപ്പെട്ട് പോവുന്ന തങ്ങളുടെ ഭാഷയും ജീവിതവും തിരിച്ചു പിടിക്കുക എന്ന ഉദ്ദേശത്തിലാണ് ആദ്യ ഡോക്യുമെന്ററി പണിയ ഭാഷയിൽ തന്നെ ഷൂട്ട് ചെയ്ത് പുറത്തിറക്കിയെതെന്നും ലീല സന്തോഷ് പറഞ്ഞു.

രണ്ടാമത് ചെയ്യാൻ ആഗ്രഹിച്ച സിനിമ ‘ചീരു’വാണെന്നും അവിവാഹിത അമ്മമാരെ കുറിച്ചുള്ള സിനിമ ചില സാങ്കേതിക പ്രശ്നങ്ങൾ കാരണം തൽക്കാലത്തേക്ക് നിർത്തി വെച്ചതാണെന്നും വൈകാതെ തന്നെ പൂർത്തിയാക്കുമെന്നും ലീല സന്തോഷ് പറയുന്നു.

എന്താണ് കരിന്തണ്ടൻ? ആരാണ് കരിന്തണ്ടൻ എന്നിവക്കുള്ള ഉത്തരമായിരിക്കും തന്റെ സിനിമ കരിന്തണ്ടൻ എന്നും ലീല പറയുന്നു.

Similar Posts