< Back
Entertainment
ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേള ഇന്നു മുതല്‍
Entertainment

ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേള ഇന്നു മുതല്‍

Web Desk
|
20 Nov 2018 8:06 AM IST

49ആമത് ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളക്ക് ഇന്ന് തുടക്കം. ജൂലിയന്‍ ലണ്ടലിസ് സംവിധാനം ചെയ്ത ആസ്‌പെന്‍ പേപ്പേഴ്‌സാണ് ഉദ്ഘാടന ചിത്രം. മലയാളത്തില്‍ നിന്നുള്ള ഭയാനകവും ഈ.മ.യൗവും മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.

ഗോവന്‍ തലസ്ഥാനമായ പനാജിയില്‍ ഇനി ഒരാഴ്ച ചലച്ചിത്ര വസന്തമാണ്. 68 രാജ്യങ്ങളില്‍ നിന്നുള്ള 212 ചിത്രങ്ങളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്. ജൂലിയസ് ലണ്ടലിസ് സംവിധാനം ചെയ്ത ആസ്‌പെന്‍ പേപ്പേഴ്‌സാണ് ഉദ്ഘാടന ചിത്രം. ജര്‍മന്‍ ചിത്രമായ സീല്‍ഡ് ലിപ്‌സാണ് സമാപന ചിത്രം. 15 മത്സരചിത്രങ്ങളില്‍ മലയാളത്തില്‍ നിന്നുള്ള ഭയാനകം, ഈ.മ.യൗ, തമിഴില്‍ നിന്നുള്ള ടു ലെറ്റ് എന്നിവയും ഇടംപിടിച്ചിട്ടുണ്ട്.

ഇന്ത്യന്‍ പനോരമയില്‍ 26 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ഷാജി എന്‍ കരുണിന്റെ ഓളാണ് ഉദ്ഘാടന ചിത്രം. ദി ഫെസ്റ്റിവല്‍ ഓഫ് കലൈഡോസ്‌കോപ്പ് വിഭാഗത്തില്‍ 20 ചിത്രങ്ങളും വേള്‍ഡ് പനോരമയില്‍ 67 ചിത്രങ്ങളും പ്രദര്‍ശിപ്പിക്കും. നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ 21 ചിത്രങ്ങളുണ്ട്. കണ്‍ട്രി ഫോക്കസ് വിഭാഗത്തിലുള്ളത് ഇസ്രയേലി ചിത്രങ്ങളാണ്.

ഇസ്രയേലി സിനിമകളുടെ രാജകുമാരന്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഡാന്‍ വോള്‍മാനാണ് ലൈഫ് അച്ചീവ്‌മെന്റ് പുരസ്‌കാരം. പ്രശസ്ത സ്വീഡിഷ് സംവിധായകന്‍ ഇഗ്മര്‍ ബെര്‍ഗ്മാന്റെ നൂറാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് അദ്ദേഹത്തിന്റെ പ്രധാന സിനിമകളും പ്രദര്‍ശിപ്പിക്കും. സ്‌റ്റേറ്റ് ഫോക്കസ് വിഭാഗത്തില്‍ ജാര്‍ഖണ്ഡില്‍ നിന്നുള്ള സിനിമകള്‍ പ്രദര്‍ശിപ്പിക്കും.

ശ്രീദേവി, ശശി കപൂര്‍, വിനോദ് ഖന്ന, കരുണാനിധി ,കല്‍പ്പന ലാംജി തുടങ്ങിയവര്‍ക്ക് മേളയില്‍ ശ്രദ്ധാഞ്ജലി അര്‍പ്പിക്കും.വൈകീട്ട് നടക്കുന്ന ഉദ്ഘാടനചടങ്ങില്‍ ബോളിവുഡ് താരം അക്ഷയ്കുമാറാണ് മുഖ്യാതിഥി. 7291 പേരാണ് മേളക്ക് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 28ന് ചലച്ചിത്ര മേളക്ക് കൊടിയിറങ്ങും.

Related Tags :
Similar Posts