Entertainment
ഒമര്‍ ലുലുവിനെതിരെ പരാതിയുമായി ‘ശക്തിമാന്‍’...
Entertainment

ഒമര്‍ ലുലുവിനെതിരെ പരാതിയുമായി ‘ശക്തിമാന്‍’...

Web Desk 1
|
14 Sept 2019 3:28 PM IST

മുകേഷ് ഖന്ന ഫെഫ്ക പ്രസിഡന്റ് രണ്‍ജി പണിക്കര്‍ക്കാണ് പരാതി നല്‍കിയത്. 

ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ധമാക്ക എന്ന ചിത്രത്തില്‍ ശക്തിമാന്റെ വേഷത്തില്‍ മുകേഷ് എത്തുന്ന ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ നിറഞ്ഞതോടെ പരാതിയുമായി യഥാര്‍ഥ 'ശക്തിമാന്‍' രംഗത്ത്. 1997 ല്‍ ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്ത ശക്തിമാന്‍ എന്ന പരമ്പരയുടെ സംവിധായകനും നടനുമായ മുകേഷ് ഖന്നയാണ് ഒമര്‍ ലുലുവിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.

പുതിയ സിനിമയില്‍ 'ശക്തിമാന്റെ' വേഷം ഉപയോഗിക്കുന്നതിന് എതിരെയാണ് പരാതി. മുകേഷ് ഖന്ന ഫെഫ്ക പ്രസിഡന്റ് രണ്‍ജി പണിക്കര്‍ക്കാണ് പരാതി നല്‍കിയത്. തന്റെ ഭീഷം ഇന്റര്‍നാഷണല്‍ നിര്‍മ്മിച്ച് താന്‍ സംവിധാനം ചെയ്ത് അഭിനയിച്ച ശക്തിമാന്‍ എന്ന കഥാപാത്രത്തെ തന്റെ അനുമതിയില്ലാതെ മറ്റാര്‍ക്കും സിനിമയില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ലെന്ന് മുകേഷ് ഖന്ന പരാതിയില്‍ പറയുന്നു. ശക്തിമാന്റെ വേഷവും സംഗീതവും അടക്കമുള്ളവ തനിക്ക് പകര്‍പ്പവകാശമുള്ളതാണെന്നും തന്റെ അനുമതിയില്ലാതെ ചിത്രത്തില്‍ ഉപയോഗിക്കരുതെന്നും പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ശക്തിമാനെ ചിത്രത്തില്‍ ഉള്‍പ്പെടുത്താനുള്ള തീരുമാനത്തില്‍ നിന്ന് പിന്‍വാങ്ങിയില്ലെങ്കില്‍ ഒമര്‍ ലുലുവിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും പരാതിയില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Similar Posts