
ഒരാഴ്ച്ച കൊണ്ട് ഒരു മില്യണ്‍ സബ്സ്ക്രൈബേഴ്സ്; ടിക്ടോക് താരങ്ങളെ 'റോസ്റ്റ്' ചെയ്ത് തരംഗമായി അര്‍ജുന്‍
|വെറും ഒരാഴ്ച്ച സമയം കൊണ്ടാണ് അര്‍ജുന്‍ സുന്ദരേശന്‍ എന്ന മലയാളി യൂട്യൂബര്‍ ഇന്‍റര്‍നെറ്റില്‍ തരംഗമായത്. ടിക്ടോക്ക് താരങ്ങളെ റോസ്റ്റ് ചെയ്ത് അതിനോടുള്ള പ്രതികരണം വളരെ സ്വാഭാവികതയോടെ അവതരിപ്പിച്ചാണ് അര്‍ജുന്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയത്. ഇംഗ്ലീഷ് ഭാഷയില്‍ വളരെയധികം പ്രശസ്തമായ റോസ്റ്റിങ്-റിയാക്ഷന്‍ വീഡിയോകളില്‍ നിന്നും പ്രചോദനമുള്‍കൊണ്ടാണ് ഈ ആശയം മലയാളത്തില്‍ അര്‍ജുന്‍ അവതരിപ്പിച്ചത്. മലയാളത്തില്‍ അത്രകണ്ട് പരിചയിച്ചിട്ടില്ലാത്ത റോസ്റ്റിങ് പെട്ടെന്ന് തന്നെ ഇന്‍റര്‍നെറ്റില്‍ കൊളുത്തുകയായിരുന്നു. യൂട്യൂബില്‍ ആരും ചെയ്യാത്ത നല്ല ഉള്ളടക്കം പോസ്റ്റ് ചെയ്യുകയാണെങ്കില്‍ ആര്‍ക്കും ഇപ്പോള്‍ താന്‍ എത്തിപിടിച്ച ഈ സെലിബ്രറ്റി സ്റ്റാറ്റസില്‍ എത്തിചേരാമെന്ന് അര്‍ജുന്‍ പറയുന്നു.
ലോക്ക് ഡൌണ്‍ കാലത്ത് സജീവമാക്കിയ തന്‍റെ Arjyou എന്ന യൂട്യൂബ് അക്കൌണ്ടിന് തുടക്കത്തില്‍ വളരെ ചുരുക്കം കാഴ്ച്ചക്കാര്‍ മാത്രമേയുണ്ടായിരുന്നുള്ളുവെന്ന് അര്‍ജുന്‍ പറഞ്ഞു. ആദ്യ വീഡിയോകളൊന്നും ശ്രദ്ധിക്കപ്പെടാതെ പോയെങ്കിലും ടിക്ടോക് താരങ്ങളെ 'പൊരിച്ചുള്ള' ഭാഗം സൂപ്പര്‍ ഹിറ്റാവുകയായിരുന്നു. തുടക്കത്തില്‍ പല വീഡിയോകള്‍ക്കും 250-300 കാഴ്ച്ചക്കാരായിരുന്നെന്നും ടിക്ടോക്ക് ലക്ഷ്യമാക്കി റോസ്റ്റിങ് തുടങ്ങിയതില്‍ പിന്നെയാണ് വൈറലായതെന്നും അര്‍ജുന്‍ പറഞ്ഞു. ടിക്ടോക് താരങ്ങളുടെ വിവിധ വീഡിയോകള്‍ കണ്ടുള്ള പൊരിക്കലിലൂടെ വീഡിയോകള്‍ ജനകീയമാവുകയും അത് യൂട്യൂബില്‍ സബ്സ്ക്രൈബേഴ്സ് വര്‍ധിക്കുന്നതിലെത്തുകയും ചെയ്യുകയായിരുന്നു. യൂട്യൂബിന് പിറകെ ഇന്‍സ്റ്റാഗ്രാമിലും വലിയ ആരാധക പിന്തുണയാണ് അര്‍ജുന് ഉള്ളത്. നിരവധി ആരാധക അക്കൌണ്ടുകളും വ്യാജ അക്കൌണ്ടുകളും വൈറലായതോടെ അര്‍ജുന്‍റെ പേരില്‍ പിറവിയെടുത്തു. ടിക്ക്ടോക് വീഡിയോകളെ പൊരിക്കുമെങ്കിലും തനിക്ക് ടിക്ടോക്ക് അക്കൌണ്ടില്ലെന്നും പക്ഷെ തന്‍റെ ചില വ്യാജ അക്കൌണ്ടുകള്‍ അവിടെ കറങ്ങിനടക്കുന്നുണ്ടെന്നും 'അര്‍ജ്യൂ' പറയുന്നു. തമാശ ലക്ഷ്യമാക്കി ഒരുക്കുന്ന വീഡിയോകള്‍ ആരെയും വേദനിപ്പിക്കണമെന്ന ഉദ്ദേശത്തിലല്ലെന്നും ആര്‍ക്കും തന്നെ തിരിച്ചു ട്രോളാവുന്നതേയുള്ളുവെന്നും ചിരിച്ചു കൊണ്ട് അര്‍ജുന്‍ മറുപടി നല്‍കി. ഒരാഴ്ച്ചക്കിടെ പോസ്റ്റ് ചെയ്ത അഞ്ച് വീഡിയോകളില്‍ നാലും രണ്ട് മില്യണ്‍ കാഴ്ച്ചക്കാരും കടന്ന് യൂട്യൂബില്‍ തരംഗമാണ്.
നിലവില്‍ ചങ്ങനാശ്ശേരി സെന്‍റ് ജോസഫ്‌സ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ മൂന്നാംവര്‍ഷ ബി.എ മള്‍ട്ടിമീഡിയ വിദ്യാര്‍ഥിയായ അര്‍ജുന്‍ സുന്ദരേശന്‍ തുടര്‍ന്നും യൂട്യൂബില്‍ സജീവമാകാനാണ് ആലോചിക്കുന്നത്. സിനിമാ തിരക്കഥ, സംവിധാന മേഖലകളും കൈപിടിയിലാക്കാനുള്ള സ്വപ്നവും മനസ്സിലുണ്ടെന്ന് അര്‍ജുന്‍ പറയുന്നു.