< Back
Entertainment
ഭയപ്പെടുത്താന്‍ ചതുര്‍മുഖം; റിലീസിനൊരുങ്ങി ടെക്നോ ഹൊറര്‍ സിനിമ
Entertainment

ഭയപ്പെടുത്താന്‍ 'ചതുര്‍മുഖം'; റിലീസിനൊരുങ്ങി ടെക്നോ ഹൊറര്‍ സിനിമ

Web Desk
|
21 March 2021 9:56 PM IST

സിനിമയുടെ പേര് സൂചിപ്പിക്കുന്നത് പോലെ നാലാമതൊരു മുഖം കൂടി സിനിമയിലുണ്ട്..

മഞ്ജു വാര്യര്‍ ‍- സണ്ണി വെയ്ന്‍ ചിത്രമായ ചതുര്‍മുഖം റിലീസിന് ഒരുങ്ങുന്നു. ടെക്‍നോ - ഹൊറര്‍ സിനിമയാണിത്.

മഞ്ജുവിന്‍റെ തേജസ്വിനി, സണ്ണിയുടെ ആന്‍റണി, അലന്‍സിയറുടെ ക്ലെമെന്‍റ് എനീ കഥാപാത്രങ്ങളിലൂടെയാണ് സിനിമ സഞ്ചരിക്കുന്നത്. സഹപാഠികളായ തേജസ്വിനിയും ആന്‍റണിയും തിരുവനന്തപുരത്ത് ഒരു സിസിടിവി സെക്യൂരിറ്റി സൊല്യൂഷന്‍സിന്‍റെ ബിസിനസ് നടത്തുകയാണ്. ഇവരുടെ ജീവിതത്തിലേക്ക് റിട്ടയര്‍ഡ് അഗ്രികള്‍ച്ചറല്‍ കോളജ് അധ്യാപകനായ ക്ലെമെന്‍റ് കടന്ന് വരാനുണ്ടാകുന്ന ഒരു അസാധാരണ സാഹചര്യവും അതിന്‍റെ തുടര്‍ച്ചയായി ഉണ്ടാവുന്ന സംഭവങ്ങളുമാണ് സിനിമയുടെ പ്രമേയം.

ഈ മൂന്ന് മുഖങ്ങള്‍ കൂടാതെ സിനിമയുടെ പേര് സൂചിപ്പിക്കുന്നത് പോലെ നാലാമതൊരു മുഖം കൂടി സിനിമയിലുണ്ട്. ചതുര്‍മുഖത്തിലെ ‘വില്ലന്‍’ ആരാണെന്നത് സസ്പെന്‍സ് ആണ്. നിരഞ്ജന അനൂപ്, ശ്യാമപ്രസാദ്, ശ്രീകാന്ത് മുരളി, റോണി ഡേവിഡ്, നവാസ് വള്ളിക്കുന്ന്, ഷാജു ശ്രീധര്‍, കലാഭവന്‍ പ്രജോദ് തുടങ്ങി വലിയൊരു താരനിരയുള്ള ചിത്രത്തില്‍ അതാരുമാകാം. സിനിമ ഇറങ്ങുന്നതു വരെ എല്ലാം സസ്‍പെന്‍സ് ആയി ഇരിക്കട്ടെ എന്നാണ് അണിയറക്കാര്‍ പറയുന്നത്.

ഫിക്ഷന്‍ ഹൊററിന്‍റെ ഒരു ഉപവിഭാഗമാണ് ടെക്നോ ഹൊറര്‍. ഭയത്തിന്‍റെ മുഖ്യകാരണം ആധുനിക ശാസ്ത്രവും ടെക്നോളജിയും ആയി അവതരിപ്പിക്കപ്പെടുന്ന സിനിമകളാണ് ഈ ഴോണറില്‍ വരുന്നത്. പ്രധാനമായും ഹോളിവുഡ്, ജാപ്പനീസ് സിനിമാ പ്രവര്‍ത്തകരാണ് ഈ ഴോണറിലെ സിനിമകള്‍ എടുത്തിട്ടുള്ളത്. പതിവ് ഹൊറര്‍ സിനിമകളിലെ പോലെ സാരിയുടുത്ത പ്രേതമോ പ്രേതബാധയുള്ള വീടോ മന്ത്രവാദിയുടെ ഉച്ചാടനമോ ആവാഹനമോ ഒന്നും ഇല്ലാതെ ഒരുക്കുന്ന ചതുര്‍മുഖം, ഭയപ്പെടുത്തുന്ന സിനിമകള്‍ ആസ്വദിക്കുന്ന മലയാളി പ്രേക്ഷകര്‍ക്ക് ഒരു പുതിയ അനുഭവമായിരിക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.

അഞ്ചര കോടി മുതല്‍ മുടക്കില്‍ വിഷ്വല്‍ ഗ്രാഫിക്സിനും സൌണ്ട് ഡിസൈനിംഗിനും പ്രാധാന്യം നല്‍കി നിര്‍മിച്ച സിനിമയുടെ പ്രധാന ഹൈലൈറ്റ് മഞ്ജു വാര്യരുടെ ആക്ഷന്‍ സീക്വന്‍സുകളാണ്. നവാഗതരായ രഞ്ജിത്ത് കമല ശങ്കര്‍, സലില്‍ വി എന്നിവര്‍ ചേര്‍ന്നാണ് സംവിധാനം. ജിസ്സ് ടോംസ് മൂവീസിന്‍റെ ബാനറില്‍ മഞ്ജു വാര്യര്‍ പ്രൊഡക്ഷന്‍സുമൊത്ത് ചേര്‍ന്ന് ജിസ്സ് ടോംസും ജസ്റ്റിന്‍ തോമസ്സും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. പുണ്യാളന്‍ അഗര്‍ബത്തീസ്, സു...സു...സുധി വല്‍മീകം എന്നീ ചിത്രങ്ങളുടെ സഹരചയിതാക്കളായ അഭയകുമാര്‍ കെ, അനില്‍ കുര്യന്‍ എന്നിവരാണ് തിരക്കഥ ഒരുക്കിയത്. ആമേന്‍, ഡബിള്‍ ബാരല്‍, നയന്‍ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ അഭിനന്ദന്‍ രാമാനുജമാണ് ഛായാഗ്രഹണം നിര്‍വ്വഹിച്ചത് .

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Similar Posts