< Back
Entertainment
സിനിമാ സെൻസറിങ് അവസാനിപ്പിച്ച് ഇറ്റലി; ഇനി ചലച്ചിത്ര പ്രവര്‍ത്തകര്‍ തന്നെ സിനിമയെ തരം തിരിക്കും
Entertainment

സിനിമാ സെൻസറിങ് അവസാനിപ്പിച്ച് ഇറ്റലി; ഇനി ചലച്ചിത്ര പ്രവര്‍ത്തകര്‍ തന്നെ സിനിമയെ തരം തിരിക്കും

Web Desk
|
10 April 2021 1:18 PM IST

1913ല്‍ കൊണ്ടു വന്ന സെന്‍സര്‍ഷിപ്പ് നിയമമാണ് ഇതോടെ ഇറ്റലിയില്‍ നിന്നും ഇല്ലാതായത്.

സിനിമകള്‍ക്ക് ഏര്‍പ്പെടുത്തിയ സെന്‍സറിങ് അവസാനിപ്പിച്ച് ഇറ്റലി. ഇറ്റാലിയന്‍ സാംസ്കാരിക മന്ത്രി ഡെറിയോ ഫ്രാൻസെസ്ച്ചിനിയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. 1913ല്‍ കൊണ്ടു വന്ന സെന്‍സര്‍ഷിപ്പ് നിയമമാണ് ഇതോടെ ഇറ്റലിയില്‍ നിന്നും ഇല്ലാതായത്.

'കലാകാരന്മാരുടെ സ്വാതന്ത്ര്യത്തിൽ കയറാൻ സർക്കാരിനെ അനുവദിക്കുന്ന നിയന്ത്രണങ്ങളുടെയും ഇടപെടലുകളുടെയും സംവിധാനം ഇനിയില്ല' എന്നാണ് സാംസ്കാരിക മന്ത്രി സെന്‍സര്‍ നിയമ നിരോധനത്തെ വിശേഷിപ്പിച്ചത്. ഇറ്റലിയിൽ പ്രദർശനത്തിനൊരുങ്ങുന്ന ഒരു സിനിമയുടെ റിലീസിംഗ് തടയാനോ സദാചാരപരമോ മതപരമോ ആയ കാരണങ്ങളാൽ കട്ടുകൾ നിർദ്ദേശിക്കാനോ നീക്കം ചെയ്യാനോ പുതിയ നടപടിയിലൂടെ ഇനി സർക്കാരിന് സാധിക്കില്ല.

ഇനി മുതല്‍ ചലച്ചിത്ര പ്രവര്‍ത്തകര്‍ തന്നെയാണ് സിനിമയെ വയസ്സ് അടിസ്ഥാനത്തില്‍ തരം തിരിക്കേണ്ടത്. പുതിയ ഓണ്‍ലൈന്‍ സ്ട്രീമിങ്, പൈറസി, സോഷ്യല്‍ മീഡിയ കാലഘട്ടത്തില്‍ ആളുകള്‍ക്ക് ആവശ്യമുള്ളത് അവര്‍ വേണ്ട രൂപത്തില്‍ കാണുമെന്നും സെന്‍സര്‍ഷിപ്പിന് പ്രസക്തിയില്ലെന്നും വിലയിരുത്തിയതിന്‍റെ അടിസ്ഥാനത്തിലാണ് സെന്‍സര്‍ നിയമം നിരോധിച്ച് ഉത്തരവിട്ടതെന്നാണ് വിലയിരുത്തല്‍.

ഇത് വരെ 10000 ത്തോളം കട്ടുകളാണ് ഇറ്റലി സെന്‍സറിങ്ങിന്‍റെ ഭാഗമായി നടത്തിയിട്ടുള്ളത്. 274 ഇറ്റാലിയന്‍ സിനിമകളും 130 ഹോളിവുഡ് ചിത്രങ്ങളും മറ്റു രാജ്യങ്ങളില്‍ നിന്നുള്ള 321 ചിത്രങ്ങളും രാജ്യത്ത് ഇതിലൂടെ നിരോധനം നേരിട്ടിട്ടുണ്ട്. വിഖ്യാതരായ പല സംവിധായകരുടെയും സിനിമകള്‍ക്ക് ഇത്തരത്തില്‍ നിയന്ത്രണം കൊണ്ടുവന്നിട്ടുണ്ട്. പിയര്‍ പാവ്‍ലോ പസോളിനിയുടെ 'സാലോ', ബെര്‍നാഡോ ബെര്‍ടൊലൂച്ചിയുടെ 'ലാസ്റ്റ് ടാംഗോ ഇന്‍ പാരീസ്' തുടങ്ങിയവ ഇങ്ങനെ നിരോധനം നേരിട്ട ശ്രദ്ധേയ ചിത്രങ്ങളാണ്.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Similar Posts