
ലിജീഷ് കുമാറിന്റെ തിരക്കഥയിൽ ആമിർ പളളിക്കലിന്റെ പുതിയ ചിത്രം വരുന്നു
|എൻഎസ്എസ് ക്യാമ്പ് പശ്ചാത്തലമായിട്ടാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്
ആയിഷ, ഇഡി എന്നി ചിത്രങ്ങൾക്ക് ശേഷം സംവിധായകൻ ആമിർ പളളിക്കൽ ഒരുക്കുന്ന പുതിയ ചിത്രം വരുന്നു. കഥാകൃത്തും നോവലിസ്റ്റുമായ ലിജീഷ്‌കുമാറാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ആമിർ പളളിക്കൽ നേതൃത്വം കൊടുക്കുന്ന പുതിയ പ്രൊഡക്ഷൻ ഹൗസ് ആയിരിക്കും ചിത്രത്തിന്റെ നിർമ്മാണം എന്നാണ് റിപ്പോർട്ടുകൾ.
ഒരു എൻഎസ്എസ് ക്യാമ്പ് പശ്ചാത്തലമായിട്ടാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. മലയാളത്തിൽ ആദ്യമായിട്ടാകും ഒരു മുഴുനീള എൻഎസ്എസ് ക്യാമ്പ് പടം ഒരുങ്ങുന്നതെന്നാണ് സംവിധായകൻ ആമിർ അവകാശപ്പെടുന്നതും. എഴുത്തുകാരനായ ലിജീഷ് കുമാറിന്റെ തിരക്കഥയിൽ ഒരുങ്ങുന്ന ആദ്യ ചിത്രം കൂടിയാണ് ഇത്.
ഐപിസി 295 എ, കലാഭവൻ മണി-ഓർമ്മകളിലെ മണിമുഴക്കം, 51 സാക്ഷികൾ, ഓർമ്മകൾ എന്റെ ഉറക്കം കെടുത്തുന്നു, വർത്തമാന പുസ്തകം, ഗുജറാത്ത്, മമ്മൂട്ടി കണ്ടു കണ്ട് പെരുകുന്ന കടൽ എന്നിങ്ങനെ കഥയും നോവലും ഓർമ്മക്കുറിപ്പുകളും അനുഭവങ്ങളും അടക്കം നിരവധി വ്യത്യസ്ത തലങ്ങളിലുളള പുസ്തകങ്ങൾ രചിച്ച ലിജീഷിന് ധാരാളം പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. ചിത്രത്തിന്റെ ടൈറ്റിൽ അനൗൺസ്‌മെന്റും പുതിയ പ്രൊഡക്ഷൻ കമ്പനിയുടെ ലോഞ്ചും കൊച്ചി ലുലു മാരിയട്ടിൽ വെച്ച് വരുന്ന ഒക്ടോബർ 2 വ്യാഴാഴ്ച വൈകുന്നേരമാണ് നടക്കുക. അഭിനേതാക്കളും അണിയറ പ്രവർത്തകരും അടങ്ങുന്ന വലിയ നിര തന്നെ ചടങ്ങിൽ പങ്കെടുക്കും.
മഞ്ജുവാര്യർ പ്രധാനകഥാപാത്രത്തെ അഭിനയിച്ച ആയിഷയായിരുന്നു ആമിറിന്റെ ആദ്യചിത്രം. ഇൻഡോ-അറബിക് ചിത്രമായി വലിയ ക്യാൻവാസിൽ ഒരുങ്ങിയ ആയിഷ വലിയ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. സുരാജ് വെഞ്ഞാറമൂട് നായകനായി 2024 ഡിസംബറിൽ തിയറ്ററിൽ എത്തിയ ഡാർക്ക് ഹ്യൂമർ വിഭാഗത്തിലുളള എക്‌സ്ട്രാ ഡീസന്റായിരുന്നു ആമിറിന്റെ മറ്റൊരു ചിത്രം. സുരാജിന്റെ കരിയർ ബെസ്റ്റ് പെർഫോമൻസ് എന്നൊക്കെ പ്രേക്ഷകർ വിശേഷിപ്പിച്ച ചിത്രം കൂടിയായിരുന്നു ഇത്.