< Back
Entertainment
എപ്പോള്‍ പുതിയ ഫോണ്‍ വാങ്ങിയാലും പൊലീസുകാര്‍ കൊണ്ടുപോകും; അന്വേഷണ സംഘത്തെ പരിഹസിച്ച് ദിലീപ്
Click the Play button to hear this message in audio format
Entertainment

എപ്പോള്‍ പുതിയ ഫോണ്‍ വാങ്ങിയാലും പൊലീസുകാര്‍ കൊണ്ടുപോകും; അന്വേഷണ സംഘത്തെ പരിഹസിച്ച് ദിലീപ്

Web Desk
|
29 Sept 2022 10:52 AM IST

സംവിധായകൻ അരുൺ ​ഗോപി, നാദിർഷ, നടൻ ടിനി ടോം, ഷിയാസ് കരീം, സാനിയ ഇയ്യപ്പൻ എന്നിവരും വേദിയിലുണ്ടായിരുന്നു

കൊച്ചി: താനെപ്പോള്‍ പുതിയ ഫോണ്‍ വാങ്ങിയാലും അതു പൊലീസുകാര്‍ വന്നുകൊണ്ടുപോകുന്ന അവസ്ഥയാണെന്ന് നടന്‍ ദിലീപ്. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ സംഘത്തെ പരോക്ഷമായി പരിഹസിച്ചുകൊണ്ടായിരുന്നു ദിലീപിന്‍റെ വാക്കുകള്‍. വൈറ്റിലയില്‍ പുതിയ മൊബൈല്‍ ഷോറൂമിന്‍റെ ഉദ്ഘാടന ചടങ്ങിനിടെയാണ് തമാശരൂപേണ ദിലീപിന്‍റെ പ്രതികരണം. സംവിധായകൻ അരുൺ ​ഗോപി, നാദിർഷ, നടൻ ടിനി ടോം, ഷിയാസ് കരീം, സാനിയ ഇയ്യപ്പൻ എന്നിവരും വേദിയിലുണ്ടായിരുന്നു.

ദിലീപിന്‍റെ വാക്കുകൾ

മിക്ക മൊബൈൽ ഷോപ്പ് ഉടമസ്ഥരും പുതിയ ഫോൺ ഇറങ്ങിയാൽ എന്നെയാകും ആദ്യം വിളിക്കുക. ഏറ്റവും കൂടുതൽ ഫോൺ വാങ്ങിക്കുന്ന ആളായി മാറിയിരിക്കുകയാണ് ഞാൻ. എപ്പോൾ പുതിയ ഫോൺ വാങ്ങിയാലും പൊലീസുകാർ വന്ന് കൊണ്ട് പോകും. കഴിഞ്ഞ തവണ ഐ ഫോൺ 13 പ്രൊ ഇറങ്ങിയപ്പോൾ എനിക്ക് തന്നിരുന്നു. അതും എന്‍റെ കയ്യിൽ നിന്ന് പോയി. ഇപ്പോൾ ഞാൻ പ്രാർഥിച്ചാണ് നിൽക്കുന്നത്. ഇവർ ഇത്തവണ 14 പ്രൊ തരുമെന്നാണ് പറയുന്നത്. അതാരും കൊണ്ടുപോവല്ലേ എന്ന പ്രാർഥനയിലാണ് ഞാൻ...ദിലീപ് പറഞ്ഞു.

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന്‍റെ ഭാഗമായി നേരത്തെ ദിലീപിന്‍റെ ഫോണുകള്‍ ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കിയിരുന്നു. അതേസമയം സിനിമയില്‍ വീണ്ടും സജീവമാകാനൊരുങ്ങുകയാണ് താരം. രാമലീലക്ക് ശേഷം അരുണ്‍ ഗോപിയുമായി ഒന്നിക്കുന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് കൊച്ചിയില്‍ ആരംഭിച്ചു. തെന്നിന്ത്യന്‍ നടി തമന്നയാണ് പേരിടാത്ത ചിത്രത്തിലെ നായിക. വോയ്സ് ഓഫ് സത്യനാഥനാണ് അണിയറയില്‍ ഒരുങ്ങുന്ന മറ്റൊരു ദിലീപ് ചിത്രം. റാഫി-ദിലീപ് കൂട്ടുകെട്ടില്‍ ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഈ സിനിമക്കുണ്ട്.


Similar Posts