< Back
Entertainment
രാജ്യദ്രോഹികൾ കുഴൽപ്പണ വാർത്തയുമായി ഇറങ്ങിയിരിക്കുന്നു, എന്താണ് ഞങ്ങളുടെ ജി ചെയ്ത തെറ്റ്?
Entertainment

'രാജ്യദ്രോഹികൾ കുഴൽപ്പണ വാർത്തയുമായി ഇറങ്ങിയിരിക്കുന്നു, എന്താണ് ഞങ്ങളുടെ ജി ചെയ്ത തെറ്റ്?'

Web Desk
|
3 Jun 2021 10:22 AM IST

കെ സുരേന്ദ്രനെ പരിഹസിച്ച് ഹരീഷ് പേരടി

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനെ പരിഹസിച്ച് നടൻ ഹരീഷ് പേരടി. എന്‍ഡിഎ സ്ഥാനാര്‍ഥിയാകാന്‍ സി കെ ജാനുവിന് കെ സുരേന്ദ്രന്‍ 10 ലക്ഷം രൂപ നല്‍കിയെന്ന വെളിപ്പെടുത്തല്‍ ബിജെപിയെ വെട്ടിലാക്കിയിരിക്കുകയാണ്. ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി സംസ്ഥാന ട്രഷറര്‍ പ്രസീത അഴീക്കോടും സുരേന്ദ്രനും തമ്മിലുള്ള ഫോണ്‍ സംഭാഷണത്തിന്‍റെ ശബ്ദരേഖ പുറത്തുവന്നതിന് പിന്നാലെയാണ് ഹരീഷ് പേരടിയുടെ പരിഹാസം.

ഒരു പാവപ്പെട്ട ദലിത് സ്ത്രീയുടെ കടബാദ്ധ്യതകൾ തീർക്കാൻ സഹായിക്കുകയും അവരുടെ സാമൂഹ്യ സാമ്പത്തിക നിലവാരം ഉയർത്താൻ ശ്രമിക്കുകയും ചെയ്തതാണോ ഞങ്ങളുടെ ജി ചെയ്ത തെറ്റെന്നാണ് ഹരീഷ് പേരടിയുടെ ചോദ്യം. ലക്ഷദീപിൽ വികസനം നടത്താൻ വേണ്ടി കഷ്ടപ്പെടുന്നതിനിടയിലാണ് രാജ്യദ്രോഹികൾ പുതിയ കുഴൽപ്പണ വാർത്തയുമായി ഇറങ്ങിയിരിക്കുന്നതെന്നും ഹരീഷ് പേരടി ട്രോള്‍ രൂപത്തിലുള്ള കുറിപ്പില്‍ പറഞ്ഞു.

ഹരീഷ് പേരടിയുടെ കുറിപ്പ്

ഒരു പാവപ്പെട്ട ദലിത് സ്ത്രീയുടെ കടബാദ്ധ്യതകൾ തീർക്കാൻ വേണ്ടി സഹായിക്കാൻ ശ്രമിക്കുകയും അവരുടെ സാമൂഹ്യ സാമ്പത്തിക നിലവാരം ഉയർത്താൻ ശ്രമിച്ചതുമാണോ ഞങ്ങളുടെ ജി ചെയ്ത തെറ്റ്. 7ന് ദേശീയ നേതാവ് വരുന്നതിനുമുമ്പ് 6ന് കാശായി കയ്യിൽ കൊടുക്കാം എന്ന് വാക്ക് പറഞ്ഞതാണോ ഞങ്ങളുടെ ജിയുടെ തെറ്റ്? വാക്കാണ് വലുത് എന്ന് നമുക്ക് എല്ലാവർക്കുമറിയാവുന്നതല്ലെ? ഇതു കൊണ്ടാണ് നിങ്ങളോട് പാക്കിസ്ഥാനിലേക്ക് പോകാൻ ഞങ്ങൾ ഇടക്കിടെ പറഞ്ഞുകൊണ്ടിരിക്കുന്നത്. നിങ്ങളില്ലാത്ത ഈ രാജ്യത്ത് ഞങ്ങൾക്ക് ഹെലികോപ്റ്റർ ഇല്ലാതെ തന്നെ പാവപ്പെട്ടവർക്ക് കാശുക്കൊടുത്ത് സഹായിക്കാൻ പറ്റും. ലക്ഷദ്വീപിൽ വികസനം നടത്താൻ വേണ്ടി കഷ്ടപ്പെടുന്നതിനിടയിലാണ് രാജ്യദ്രോഹികൾ പുതിയ കുഴൽപ്പണ വാർത്തയുമായി ഇറങ്ങിയിരിക്കുന്നത്. നല്ലത് ആര് ചെയ്താലും നല്ലതാണെന്ന് പറയാൻ പറ്റണം. അതിനൊക്കെ രാജ്യസ്നേഹം വേണടോ. രാജ്യസ്നേഹം.

Similar Posts