< Back
Entertainment
actor salim kumar about his politics

സലിംകുമാര്‍

Entertainment

കോണ്‍ഗ്രസുകാരനാണ്, ഐ ഗ്രൂപ്പുകാരനാണ്, അതിന്‍റെ പേരില്‍ നഷ്ടങ്ങളുണ്ടായിട്ടുണ്ട്: സലിംകുമാര്‍

Web Desk
|
12 Jun 2023 4:38 PM IST

'കരുണാകരനോട് ആരാധനയായിരുന്നു, രമേശ് ചെന്നിത്തലയോടും ഇഷ്ടമാണ്'

കൊച്ചി: താന്‍ കോണ്‍ഗ്രസുകാരനാണെന്നും കെ.കരുണാകരനോട് ആരാധനയായിരുന്നുവെന്നും നടന്‍ സലികുമാര്‍. കോണ്‍ഗ്രസുകാരനാണെന്നും ഐ ഗ്രൂപ്പുകാരനാണെന്നും താന്‍ എല്ലായിടത്തും പറയാറുണ്ട്. അതിന്‍റെ പേരില്‍ ഒരുപാടു നഷ്ടങ്ങളുണ്ടായിട്ടുണ്ടെന്നും സലിംകുമാര്‍ ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

"എന്‍റെ അച്ഛന്‍ കോണ്‍ഗ്രസുകാരനായതിന്‍റെ പേരിലാണ് ഞാനും കോണ്‍ഗ്രസുകാരനായത്. അച്ഛന്‍ ചെറുപ്പത്തില്‍ എന്നെ ജാഥയ്ക്കും സമ്മേളനങ്ങള്‍ക്കും കൊണ്ടുപോകുമായിരുന്നു. കെ.കരുണാകരനോട് വലിയ ഇഷ്ടമായിരുന്നു എനിക്ക്. അദ്ദേഹത്തിന്റെ പ്രസംഗങ്ങളോട് ഇഷ്ടമായിരുന്നു. ആരാധനയുണ്ടായിരുന്നു.

കൊച്ചുകുട്ടിയായിരുന്നപ്പോള്‍ ഒരു ദിവസം അച്ഛന്‍ പറഞ്ഞു, ഇന്ന് ക്ലാസില്‍ പോകേണ്ടെന്ന്. ഒരാള്‍ക്ക് മാലയിടാനുണ്ടെന്ന് പറഞ്ഞു. അന്ന് രാജന്‍ കേസിന്റെ വിസ്താരം നടക്കുന്ന സമയമാണ്. കെ.കരുണാകരന്‍ ഞങ്ങളുടെ നാട്ടില്‍ വരുന്നുണ്ടായിരുന്നു. അച്ഛന്‍ എന്നെയും കൊണ്ടുപോയി. എല്ലാവരും നോട്ട് മാലയിടുന്നുണ്ട്. ഈ പൈസ കേസ് നടത്താനായിരുന്നു. അന്ന് ഞാന്‍ ഒരു നോട്ട് മാലയിട്ടു. അന്ന് അദ്ദേഹം എന്റെ കവിളില്‍ തലോടി. അന്ന് മുതല്‍ ഞാനൊരു കരുണാകര ഭക്തനായി മാറി"- സലിംകുമാര്‍ പറഞ്ഞു.

പറവൂര്‍ ട്രാന്‍സ്‌പോര്‍ട്ട് സ്റ്റാന്റിന്റെ കല്ലിടല്‍ കര്‍മത്തിന് കരുണാകരന്‍ വരുന്നുണ്ടെന്ന് അറിഞ്ഞ് താന്‍ പോയിരുന്നുവെന്നും സലിംകുമാര്‍ പറഞ്ഞു. അന്ന് പറവൂര്‍ എം.എല്‍.എ എന്‍. ശിവന്‍പിള്ളയായിരുന്നു അധ്യക്ഷ പ്രസംഗം. കരുണാകരന്‍ ഉദ്ഘാടനവും. അധ്യക്ഷ പ്രസംഗത്തില്‍ അസാധ്യമായ ശിവന്‍പിള്ള തമാശ പറഞ്ഞ് എല്ലാവരെയും ചിരിപ്പിച്ചു. കരുണാകരന്‍ ഇനിയെന്ത് പറയുമെന്ന് ഓര്‍ത്തു സങ്കടം തോന്നി. പക്ഷെ കരുണാകരന്‍ പ്രസംഗത്തില്‍ ശിവന്‍പിള്ളയെ കടത്തിവെട്ടി. അത്രയും ഹ്യൂമറായിരുന്നു. അതോടെ ആരാധന ഇരട്ടിയായെന്നും സലിംകുമാര്‍ പറഞ്ഞു.

"രമേശ് ചെന്നിത്തലയോടും ഇഷ്ടമാണ്. ഞാന്‍ കോണ്‍ഗ്രസുകാരനാണെന്നും ഐ ഗ്രൂപ്പുകരനാണെന്നും എല്ലായിടത്തും പറയാറുണ്ട്. അതിന്റെ പേരില്‍ ഒരുപാട് നഷ്ടങ്ങളുമുണ്ടായിട്ടുണ്ട്. അതിനി പറഞ്ഞിട്ട് കാര്യവുമില്ല. എനിക്ക് വന്ന് ചേരാത്ത ഒന്നിനെയും ഞാന്‍ നഷ്ടങ്ങളായി കണ്ടിട്ടില്ല. സിനിമയിലെ അവസരങ്ങള്‍ മാത്രമല്ല, ഒരുപാട് കാര്യങ്ങളില്‍ നിന്ന് കോണ്‍ഗ്രസുകാരനായതിന്റെ പേരില്‍ എന്നെ മാറ്റിനിര്‍ത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താത്പര്യമില്ല. ഞാന്‍ അതിന് പറ്റിയ ആളല്ല. സിനിമാക്കാര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാതിരിക്കുന്നതാണ് നല്ലത്. അമിതാഭ് ബച്ചന്‍ പോലും പരാജയമായിരുന്നു"- സലിംകുമാര്‍ പറഞ്ഞു.

ഇന്നത്തെ സിനിമകളിൽ കോമഡിയുടെ അഭാവമുണ്ടെന്നും പൊളിറ്റിക്കൽ കറക്റ്റ്നസ് ഹാസ്യത്തെ ബാധിച്ചെന്നും സലിംകുമാര്‍ പറഞ്ഞു- "ഇന്ന് തമാശ നിറഞ്ഞ കഥാപാത്രങ്ങളില്ല. അതുകൊണ്ടാണ് ഞങ്ങൾ വളരെ ഗൗരവമേറിയ കഥാപാത്രങ്ങൾ ചെയ്യുന്നത്. എനിക്കിപ്പോഴും കോമഡി ചെയ്യാൻ ഇഷ്ടമാണ്. പക്ഷെ ഹാസ്യത്തിന്റെ ക്ഷാമം അനുഭവപ്പെടുന്നുണ്ട്. ആളുകളെ പൊട്ടിച്ചിരിപ്പിക്കാൻ എനിക്ക് ഇഷ്ടമാണ്. ഇപ്പോൾ നമുക്ക് ഒരാളെ മൊട്ടയെന്നും കറുത്തവനെന്നും വിളിക്കാൻ പാടില്ല. എന്തു പറഞ്ഞാലും അതിൽ പൊളിറ്റിക്കൽ കറക്റ്റ്നസ് പിന്തുടരണം. എപ്പോഴാണ് ഇതിനെ ചൊല്ലി കേസ് വരുന്നതെന്ന് നമുക്കറിയില്ല".

Similar Posts