< Back
Entertainment
രണ്ടു തവണ രാജ്യസഭാ സീറ്റ് നിരസിച്ചിട്ടുണ്ട്; വെളിപ്പെടുത്തലുമായി സോനു സൂദ്
Entertainment

രണ്ടു തവണ രാജ്യസഭാ സീറ്റ് നിരസിച്ചിട്ടുണ്ട്; വെളിപ്പെടുത്തലുമായി സോനു സൂദ്

Web Desk
|
21 Sept 2021 11:41 AM IST

താന്‍ എപ്പോഴും രാജ്യത്തിന്‍റെ നിയമങ്ങള്‍ അനുസരിക്കുന്ന പൗരനാണെന്നും അദ്ദേഹം പറഞ്ഞു

നികുതി വെട്ടിപ്പ് നടത്തിയെന്ന് ആരോപിച്ച് ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിന് പിന്നാലെ കൂടുതല്‍ വെളിപ്പെടുത്തലുമായി ബോളിവുഡ് നടന്‍ സോനു സൂദ്. താന്‍ രണ്ട് തവണ രാജ്യസഭാ സീറ്റ് നിരസിച്ചിട്ടുണ്ടെന്ന് സോനു സൂദ് പറഞ്ഞതായി എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്യുന്നു.

''അവര്‍ ആവശ്യപ്പെട്ടെ രേഖകളും വിശദാംശങ്ങളും ഞാന്‍ നല്‍കി. അവര്‍ ചോദിച്ച ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം നല്‍കി. ഞാന്‍ എന്‍റെ ഭാഗം ചെയ്തു, അവര്‍ അവരുടെ ജോലിയും. അതൊരു പ്രക്രിയയുടെ ഭാഗമാണ്'' സോനു സൂദ് പറഞ്ഞു. താന്‍ എപ്പോഴും രാജ്യത്തിന്‍റെ നിയമങ്ങള്‍ അനുസരിക്കുന്ന പൗരനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്‍റെ ഫൗണ്ടേഷനിലെ ഓരോ രൂപയും ഒരു വിലയേറിയ ജീവന്‍ രക്ഷിക്കാനും ആവശ്യമുള്ളവരില്‍ എത്തിച്ചേരാനും കാത്തിരിക്കുകയാണെന്നും കൂടാതെ, പല അവസരങ്ങളിലും മാനുഷിക മൂല്യമുള്ള കാര്യങ്ങള്‍ക്കായി താനുമായി കരാറില്‍ ഏര്‍പ്പെട്ട തുക സംഭാവന ചെയ്യാന്‍ ബ്രാന്‍ഡുകളെ പ്രോത്സാഹിപ്പിച്ചിട്ടുണ്ടെന്നും ഇത് തങ്ങളെ മുന്നോട്ടു കൊണ്ടുപോകുന്നെന്നും അദ്ദേഹം പറഞ്ഞു.

സോനു സൂദ് 20 കോടി രൂപ വെട്ടിച്ചെന്നായിരുന്നു ആദായ നികുതി വകുപ്പ് ആരോപിച്ചത്. മുംബൈയിലുള്ള സോനുവിന്‍റെ വീടുകളിലും സ്ഥാപനങ്ങളിലും നാലു ദിവസമായി നടത്തിയ റെയ്ഡിന് ശേഷമാണ് 20 കോടി രൂപ താരം വെട്ടിച്ചതായി ആദായ നികുതി വകുപ്പ് വ്യക്തമാക്കിയത്.

കോവിഡ് കാലത്ത് സേവനപ്രവര്‍ത്തനങ്ങളുമായി മുന്നില്‍ നിന്ന താരമാണ് സോനു. ലോക്ഡൌണ്‍ കാലത്ത് പലയിടങ്ങളിലായി കുടുങ്ങിപ്പോയ തൊഴിലാളികളെ നാട്ടിലെത്താന്‍ അദ്ദേഹം സഹായിച്ചിരുന്നു. ചികിത്സ സഹായമുള്‍പ്പെടെ നിരവധി കാര്യങ്ങളാണ് അദ്ദേഹം ചെയ്തത്.

Similar Posts