
'മുപ്പത് വർഷങ്ങൾക്ക് മുമ്പ് അമ്മ നിങ്ങളെ പ്രണയിച്ചു, ഇപ്പോൾ ഞാനും'; ഇഷ്ടം പറഞ്ഞ ആരാധികയ്ക്ക് രസികൻ മറുപടിയുമായി ടോം ക്രൂസ്
|മിഷൻ ഇംപോസിബിൾ 7 പ്രീമിയറിൽ ടോം ക്രൂസിനൊപ്പമുള്ള മനോഹരമായ നിമിഷം ആസ്വദിച്ചുവെന്നാണ് ആരാധിക വീഡിയോക്കൊപ്പം കുറിച്ചത്.
പ്രണയാഭ്യർഥന നടത്തിയ ആരാധികക്ക് രസകരമായ മറുപടിയുമായി അമേരിക്കൻ നടൻ ടോം ക്രൂസ്. മിഷൻ ഇംപോസിബിൾ സിനിമാ പരമ്പരയിലെ ഏറ്റവും പുതിയ ചിത്രമായ ഡെഡ് റെക്കണിങ് പാർട്ട് വണ്ണിന്റെ പ്രീമിയർ സംഘടിപ്പിച്ചിരുന്നു. ടോം ക്രൂസും പ്രീമിയറിനെത്തിയിരുന്നു. ഈ ചടങ്ങിന്റെ ഇടവേളയിലാണ് താരത്തിനോട് ആരാധിക തന്റെ ഇഷ്ടം വെളിപ്പെടുത്തിയത്. ഗ്രേസ് ടിആർഎക്സ് എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് വിഡിയോ പുറത്തു വന്നത്.
'30 വർഷങ്ങൾക്ക് മുമ്പ് അമ്മ നിങ്ങളെ പ്രണയിച്ചിരുന്നതായി അച്ഛനോട് പറഞ്ഞു. ഇപ്പോൾ അമ്മ മാത്രമല്ല ഞാനും നിങ്ങളെ പ്രണയിക്കുന്നു'- ആരാധിക പറഞ്ഞു. 'നിങ്ങളുടെ പിതാവിന് അതൊരു പ്രശ്നമല്ലെന്ന് തോന്നുവെന്നായിരുന്നു' ചിരിച്ചു കൊണ്ട് ടോം മറുപടി പറഞ്ഞത്. ആരാധികയുടെയും ടോം ക്രൂസിന്റേയും വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.
തിങ്കളാഴ്ച നടന്ന മിഷൻ ഇംപോസിബിൾ 7 പ്രീമിയറിൽ ടോം ക്രൂസിനൊപ്പമുള്ള മനോഹരമായ നിമിഷം ആസ്വദിച്ചുവെന്നാണ് ആരാധിക വീഡിയോക്കൊപ്പം കുറിച്ചത്. ഹൈസ്കൂൾ മുതൽ ടോം ക്രൂസെന്ന നടനേയും അദ്ദേഹത്തിന്റെ സിനിമകളേയും താൻ സ്നേഹിച്ചിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു. ഏകദേശം 208 മില്ല്യൺ വ്യൂവും, 4.7 ലക്ഷം ലൈക്കുകളുമാണ് ഈ വീഡിയോക്ക് ലഭിച്ചത്.
മിഷൻ ഇംപോസിബിൾ എന്ന ഒറ്റച്ചിത്രം കൊണ്ട് ടോം സമ്പാദിച്ച ആരാധകരെത്രയെന്ന് പറഞ്ഞു ഫലിപ്പിക്കാനാവില്ല. സംഘട്ടനരംഗങ്ങൾ ഡ്യൂപ്പില്ലാതെ ചെയ്യുന്ന നടന്റെ ബിഹൈൻഡ് ദ സീൻ വീഡിയോകളും ഏറെ ചർച്ചയാവാറുണ്ട്. ക്രിസ്റ്റഫർ മക്‌വറിയാണ് മിഷൻ ഇംപോസിബിൾ 7 സംവിധാനം ചെയ്യുന്നത്. വിങ് റാമേസ്, സെെമൺ പെഗ്, റബേക്ക ഫെർഗ്യൂസൺ തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തിൽ വേഷമിടുന്നു.