< Back
Entertainment
actress arthana binu
Entertainment

വീട്ടില്‍ അതിക്രമിച്ച് കയറി വധ ഭീഷണി മുഴക്കി; നടൻ വിജയകുമാറിനെതിരെ മകൾ

Web Desk
|
4 July 2023 3:19 PM IST

സിനിമയിൽ അഭിനയിക്കുന്നത് നിർത്തണമെന്നും അനുസരിച്ചില്ലെങ്കിൽ എന്നെ നശിപ്പിക്കാൻ ഏതറ്റം വരെയും പോകുമെന്നും ഭീഷണിപ്പെടുത്തി. എനിക്ക് അഭിനയിക്കണമെങ്കിൽ അദ്ദേഹം പറയുന്ന സിനിമകളിൽ മാത്രം അഭിനയിക്കാമെന്നു പറഞ്ഞു.

നടൻ വിജയകുമാർ വീട്ടിൽ അതിക്രമിച്ചു കയറി ഭീഷണിപ്പെടുത്തിയെന്ന് മകളും നടിയുമായ അർഥന ബിനു. വിജയകുമാർ വീട്ടിലേക്ക് മതിൽ ചാടിക്കടന്നെത്തുന്ന വീഡിയോ പങ്കുവെച്ചാണ് അർഥന ഇക്കാര്യം അറിയിച്ചത്. പൊലീസിൽ പരാതി പറഞ്ഞിട്ടും ഒരു സഹായവും ലഭിക്കാത്തതുകൊണ്ടാണ് സമൂഹമാധ്യമത്തിൽ പോസ്റ്റിടുന്നതെന്നും നടി കുറിച്ചു.

വിജയകുമാർ ജനൽ വഴി ഭീഷണിപ്പെടുത്തിയ ശേഷം വീടിന്റെ മതിൽ ചാടിക്കടന്നുപോകുന്ന വിഡിയോയും നടി പങ്കുവച്ചിട്ടുണ്ട്. തന്നെയും അമ്മയെയും സഹോദരിയെയും വിജയകുമാർ ഭീഷണിപ്പെടുത്തുന്നതിനെതിരെ പൊലീസിൽ കൊടുത്ത കേസ് നിലനിൽക്കുമ്പോഴാണ് ഇത്തരത്തിലുള്ള അതിക്രമം നടത്തുന്നതെന്ന് അർഥന പറയുന്നു. സിനിമയിൽ അഭിനയിക്കുന്നത് നിർത്താൻ ഏതറ്റം വരെയും പോകുമെന്നും വിജയകുമാർ ഭീഷണിപ്പെടുത്തിയെന്ന് നടി കുറിച്ചു.

അർഥനയുടെ കുറിപ്പ്.... ’’ഏകദേശം 9:45 ന് ഞങ്ങൾ പൊലീസ് സ്റ്റേഷനിൽ സഹായത്തിനായി വിളിച്ചിട്ടും ആരും ഇതുവരെ ഒരു നടപടിയും സ്വീകരിക്കാത്തതിനാലാണ് ഞാൻ ഈ പോസ്റ്റ് ഇടുന്നത്. എന്റെ അച്ഛനും മലയാള ചലച്ചിത്ര നടനുമായ വിജയകുമാറാണ് ഈ വിഡിയോയിലുള്ളത്. ഞങ്ങളുടെ വീട്ടിൽ അതിക്രമിച്ചു കയറിയ ശേഷം മതിൽ ചാടിക്കടന്ന് തിരിച്ചുപോകുന്നതാണ് ഈ വിഡിയോയിൽ കാണുന്നത്. എന്റെ മാതാപിതാക്കൾ നിയമപരമായി വിവാഹമോചനം നേടിയവരാണ്. ഞാനും അമ്മയും സഹോദരിയും 85 വയസുളള എന്റെ അമ്മൂമ്മയ്‌ക്കൊപ്പം ഞങ്ങളുടെ അമ്മയുടെ വീട്ടിലാണ് താമസം. വർഷങ്ങളായി അദ്ദേഹം ഞങ്ങളുടെ വീട്ടിൽ അതിക്രമിച്ചു കയറുന്നുണ്ട്. ഇതിനെതിരെ ഞങ്ങൾ നിരവധി തവണ പൊലീസ് കേസുകൾ കൊടുത്തിട്ടുണ്ട്.’’

’’ഇന്ന് വീടിന്റെ മതിൽ ചാടി കടന്ന് ജനലിലൂടെ ഞങ്ങളെ ഭീഷണിപ്പെടുത്തി. എന്റെ സഹോദരിയെയും മുത്തശ്ശിയെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നത് കേട്ടപ്പോൾ ഞാൻ അദ്ദേഹത്തോട് സംസാരിച്ചു. സിനിമയിൽ അഭിനയിക്കുന്നത് നിർത്തണമെന്നും അനുസരിച്ചില്ലെങ്കിൽ എന്നെ നശിപ്പിക്കാൻ ഏതറ്റം വരെയും പോകുമെന്നും ഭീഷണിപ്പെടുത്തി. എനിക്ക് അഭിനയിക്കണമെങ്കിൽ അദ്ദേഹം പറയുന്ന സിനിമകളിൽ മാത്രം അഭിനയിക്കാമെന്നു പറഞ്ഞു.’’

‍’’ജീവിക്കാൻ വേണ്ടി അമ്മൂമ്മ എന്നെ വിൽക്കുകയാണെന്നാണ് അദ്ദേഹം ആരോപിക്കുന്നത്. ഷൂട്ടിങ് പൂർത്തിയാക്കിയ എന്റെ മലയാളം സിനിമയുടെ പ്രവർത്തകരെയും വിളിച്ച് ചീത്ത പറഞ്ഞു. എന്റെ ജോലിസ്ഥലത്ത് അതിക്രമിച്ച് കയറുന്നതിനും പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നതിനും അമ്മയുടെ ജോലിസ്ഥലത്തും സഹോദരിയുടെ വിദ്യാഭ്യാസ സ്ഥാപനത്തിലും കയറി അരാജകത്വം സൃഷ്ടിച്ചതിനും എതിരെ ഞാനും എന്റെ അമ്മയും ഇദ്ദേഹത്തിനെതിരെ ഫയൽ ചെയ്ത ഒരു കേസ് കോടതിയിൽ നിലനിൽക്കുമ്പോഴാണ് ഇതെല്ലാം സംഭവിക്കുന്നത്.’’

View this post on Instagram

A post shared by Arthana Binu (@arthana_binu)

’’ഞാൻ സിനിമയിൽ അഭിനയിക്കുന്നത് എന്റെ ഇഷ്ടത്തിനാണ്. ആരോഗ്യം അനുവദിക്കുന്നിടത്തോളം കാലം ഞാൻ അഭിനയിക്കും. ഞാൻ ഒരു മലയാള സിനിമയിൽ അഭിനയിക്കുമ്പോൾ അതിൽ നിന്ന് തടയാൻ വി‍ജയകുമാർ കേസ് കൊടുത്തു. ‘ഷൈലോക്ക്’ സിനിമയിൽ അഭിനയിച്ചപ്പോഴും അദ്ദേഹം ഒരു കേസ് ഫയൽ ചെയ്തു, സിനിമ മുടങ്ങാതിരിക്കാൻ ഞാൻ എന്റെ സ്വന്തം ഇഷ്ടപ്രകാരമാണ് സിനിമയിൽ അഭിനയിച്ചതെന്ന് എനിക്ക് എഴുതി ഒപ്പിട്ടു കൊടുക്കേണ്ടിവന്നു. ഇനിയും എഴുതാനുണ്ട്, എന്നാൽ ഇവിടെ പോസ്റ്റിടാൻ പരിമിതിയുള്ളതുകൊണ്ടു നിർത്തുകയാണ്.’’ അർഥന കുറിച്ചു.

Similar Posts