< Back
Entertainment
Aishwarya Bhaskaran

ഐശ്വര്യ ഭാസ്കരന്‍

Entertainment

ഓണ്‍ലൈനിലൂടെ ലൈംഗിക അതിക്രമം നേരിടേണ്ടി വരുന്നു; വെളിപ്പെടുത്തലുമായി നടി ഐശ്വര്യ ഭാസ്കരന്‍

Web Desk
|
21 April 2023 6:21 PM IST

മകളുടെ ഉപദേശപ്രകാരമാണ് വിഷയത്തെക്കുറിച്ച് തുറന്നു സംസാരിക്കാന്‍ തീരുമാനിച്ചതെന്നും ഐശ്വര്യ കൂട്ടിച്ചേര്‍ത്തു

ചെന്നൈ: കഴിഞ്ഞ കുറച്ചുനാളുകളായി ഓണ്‍ലൈനിലൂടെ ലൈംഗിക അതിക്രമം നേരിടേണ്ടി വരുന്നതായി നടി ഐശ്വര്യ ഭാസ്കരന്‍. തന്‍റെ യുട്യൂബ് ചാനലിലൂടെയാണ് നടിയുടെ വെളിപ്പെടുത്തല്‍. മകളുടെ ഉപദേശപ്രകാരമാണ് വിഷയത്തെക്കുറിച്ച് തുറന്നു സംസാരിക്കാന്‍ തീരുമാനിച്ചതെന്നും ഐശ്വര്യ കൂട്ടിച്ചേര്‍ത്തു. അശ്ലീല കമന്‍റുകളിലൂടെ തന്നെ ശല്യപ്പെടുത്തുകയാണ്. ഒരാള്‍ അയാളുടെ സ്വകാര്യഭാഗങ്ങളുടെ ചിത്രമയച്ചതായും നടി പറയുന്നു. ഈ പീഡനം തുടർന്നാൽ നിയമനടപടി സ്വീകരിക്കുമെന്നും ഐശ്വര്യ അറിയിച്ചു.

ഒരു കാലത്ത് തെന്നിന്ത്യന്‍ സിനിമയില്‍ നിറഞ്ഞുനിന്ന താരമായ ഐശ്വര്യ ഇപ്പോള്‍ സോപ്പ് വിറ്റാണ് ജീവിക്കുന്നത്. ഓണ്‍ലൈനിലൂടെ ഓര്‍ഡര്‍ സ്വീകരിക്കുന്നതിനായി തന്‍റെ ഫോണ്‍ നമ്പര്‍ സോഷ്യല്‍മീഡിയയില്‍ ഷെയര്‍ ചെയ്തതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. ഇതോടെ ഫോണിലൂടെ അശ്ലീല സന്ദേശങ്ങളും ഫോട്ടോകളും ലഭിക്കുക പതിവായി. മൾട്ടി മമ്മി എന്ന യൂട്യൂബ് ചാനലിലൂടെയാണ് ഐശ്വര്യ ഈ വിവരങ്ങൾ പങ്കുവെച്ചത്.വിഷയം സൈബര്‍ പൊലീസിന്‍റെ ശ്രദ്ധയില്‍ പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്നും എന്നാല്‍ ഇതാവര്‍ത്തിച്ചാല്‍ നിയമനടപടി സ്വീകരിക്കാൻ നിർബന്ധിതയാകുമെന്നും അവര്‍ പറഞ്ഞു.

52 വയസുകാരിയായ തന്നോട് ഇങ്ങനെയാണ് പെരുമാറുന്നതെങ്കില്‍ നാട്ടിലെ മറ്റ് പെണ്‍കുട്ടികളുടെ അവസ്ഥ എന്തായിരിക്കുമെന്ന് ചോദിച്ച ഐശ്വര്യ അശ്ലീല സന്ദേശം അയച്ചവരുടെ ഫോട്ടോയും അശ്ലീല സന്ദേശങ്ങളുടെ സ്ക്രീന്‍ ഷോട്ടും വീഡിയോയില്‍ പങ്കുവച്ചു.'' അധ്വാനിച്ച് ജീവിക്കുന്ന സ്ത്രീയാണ് ഞാന്‍. എല്ലാ പുരുഷന്മാരെക്കുറിച്ചുമല്ല ഞാന്‍ പറയുന്നത്. മാന്യരായ ഒരുപാട് പുരുഷന്മാര്‍ എന്‍റെ കൈയില്‍ നിന്നും സോപ്പ് വാങ്ങാറുണ്ട്. പൊലീസിനെയോ സൈബര്‍ ക്രൈം വിഭാഗത്തെയോ സമീപിച്ചാല്‍ അത് വലിയ വാര്‍ത്താപ്രാധാന്യം നേടും. ചാനലുകള്‍ എങ്ങനെ എഡിറ്റ് ചെയ്ത് കാണിക്കുമെന്ന് പറയാനാവില്ല. അതുകൊണ്ടാണ് സ്വന്തം യുട്യൂബ് ചാനലിലൂടെ ഇത് പറയുന്നത്.'–ഐശ്വര്യ പറഞ്ഞു.

ഒളിയമ്പുകള്‍,ജാക്പോട്ട്,ബട്ടര്‍ഫ്ലൈസ്,നരസിംഹം,സത്യമേവ ജയതേ, പ്രജ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയായ നടിയാണ് ഐശ്വര്യ. തമിഴ്,കന്നഡ,തെലുങ്ക് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. നടി ലക്ഷ്മിയുടെ മകളാണ്.



Similar Posts