< Back
Entertainment
Gauthami

ഗൗതമിയും മകളും

Entertainment

25 കോടിയുടെ സ്വത്ത് തട്ടിയെടുത്തു,തനിക്കും മകള്‍ക്കുമെതിരെ വധഭീഷണി; പരാതിയുമായി നടി ഗൗതമി

Web Desk
|
14 Sept 2023 11:15 AM IST

വസ്തു വില്‍ക്കാന്‍ സഹായിക്കാമെന്ന് അളഗപ്പനും ഭാര്യയും വാഗ്‍ദാനം ചെയ്തിരുന്നു

ചെന്നൈ: 80-90 കാലഘട്ടങ്ങളില്‍ തെന്നിന്ത്യന്‍ സിനിമയില്‍ നിറഞ്ഞുനിന്ന നടിയാണ് ഗൗതമി. രജനീകാന്ത്,കമല്‍ഹാസന്‍,മമ്മൂട്ടി,മോഹന്‍ലാല്‍,സുരേഷ് ഗോപി തുടങ്ങിയ സൂപ്പര്‍താരങ്ങളുടെ എല്ലാം നായികയായിട്ടുണ്ട് താരം. വിവാഹമോചിതയായ നടി മകള്‍ സുബ്ബുലക്ഷ്മിയോടൊപ്പമാണ് താമസിക്കുന്നത്. ഇപ്പോഴിതാ വ്യാജരേഖയുണ്ടാക്കി തന്‍റെ 25 കോടി രൂപയുടെ സ്വത്ത് തട്ടിയെടുത്തുവെന്ന പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ് താരം.

തമിഴ്‌നാട്ടിലെ ശ്രീപെരുംപുത്തൂർ ഉൾപ്പെടെയുള്ള ചില പ്രദേശങ്ങളിൽ തനിക്ക് സ്വത്തുക്കളുണ്ടെന്നും ആരോഗ്യനില മോശമായതിനാല്‍ 46 ഏക്കർ വസ്തു വിൽക്കാൻ ബില്‍ഡറായ അളഗപ്പനെ ഏല്‍പ്പിച്ചിരുന്നതായും നടി പറയുന്നു. വസ്തു വില്‍ക്കാന്‍ സഹായിക്കാമെന്ന് അളഗപ്പനും ഭാര്യയും വാഗ്‍ദാനം ചെയ്തിരുന്നു. അവരോടുള്ള വിശ്വാസത്തില്‍ പവര്‍ ഓഫ് അറ്റോണിയും ഒപ്പിട്ടു നല്‍കിയിരുന്നു. അളഗപ്പനും കുടുംബവും തന്‍റെ ഒപ്പ് ഉപയോഗിച്ച് വ്യാജരേഖ ചമച്ച് 25കോടിയോളം രൂപയുടെ സ്വത്ത് തട്ടിയെടുത്തെന്നാണ് ഗൗതമിയുടെ ആരോപണം.

ബാങ്ക് ഇടപാടുകളുടെ പരിശോധനയിൽ നാല് തരം തട്ടിപ്പുകളാണ് കണ്ടെത്തിയത്.അളഗപ്പനെ സഹായിക്കുന്ന രാഷ്ട്രീയ ഗുണ്ടകളിൽ നിന്ന് തനിക്കും മകൾക്കും വധഭീഷണിയുണ്ടെന്നും ഇത് സുബ്ബുലക്ഷ്മിയുടെ പഠനത്തെ ബാധിക്കുന്നതായും 54 കാരിയായ ഗൗതമിയുടെ പരാതിയില്‍ പറയുന്നു.അര്‍ബുദത്തെ അതിജീവിച്ച വ്യക്തി കൂടിയാണ് ഗൗതമി. സ്വത്തുക്കള്‍ വീണ്ടെടുത്തു തരണമെന്നും കുറ്റക്കാര്‍ക്കെതിരെ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും നടി ആവശ്യപ്പെട്ടു. ചെന്നൈ സെൻട്രൽ ക്രൈംബ്രാഞ്ച് പൊലീസ് പരാതിയിൽ അന്വേഷണം നടത്തി അളഗപ്പനും കുടുംബത്തിനും നോട്ടീസ് അയക്കുമെന്നാണ് റിപ്പോര്‍ട്ട്.

Related Tags :
Similar Posts