< Back
Entertainment
ഞങ്ങളുടെ സ്വകാര്യത മാനിക്കണം, തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുത്; ഭർത്താവിന്റെ വിയോഗത്തിന് പിന്നാലെ അഭ്യർഥനയുമായി നടി മീന
Entertainment

'ഞങ്ങളുടെ സ്വകാര്യത മാനിക്കണം, തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുത്'; ഭർത്താവിന്റെ വിയോഗത്തിന് പിന്നാലെ അഭ്യർഥനയുമായി നടി മീന

Web Desk
|
1 July 2022 8:20 PM IST

ചൊവ്വാഴ്ചയാണ് നടിയുടെ ഭർത്താവ് വിദ്യാസാഗർ കോവിഡാനന്തര ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. ശ്വാസകോശത്തിലെ അണുബാധയാണ് മരണകാരണം.

ചെന്നൈ: ഭർത്താവിന്റെ മരണത്തിന് പിന്നാലെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുതെന്ന അപേക്ഷയുമായി നടി മീന. ചൊവ്വാഴ്ചയാണ് നടിയുടെ ഭർത്താവ് വിദ്യാസാഗർ കോവിഡാനന്തര ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. ശ്വാസകോശത്തിലെ അണുബാധയാണ് മരണകാരണം.

വിദ്യാസാഗറിന്റെ മരണകാരണത്തെക്കുറിച്ച് ചില മാധ്യമങ്ങൾ ഊഹാപോഹങ്ങൾ പ്രചരിപ്പിച്ചതിനെ തുടർന്നാണ് മീന സമൂഹമാധ്യമങ്ങളിൽ കുറിപ്പുമായെത്തിയത്. 'എന്റെ പ്രിയ ഭർത്താവ് വിദ്യാസാഗറിന്റെ വേർപാടിൽ എനിക്ക് അതിയായ ദുഃഖമുണ്ട്. ഈ പ്രത്യേക സാഹചര്യത്തിൽ ഞങ്ങളുടെ സ്വകാര്യതയെ മാനിക്കാൻ എല്ലാ മാധ്യമങ്ങളോടും ആത്മാർഥമായി അഭ്യർഥിക്കുന്നു. ദയവായി ഈ വിഷയത്തിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുത്. ദുഷ്‌കരമായ ഈ സമയത്ത്, ഞങ്ങളുടെ കുടുംബത്തെ സഹായിക്കുകയും ഒപ്പം നിലകൊള്ളുകയും ചെയ്ത എല്ലാ നല്ല മനസ്സുകളോടും ഞാൻ നന്ദി രേഖപ്പെടുത്താൻ ആഗ്രഹിക്കുന്നു. മെഡിക്കൽ ടീമിനും, മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, സഹപ്രവർത്തകർ, സുഹൃത്തുക്കൾ, കുടുംബം, മാധ്യമങ്ങൾ എന്നിവർക്കും ഞാൻ നന്ദി പറയുന്നു' - മീന ഫേസ്ബുക്കിൽ കുറിച്ചു.

ബെംഗളൂരുവിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയറായ വിദ്യാസാഗർ കുറച്ചുവർഷങ്ങളായി ശ്വാസകോശ രോഗങ്ങൾക്ക് ചികിത്സയിലായിരുന്നു. ഇതിനിടെയാണ് കഴിഞ്ഞ ജനുവരിയിൽ കോവിഡ് ബാധിച്ചത്. കോവിഡ് മുക്തനായെങ്കിലും ആരോഗ്യസ്ഥിതി വഷളായി. ശ്വാസകോശം മാറ്റിവെക്കണമെന്ന് ഡോക്ടർമാർ നിർദേശിച്ചെങ്കിലും അവയവദാതാവിനെ കിട്ടാത്തതുകൊണ്ട് ശസ്ത്രക്രിയ നീണ്ടുപോയി. വെന്റിലേറ്റർ സഹായത്തോടെയായിരുന്നു ജീവൻ നിലനിർത്തിയിരുന്നത്. 2009 ജൂണിലാണ് മീനയും വിദ്യാസാഗറും വിവാഹിതരായത്. നൈനിക എന്ന മകളുണ്ട്.

🙏

Posted by Actress Meena on Friday, July 1, 2022

Related Tags :
Similar Posts