
'സ്വപ്നതുല്യമായ അവാർഡാണ് ലഭിച്ചത്,അവസരങ്ങൾ കിട്ടിയാൽ ഇനിയും അഭിനയിക്കും'; നടി ഷംല ഹംസ
|സിനിമക്ക് അവാർഡ് ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെന്നും ഷംല ഹംസ മീഡിയവണിനോട് പറഞ്ഞു
മലപ്പുറം: സ്വപ്നതുല്യമായ അവാർഡ് ആണ് ലഭിച്ചതെന്ന് സംസ്ഥാന സർക്കാറിന്റെ മികച്ച നടിയായി തെരഞ്ഞെടുത്ത ഷംല ഹംസ.'സിനിമക്ക് അവാർഡ് ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. നേരത്തെ പ്രേംനസീര്‍ അവാര്‍ഡ് ലഭിച്ചിരുന്നു.ക്രിട്ടിക്സ് അവാര്‍ഡും ലഭിച്ചിരുന്നു.പക്ഷേ സംസ്ഥാന അവാര്‍ഡ് കിട്ടിയത് സ്വപ്നം കാണാന്‍ പോലും കാണാന്‍ പറ്റാത്തതായിരുന്നു..' ഷംല ഹംസ മീഡിയവണിനോട് പറഞ്ഞു.
'പെര്‍ഫോമര്‍ എന്ന നിലയില്‍ ഈ കഥാപാത്രം ഉപേക്ഷിക്കാന്‍ തോന്നിയിരുന്നില്ല.സിനിമയുടെ അണിയറപ്രവര്‍ത്തകരുടെ പിന്തുണ അത്രയേറെ ഉണ്ടായിരുന്നു.'ആയിരത്തൊന്ന് നുണകള്‍' സിനിമക്ക് ശേഷമാണ് 'ഫെമിനിച്ചി ഫാത്തിമ'യിലേക്കുള്ള അവസരം ലഭിച്ചത്. പിതാവ് നാടക നടനായിരുന്നു. കുടുംബത്തിന്‍റെ ഭാഗത്ത് നിന്ന് മികച്ച പിന്തുണയാണ് ലഭിച്ചത്. ഭര്‍ത്താവും ഭര്‍ത്താവിന്‍റെ വീട്ടുകാരും ഉപ്പയും ഉമ്മയും സഹോദരിയുമടക്കം ഒരുപാട് പിന്തുണക്കുന്നു. മകള്‍ വന്നതിന് ശേഷമാണ് എനിക്ക് എത്തിപ്പെടാന്‍ സാധിക്കുമോ എന്ന് സംശയമുള്ള സ്ഥലത്തേക്ക് ഞാന്‍ വന്നത്. അവസരങ്ങൾ കിട്ടിയാൽ ഇനിയും അഭിനയിക്കുമെന്നും സിനിമയിൽ സജീവമാകുമെന്നും' ഷംല പറഞ്ഞു.
ഫാസിൽ മുഹമ്മദ് സംവിധാനം ചെയ്ത 'ഫെമിനിച്ചി ഫാത്തിമ'യിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചതിനാണ് ഷംലയെത്തേടി സംസ്ഥാന സര്‍ക്കാറിന്‍റെ അംഗീകാരം തേടിയെത്തിയത്.