< Back
Entertainment
എങ്ങനെയാണ് ഇത്രയും വെറുപ്പുണ്ടാകുന്നത്, ഇന്ത്യ ഒറ്റ ആശയമല്ല; വിദ്വേഷ പ്രചാരണങ്ങളിൽ നടി ശ്രേയ
Entertainment

'എങ്ങനെയാണ് ഇത്രയും വെറുപ്പുണ്ടാകുന്നത്, ഇന്ത്യ ഒറ്റ ആശയമല്ല'; വിദ്വേഷ പ്രചാരണങ്ങളിൽ നടി ശ്രേയ

Web Desk
|
16 April 2022 11:33 AM IST

നിരവധി പേരാണ് നടിയുടെ ട്വീറ്റ് പങ്കുവച്ചത്

ഹൈദരാബാദ്: ന്യൂനപക്ഷ വിഭാഗങ്ങൾക്കു നേരെ രാജ്യത്തുടനീളം നടക്കുന്ന അതിക്രമങ്ങളിൽ പ്രതികരണവുമായി തെലുങ്ക് നടിയും മോഡലുമായ ശ്രേയ ധൻവാന്താരി. ഇന്ത്യയെന്നത് ഒരൊറ്റ ആശയമല്ലെന്ന് നടി പറഞ്ഞു. ട്വിറ്ററിലാണ് ശ്രേയയുടെ പ്രതികരണം.

'എങ്ങനെയാണ് ഇത്രയും കൂടുതൽ വെറുപ്പുണ്ടാകുന്നത്. ഇന്ത്യയെന്നത് കഠിനമായ പ്രതീക്ഷയുടെ ഒറ്റ ആശയത്തിനും മുകളിലാണ്'- അവർ കുറിച്ചു. നിരവധി പേരാണ് നടിയുടെ ട്വീറ്റ് പങ്കുവച്ചത്.



രാമ നവമി ദിനാഘോഷത്തോടനുബന്ധിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രത്യേക മതസമുദായത്തിന് നേരെയുണ്ടായ അക്രമങ്ങളുടെ പശ്ചാത്തലത്തിലാണ് ശ്രേയയുടെ ട്വിറ്റർ കുറിപ്പ്. മധ്യപ്രദേശ്, ഗുജറാത്ത്, പശ്ചിമബംഗാൾ എന്നിവിടങ്ങളിലായിരുന്നു കൂടുതൽ അനിഷ്ട സംഭവങ്ങൾ റിപ്പോർട്ടു ചെയ്തത്.

നേരത്തെ, ഹലാൽ ഭക്ഷണ വിവാദത്തിനിടെ തന്റെ നിലപാട് വ്യക്തമാക്കിയ നടി കൂടിയാണ് ശ്രേയ. ഇന്ത്യയിലെ നോൺ വെജ് ഭക്ഷണത്തെ കുറിച്ച് ഇന്ത്യ ടുഡേ തയ്യാറാക്കിയ മീറ്റ് ഓൺ ദ മെനു എന്ന കാർഡ് ഷെയർ ചെയ്താണ് ഇവർ ഇക്കാര്യത്തിൽ പ്രതികരിച്ചിരുന്നത്.

ഏഴ് ഹിന്ദി സിനിമകളിലും രണ്ടു തെലുങ്ക് സിനിമയിലും നിരവധി ടെലിവിഷൻ ഷോകളിലും ശ്രേയ അഭിനയിച്ചിട്ടുണ്ട്. സോണി ലൈവിന്റെ സ്‌കാം 1992, ആമസോൺ പ്രൈം വീഡിയോ വെബ് സീരീസായ ദ ഫാമിലി മാൻ എന്നിവയിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. 2008ലെ ഫെമിന മിസ് ഇന്ത്യ സൗത്തിലെ റണ്ണർ അപ്പാണ്. അതേ വർഷം മിസ് ഇന്ത്യ ഫൈനലിസ്റ്റുമായി. ഇംറാൻ ഹാഷ്മി നായകനായ വൈ ചീറ്റ് ഇന്ത്യയിലാണ് ബോളിവുഡ് അരങ്ങേറ്റം.

ദുൽഖർ സൽമാൻ നായകനാകുന്ന ബോളിവുഡ് ത്രില്ലർ 'ചുപി'ലെ നായികയാണിവർ. ആർ ബൽകിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സണ്ണി ഡിയോളും പൂജാ ഭട്ടും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

Similar Posts