< Back
Entertainment
എന്റെ അപ്പ സംഘിയല്ല; ഐശ്വര്യ രജനീകാന്ത്
Entertainment

'എന്റെ അപ്പ സംഘിയല്ല'; ഐശ്വര്യ രജനീകാന്ത്

Web Desk
|
27 Jan 2024 3:51 PM IST

ലാൽ സലാം എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിലാണ് ഐശ്വര്യയുടെ പ്രതികരണം

ചെന്നൈ: തന്റെ അച്ഛൻ സംഘിയല്ലെന്നും സമൂഹമാധ്യമങ്ങളിൽ ഇത്തരം വിമർശനങ്ങൾ വരുമ്പോൾ ദേഷ്യം വരാറുണ്ടെന്നും രജനീകാന്തിന്റെ മകൾ ഐശ്വര്യ. താൻ സംവിധാനം ചെയ്യുന്ന ലാൽ സലാം എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിലാണ് ഐശ്വര്യയുടെ പ്രതികരണം.

'ആളുകൾ അപ്പയെ സംഘിയെന്ന് വിളിക്കുന്നത് കേൾക്കുമ്പോൾ എനിക്ക് ദേഷ്യം വരും. അദ്ദേഹം സംഘിയല്ല എന്ന് വ്യക്തമായി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. അങ്ങനെ ആയിരുന്നെങ്കിൽ ലാലം സലാം പോലുള്ളൊരു ചിത്രത്തിൽ അദ്ദേഹം അഭിനയിക്കുമായിരുന്നില്ല. ഒരു സംഘിക്ക് ഇങ്ങനെ ഒരു ചിത്രം ചെയ്യാനാകില്ല. ഈ സിനിമ കണ്ടാൽ നിങ്ങൾക്കത് ബോധ്യമാകും. ഒരുപാട് മനുഷ്യത്വം ഉള്ള ഒരാൾക്ക് മാത്രമേ ഈ വേഷം ചെയ്യാനാകൂ. അദ്ദേഹത്തിന് ആ ധൈര്യം ഉണ്ട്. അതുകൊണ്ടാണിത് ചെയ്തത്' - ഐശ്വര്യ പറഞ്ഞു.



അച്ഛൻ നേടിയെടുത്ത ഖ്യാതിക്കു മേൽ മകൾക്കു പോലും കളിക്കാനാകില്ലെന്ന് അവർ കൂട്ടിച്ചേർത്തു. '35 വർഷമായി അച്ഛൻ നേടിയെടുത്ത കീർത്തിയാണിത്. ഒരാൾക്കു പോലും, അത് മകളായാൽ പോലും അതു വച്ച് കളിക്കാൻ അവകാശമില്ല. അച്ഛനൊപ്പം ഞാൻ ഒരുപാട് യാത്ര ചെയ്തിട്ടുണ്ട്. ഈ ചിത്രത്തിന്റെ സന്ദേശമാണ് ഇതദ്ദേഹം തെരഞ്ഞെടുക്കാനുള്ള കാരണം.'- അവർ വ്യക്തമാക്കി.

വിഷ്ണു വിശാലും വിക്രാന്തും നായകന്മാരായി എത്തുന്ന ചിത്രമാണ് ലാൽ സലാം. ഫെബ്രുവരി ഒമ്പതിന് തിയേറ്ററുകളിലെത്തും. ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുഭാസ്‌കരനാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിൽ മൊയ്തീൻ ഭായ് എന്ന അതിഥി കഥാപാത്രത്തെയാണ് രജനി അവതരിപ്പിക്കുന്നത്. എട്ടു വർഷത്തിന് ശേഷം ഐശ്വര്യ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ലാൽ സലാം.

Similar Posts