< Back
Entertainment
‘ആർ.എസ്.എസ് നേതാവ് എന്തിനാടെ കൊന്തയൊക്കെ എന്ന് പറഞ്ഞ് അതിൽ തട്ടി, ദൈവങ്ങളെ കുറിച്ച് മോശം പറഞ്ഞു; ആർ.എസ്.എസ് വിടാനുള്ള കാരണം പറഞ്ഞ് അഖിൽ മാരാർ
Entertainment

‘ആർ.എസ്.എസ് നേതാവ് എന്തിനാടെ കൊന്തയൊക്കെ എന്ന് പറഞ്ഞ് അതിൽ തട്ടി, ദൈവങ്ങളെ കുറിച്ച് മോശം പറഞ്ഞു'; ആർ.എസ്.എസ് വിടാനുള്ള കാരണം പറഞ്ഞ് അഖിൽ മാരാർ

Web Desk
|
8 July 2023 4:07 PM IST

ഒരിക്കലും ഒരു ശാഖയില്‍ പോലും മതപരമായി മറ്റൊരു മതത്തെ മോശമാക്കി പറഞ്ഞിട്ടില്ല. ആ വ്യക്തിയുടെ കുഴപ്പത്താലാണ് ഞാന്‍ ആര്‍എസ്എസ് വിട്ടത്.

കൊച്ചി: നിരീക്ഷകനും സംവിധായകനുമായ അഖില്‍ മാരാർ തന്റെ രാഷ്ട്രീയ നിലപാടുകളെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ചര്‍ച്ചയാകുന്നത്. കോണ്‍ഗ്രസില്‍ വരുന്നതിന് മുന്‍പ് ആര്‍.എസ്.എസ് ശാഖയില്‍ പോയിട്ടുണ്ട് അഖിൽ പറയുന്നു. ഓൺലെെൻ മാധ്യമമായ ബിഹൈന്‍റ് വുഡ്സിന് നല്‍കിയ പഴയ അഭിമുഖത്തിലാണ് തന്‍റെ രാഷ്ട്രീയ അനുഭവങ്ങള്‍ പറഞ്ഞത്.

"കോണ്‍ഗ്രസില്‍ വരുന്നതിന് മുന്‍പ്, കൂടെ കിടന്നവനെ രാപനി അറിയൂ എന്ന് പറയുന്നത് പോലെ ഞാന്‍ ആര്‍.എസ്.എസ് ശാഖയില്‍ പോയിട്ടുണ്ട്. സ്കൂള്‍ പ്ലസ് ടു കാലം വരെ അവിടെ പോയി. പിന്നീട് അതില്‍ നിന്നും മാറാന്‍ കാരണമുണ്ട്. അന്ന് കൊട്ടാരക്കരയില്‍ ആര്‍എസ്എസിന്‍റെ രാഷ്ട്രീയ സഞ്ചലനം നടന്നു.

ഇന്ന് അറിയപ്പെടുന്ന ഒരു കലാകാരനായ എന്‍റെ സുഹൃത്തിനെ പരിപാടിക്ക് വേണ്ടി ഒരു ശ്രീരാമന്‍റെ വലിയ ചിത്രം വരയ്ക്കാന്‍ ഏല്‍പ്പിച്ചു. അന്ന് ഫ്ലെക്സും, ബോര്‍ഡും ഒന്നും ഇല്ലല്ലോ. ഈ സുഹൃത്തിന്‍റെ കഴുത്തില്‍ ഒരു കൊന്ത കിടപ്പുണ്ട്. അന്ന് വന്ന ആര്‍.എസ്.എസ് നേതാക്കളില്‍ ഒരാള്‍ ‘എന്തിനാടെ കൊന്തയൊക്കെ എന്ന് പറഞ്ഞ്’ അതില്‍ തട്ടി. പിന്നെ അവന്‍റെ വീട്ടില്‍ എല്ലാ ദൈവങ്ങളുടെയും ചിത്രങ്ങളുണ്ട്. അതിനെയും മോശമായി സംസാരിച്ചു. ഈ സംസാരം എനിക്ക് പിടിച്ചില്ല. ആ അഭിപ്രായ വ്യത്യാസത്താല്‍ ഞാന്‍ ആര്‍.എസ്.എസ് വിട്ടു.

നമുക്ക് മനുഷ്യനെ മനുഷ്യനായി മാത്രമേ കാണാന്‍ പറ്റൂ. മതമോ ജാതിയോ എനിക്കില്ല. ഞാന്‍ അവിടെ പോയത് തന്നെ സ്പോര്‍ട്സ് മാന്‍ എന്ന നിലയില്‍ കബഡി കളിയും മറ്റു കാര്യങ്ങളും ഒക്കെ കാരണമാണ്. പതിനേഴ് പതിനെട്ട് വയസായപ്പോള്‍ ഞാന്‍ ആര്‍.എസ്.എസ് വിട്ടു.

ഒരിക്കലും ഒരു ശാഖയില്‍ പോലും മതപരമായി മറ്റൊരു മതത്തെ മോശമാക്കി പറഞ്ഞിട്ടില്ല. ആ വ്യക്തിയുടെ കുഴപ്പത്താലാണ് ഞാന്‍ ആര്‍എസ്എസ് വിട്ടത്. സംഘടനയില്‍ ചില വ്യക്തികള്‍ക്ക് ചിന്താ​ഗതി വേറെയായിരിക്കും. അതേ സമയം സംഘടനയുടെ ക്ലാസില്‍ നിന്നോ മറ്റോ എനിക്ക് ഇത്തരം അനുഭവം ഇല്ല. അവരുടെ ലക്ഷ്യം വേറെയാണ്" - അഖില്‍ മാരാർ പറഞ്ഞു.

Similar Posts