< Back
Entertainment
Akshay Kumar, Selfiee, Prithviraj Sukumaran, അക്ഷയ് കുമാര്‍, സെല്‍ഫി, പൃഥ്വിരാജ്
Entertainment

അക്ഷയ് കുമാറിന് രക്ഷയില്ല, 'സെല്‍ഫി'യുടെ തകര്‍ച്ച പൂര്‍ണം; ബജറ്റ് 150 കോടി, ഒരാഴ്ച നേടിയത് 14 കോടി

Web Desk
|
3 March 2023 3:25 PM IST

അക്ഷയ് കുമാറിന്‍റേതായി പരാജയപ്പെടുന്ന തുടര്‍ച്ചയായ നാലാമത്തെ ചിത്രമാണ് 'സെല്‍ഫി'

അക്ഷയ് കുമാര്‍ നായകനായി പുറത്തിറങ്ങിയ പുതിയ ചിത്രം 'സെല്‍ഫിയുടെ' ബോക്സ് ഓഫീസ് പതനം പൂര്‍ണമെന്ന് റിപ്പോര്‍ട്ടുകള്‍. ചിത്രം പുറത്തിറങ്ങി ഒരാഴ്ചയായിരിക്കെ ഇതുവരെ 14.25 കോടി രൂപ മാത്രമാണ് തിയറ്ററുകളില്‍ നിന്നും നേടാനായത്. 150 കോടി മുതല്‍ മുടക്കിലാണ് ചിത്രം നിര്‍മിച്ചിരുന്നത്. ചിത്രത്തിന്‍റെ ഇപ്പോഴത്തെ പ്രകടനം വിലയിരുത്തിയാല്‍ 20 കോടിയില്‍ പ്രദര്‍ശനം അവസാനിപ്പിക്കേണ്ടി വരുമെന്ന് ബോളിവുഡ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ചിത്രം പുറത്തിറങ്ങിയ ആദ്യ ദിവസം 2.55 കോടി രൂപ മാത്രമാണ് സ്വന്തമാക്കാന്‍ കഴിഞ്ഞത്.

അക്ഷയ് കുമാറിന്‍റേതായി പരാജയപ്പെടുന്ന തുടര്‍ച്ചയായ നാലാമത്തെ ചിത്രമാണ് 'സെല്‍ഫി'. കോവിഡിന് ശേഷം തിയറ്ററുകളിലെത്തിയ അക്ഷയ് കുമാര്‍ ചിത്രങ്ങളെല്ലാം തന്നെ പരാജയം രുചിച്ചിരുന്നു. അടുത്തിടെ അക്ഷയ് കുമാറിന്‍റേതായി പുറത്തിറങ്ങിയ സാമ്രാട്ട് പൃഥ്വിരാജ്, രാമസേതു, രക്ഷാബന്ധന്‍ എന്നീ ചിത്രങ്ങളും തിയറ്ററുകളില്‍ പരാജയമായിരുന്നു.

മലയാളത്തില്‍ പുറത്തിറങ്ങിയ 'ഡ്രൈവിങ് ലൈസന്‍സ്' എന്ന ചിത്രത്തിന്‍റെ ഹിന്ദി റീമേക്കാണ് 'സെല്‍ഫി'. 2019ല്‍ റിലീസ് ചെയ്ത 'ഡ്രൈവിങ് ലൈസന്‍സ്' മികച്ച വിജയം സ്വന്തമാക്കിയിരുന്നു. പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടുമായിരുന്നു ഡ്രൈവിങ് ലൈസന്‍സിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. പൃഥ്വിരാജ് അവതരിപ്പിച്ച സിനിമാ നടന്‍റെ കഥാപാത്രം അക്ഷയ് കുമാറും സുരാജിന്‍റെ വെഹിക്കിൾ ഇൻസ്പെക്ടറുടെ വേഷത്തിൽ ഇമ്രാൻ ഹാഷ്മിയുമാണ് അഭിനയിക്കുന്നത്. രാജ് മെഹ്ത സംവിധാനം ചെയ്യുന്ന ചിത്രം ധർമ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ കരൺ ജോഹറും പൃഥ്വിരാജും ലിസ്റ്റിന്‍ സ്റ്റീഫനുമാണ് നിർമിച്ചത്. പൃഥ്വിരാജ് പ്രൊഡക്ഷൻസ് നിർമിച്ച ആദ്യ ബോളിവുഡ് ചിത്രം കൂടിയാണ് സെല്‍ഫി.

സച്ചി തിരക്കഥ എഴുതിയ ചിത്രം മലയാളത്തിൽ സംവിധാനം ചെയ്തത് ജീൻ പോൾ ലാൽ ആയിരുന്നു. മിയ, ദീപ്തി സതി, സൈജു കുറുപ്പ്, ലാലു അലക്സ് തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിലെത്തിയത്.

Similar Posts