< Back
Entertainment
കരഞ്ഞുകൊണ്ടാണ് ഷാരൂഖ് ആ വാര്‍ത്ത കേട്ടത്,  സന്തോഷക്കണ്ണീരായിരുന്നു അത്; ആര്യന്‍റെ അഭിഭാഷകന്‍
Entertainment

കരഞ്ഞുകൊണ്ടാണ് ഷാരൂഖ് ആ വാര്‍ത്ത കേട്ടത്, സന്തോഷക്കണ്ണീരായിരുന്നു അത്; ആര്യന്‍റെ അഭിഭാഷകന്‍

Web Desk
|
29 Oct 2021 9:49 AM IST

കേസില്‍ അറസ്റ്റിലായി 26 ദിവസത്തിന് ശേഷമാണ് ആര്യന് ബോംബൈ ഹൈക്കോടതി കഴിഞ്ഞ ദിവസം ജാമ്യം അനുവദിച്ചത്

മുംബൈ ലഹരിപ്പാര്‍ട്ടിയുമായി ബന്ധപ്പെട്ട കേസില്‍ ആര്യന്‍ ഖാന് ജാമ്യം ലഭിച്ചതിലുള്ള സന്തോഷത്തിലാണ് കുടുംബവും ആരാധകരും. കേസില്‍ അറസ്റ്റിലായി 26 ദിവസത്തിന് ശേഷമാണ് ആര്യന് ബോംബൈ ഹൈക്കോടതി കഴിഞ്ഞ ദിവസം ജാമ്യം അനുവദിച്ചത്. കരഞ്ഞുകൊണ്ടാണ് കിംഗ് ഖാന്‍ മകന് ജാമ്യം ലഭിച്ച വാര്‍ത്ത കേട്ടത്.

''അദ്ദേഹം വളരെ സന്തോഷവാനായിട്ടാണ് കാണപ്പെട്ടത്. എന്നാല്‍ കരയുന്നുമുണ്ടായിരുന്നു. അയാൾ ആശങ്കാകുലനായ ഒരു മനുഷ്യനായിരുന്നു. എന്നാല്‍ ഇപ്പോള്‍ അദ്ദേഹം ശാന്തനാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അദ്ദേഹം കേസിന്‍റെ കുറിപ്പുകൾ തയ്യാറാക്കുകയും എന്നോട് ചർച്ച ചെയ്യുകയും ചെയ്തു'' ആര്യന് വേണ്ടി ഹൈക്കോടതിയില്‍ ഹാജരായ മുന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗി പറഞ്ഞു. ആര്യന് ജാമ്യം ലഭിച്ചതിന് ശേഷം അഭിഭാഷകര്‍ക്കും മാനേജര്‍ പൂജ ദദ്‍ലാനിക്കുമൊപ്പം ഷാരൂഖ് നില്‍ക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു.

ബോളിവുഡ് നടന്‍മാരായ അക്ഷയ് കുമാര്‍, സല്‍മാന്‍ ഖാന്‍, സുനില്‍ ഷെട്ടി തുടങ്ങിയവര്‍ ഷാരൂഖിനെ വിളിച്ചു അഭിനന്ദിച്ചിരുന്നു. ജാമ്യവാര്‍ത്ത അറിഞ്ഞപ്പോള്‍ മുതല്‍ സുഹൃത്തുക്കളും ആരാധകരും ഷാരൂഖിന്‍റെ വീടിനു മുന്നില്‍ തടിച്ചുകൂടിയിരുന്നു. ലഹരിക്കേസില്‍ അറസ്റ്റിലായപ്പോള്‍ തന്നെ സല്‍മാന്‍ ഷാരൂഖിനെ വീട്ടിലെത്തി സന്ദര്‍ശിച്ചിരുന്നു. മറ്റു സുഹൃത്തുക്കും ഫോണില്‍ കിംഗ് ഖാനുമായി നിരന്തരം ബന്ധപ്പെട്ടിരുന്നു.

ഭാര്യ ഗൌരി ഖാന്‍റെ അവസ്ഥയും വ്യത്യസ്തമായിരുന്നില്ല. മകന് ജാമ്യം കിട്ടിയ വാര്‍ത്ത കേട്ടപ്പോള്‍ ഗൌരിയുടെ കണ്ണുനിറഞ്ഞു. തുടര്‍ന്ന് മുട്ടില്‍ നിന്നു പ്രാര്‍ത്ഥിക്കുകയും ചെയ്തതായി അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. ആര്യന്‍റെ സഹോദരി സുഹാന ഖാൻ യു.എസിലെയും യു.കെയിലെയും ആര്യന്‍റെ സുഹൃത്തുക്കളോട് സംസാരിക്കുകയും കഴിഞ്ഞ ഏതാനും ആഴ്ചകളായി അവർ നൽകിയ പിന്തുണയ്ക്ക് നന്ദി പറയുകയും ചെയ്തു.

Similar Posts