< Back
Entertainment
Allu Arjun receives mass welcome at Kochi airport
Entertainment

കൈ വീശി അഭിവാദ്യം ചെയ്ത് മലയാളികളുടെ സ്വന്തം അല്ലു; ഗംഭീര സ്വീകരണം, അലതല്ലി ആവേശം

Web Desk
|
27 Nov 2024 8:24 PM IST

കൊച്ചിൻ എയർപോർട്ടിൽ ഗംഭീര സ്വീകരണമാണ് ആരാധകർ അല്ലു അർജുന് ഒരുക്കിയത്

ലോകം മുഴുവൻ ആകാംക്ഷയോടെ കാത്തിരിക്കുന്ന 'പുഷ്പ 2: ദ റൂൾ' റിലീസിന് ദിവസങ്ങൾ മാത്രം ശേഷിക്കേ കൊച്ചിയെ ഇളക്കി മറിച്ച് മലയാളികളുടെ സ്വന്തം അല്ലു അർജുൻ. കൊച്ചിൻ എയർപോർട്ടിൽ ഗംഭീര സ്വീകരണമാണ് ആരാധകർ അല്ലുവിനായി ഒരുക്കിയത്. താരത്തിന്റെ ചിത്രമുള്ള പ്ലക്കാർഡുകളുമായി നൂറുകണക്കിന് ആളുകൾ എയർപോർട്ടിൽ ഒഴുകിയെത്തി. ആരാധകരെ കൈ വീശി അഭിവാദ്യം ചെയ്യാൻ അല്ലു അർജുനും മറന്നില്ല.

ഗ്രാൻഡ് ഹയാത്തിൽ 'പുഷ്പ 2' പ്രൊമോഷൻ ചടങ്ങിൽ പങ്കെടുക്കാനായാണ് അല്ലു അർജുൻ എത്തിയത്. 'പുഷ്പ ഇനി നാഷണല്ല, ഇൻറർനാഷണൽ!' എന്ന ഡയലോഗുമായി എത്തിയിരുന്ന ട്രെയിലർ ഇതിനകം സോഷ്യൽ മീഡിയയിൽ കത്തിപ്പടർന്നു കഴിഞ്ഞിരുന്നു.. ഡിസംബർ അഞ്ചിനാണ് ചിത്രത്തിൻറെ വേൾഡ് വൈഡ് റിലീസ്.

ആദ്യ ഭാഗത്തേക്കാൾ പതിന്മടങ്ങ് ആക്ഷൻ പാക്ക്ഡ് എൻറർടെയ്‌നറായിട്ടാണ് രണ്ടാം ഭാഗം എത്തുന്നതെന്ന് അടിവരയിടുന്നതായിരുന്നു ട്രെയിലർ. പുഷ്പരാജായി അല്ലു അർജ്ജുനും ഭൻവർസിംഗ് ഷെഗാവത്തായി ഫഹദ് ഫാസിലും രണ്ടാം ഭാഗത്തിൽ തകർത്തഭിനയിച്ചിട്ടുണ്ടെന്നാണ് ട്രെയിലറിൽ നിന്ന് വ്യക്തമാകുന്നത്. ശ്രീവല്ലിയായി രശ്മികയുടേയും മനോഹരമായ അഭിനയമുഹൂർത്തങ്ങൾ രണ്ടാം ഭാഗത്തിലുമുണ്ടെന്നാണ് സൂചന. 'പുഷ്പ ദ റൂളി'നായുള്ള കാത്തിരിപ്പിന് ആവേശം ഇരട്ടിപ്പിക്കാനുള്ളതെല്ലാം ട്രെയിലറിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. കുറിക്കുകൊള്ളുന്ന മാസ് ഡയലോഗുകളും കളർഫുൾ ദൃശ്യമികവും മാസ്മരിക സംഗീതവും കണ്ണഞ്ചിപ്പിക്കുന്ന ആക്ഷൻ വിരുന്നും എല്ലാം ഉൾക്കൊള്ളിച്ചുള്ള കംപ്ലീറ്റ് പാക്കേജായിരിക്കും രണ്ടാം ഭാഗമെന്നാണ് ട്രെയിലർ പുറത്തിറങ്ങിയതോടെ ഏവരുടേയും കണക്കുകൂട്ടൽ.

തെലങ്കാനയുടെ മണ്ണിൽ നിന്നും പുഷ്പരാജിനെ കേരളത്തിലെത്തിക്കാൻ കച്ചമുറുക്കിയിരിക്കുകയാണ് ഇ ഫോർ എൻറർടെയ്ൻമെൻറ്‌സ്. സിനിമ ഇറങ്ങുന്നതിന് ഒരു മാസം മുമ്പേ കേരളത്തിലെ പുഷ്പ 2 ഫാൻസ് ഷോ ടിക്കറ്റുകൾ വിറ്റ് തീർന്നിരിക്കുകയാണ്. 'പുഷ്പ ദ റൂൾ' ഡിസംബർ 5 മുതൽ കേരളക്കരയിലെ തിയേറ്ററുകളിൽ 24 മണിക്കൂറും പ്രദർശനമുണ്ടാകുമെന്നാണ് ഇ ഫോർ എൻറർടെയ്ൻമെൻറ്‌സ് സാരഥി മുകേഷ് ആർ മേത്ത അറിയിച്ചിട്ടുള്ളത്. തിയേറ്ററുകൾതോറും ഇതുവരെ കാണാത്ത വിധത്തിലുള്ള ഗംഭീരമായ റിലീസിങ് മാമാങ്കത്തിനാണ് നിർമ്മാതാക്കളായ മൈത്രി മൂവി മേക്കേഴ്‌സും സുകുമാർ റൈറ്റിംഗ്‌സും പദ്ധതിയിടുന്നത്.

ലോകമാകെ ഏറ്റെടുത്ത ബ്ലോക്ക്ബസ്റ്റർ ചിത്രമായ 'പുഷ്പ: ദ റൈസി'ൻറെ രണ്ടാം ഭാഗമായെത്തുന്ന 'പുഷ്പ 2: ദ റൂൾ' ബോക്‌സ് ഓഫീസ് കൊടുങ്കാറ്റായി മാറുമെന്നാണ് ഏവരും കണക്കുകൂട്ടുന്നത്. ആദ്യ ഭാഗത്തിൻറെ അപാരമായ ജനപ്രീതിയെ തുടർന്ന് ഐക്കൺ സ്റ്റാർ അല്ലു അർജുൻ ടൈറ്റിൽ റോളിൽ എത്തുന്ന രണ്ടാം ഭാഗവും ഒരു വലിയ ബോക്‌സ് ഓഫീസ് പ്രതിഭാസമാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. പ്രേക്ഷക - നിരൂപക പ്രശംസകൾ ഒരുപോലെ നേടിയ ആദ്യഭാഗം വാണിജ്യപരമായും വലിയ വിജയം നേടിയിരുന്നു. അതിനാൽ തന്നെ ടോട്ടൽ ആക്ഷനും മാസുമായി ഒരു ദൃശ്യ ശ്രവ്യ വിസ്മയം തന്നെ പ്രേക്ഷകർക്ക് പ്രതീക്ഷിക്കാം.

ചിത്രം ഇതിനകം 1000 കോടി രൂപയുടെ പ്രീ-റിലീസ് ബിസിനസ് നേടിക്കഴിഞ്ഞുവെന്നാണ് ട്രേഡ് അനലിസ്റ്റുകൾ പുറത്തുവിട്ടിരിക്കുന്ന റിപ്പോർട്ട്. റോക്ക് സ്റ്റാർ ദേവി ശ്രീ പ്രസാദിൻറെ സംഗീതവും അതിശയിപ്പിക്കുന്ന ദൃശ്യങ്ങളും തികച്ചും പുതിയൊരു കാഴ്ച വിപ്ലവം തന്നെ തീർക്കുമെന്നാണ് ഏവരും കണക്കുകൂട്ടുന്നത്. സുകുമാർ സംവിധാനം ചെയ്ത 'പുഷ്പ ദ റൈസ്' ആദ്യഭാഗം രണ്ട് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളും 7 സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളും നേടിയിരുന്നു. 'പുഷ്പ ദ റൂൾ' ഇതിൻറെ തുടർച്ചയായെത്തുമ്പോൾ സകല റെക്കോർഡുകളും കടപുഴകുമെന്നാണ് ആരാധകരുടെ കണക്ക്കൂട്ടൽ. ചിത്രത്തിൽ അല്ലു അർജുന് പുറമെ രശ്മിക മന്ദാന, ഫഹദ് ഫാസിൽ, സുനിൽ, ജഗപതി ബാബു, പ്രകാശ് രാജ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളായുള്ളത്. രണ്ടാം ഭാഗത്തിൽ എന്തൊക്കെ ട്വിസ്റ്റും ടേണും സംഭവിക്കുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

കഥ-തിരക്കഥ-സംവിധാനം: സുകുമാർ ബന്ദ്‌റെഡ്ഡി, നിർമ്മാതാക്കൾ: നവീൻ യെർനേനി, രവിശങ്കർ യലമഞ്ചിലി, സിഇഒ: ചെറി, സംഗീതം: ദേവി ശ്രീ പ്രസാദ്, ഛായാഗ്രാഹകൻ: മിറെസ്ലോ ക്യൂബ ബ്രോസെക്, പ്രൊഡക്ഷൻ ഡിസൈനർ: എസ്. രാമകൃഷ്ണ-മോണിക്ക നിഗോത്രേ, ഗാനരചയിതാവ്: ചന്ദ്ര ബോസ്, ബാനറുകൾ: മൈത്രി മൂവി മേക്കേഴ്‌സ്, സുകുമാർ റൈറ്റിംഗ്‌സ്, മാർക്കറ്റിംഗ് ഹെഡ്: ശരത്ചന്ദ്ര നായിഡു, പി. ആർ. ഒ: ഏലൂരു ശ്രീനു, മാധുരി മധു, ആതിര ദിൽജിത്ത്, മാർക്കറ്റിംഗ്: ഫസ്റ്റ് ഷോ.

Similar Posts