< Back
Entertainment
ഗോൾഡ് മൂവി വർക്കായില്ലെങ്കിലോ? ആരാധകന്‍റെ ചോദ്യത്തിന് അല്‍ഫോന്‍സ് പുത്രന്‍ നല്‍കിയ മറുപടി!
Entertainment

ഗോൾഡ് മൂവി വർക്കായില്ലെങ്കിലോ? ആരാധകന്‍റെ ചോദ്യത്തിന് അല്‍ഫോന്‍സ് പുത്രന്‍ നല്‍കിയ മറുപടി!

Web Desk
|
15 Aug 2022 10:01 AM IST

യുദ്ധവും പ്രേമവും പ്രതീക്ഷിച്ച് ആരും വന്നേക്കരുത് എന്നായിരുന്നു ഗോൾഡ് സിനിമയെക്കുറിച്ച് അൽഫോൻസ് പറഞ്ഞത്

നീണ്ട ഇടവേളക്ക് ശേഷം അല്‍ഫോന്‍് പുത്രന്‍ ഒരുക്കുന്ന ചിത്രമാണ് 'ഗോള്‍ഡ്'. നേരം, പ്രേമം എന്നീ ചിത്രങ്ങൾക്ക് ശേഷം അൽഫോൻസ് പുത്രൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നയൻതാരയും പൃഥ്വിരാജുമാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സെപ്തംബറില്‍ ചിത്രം തിയറ്ററുകളിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. യുദ്ധവും പ്രേമവും പ്രതീക്ഷിച്ച് ആരും വന്നേക്കരുത് എന്നായിരുന്നു ഗോൾഡ് സിനിമയെക്കുറിച്ച് അൽഫോൻസ് പറഞ്ഞത്. ഇപ്പോൾ ഗോൾഡ് സിനിമയെക്കുറിച്ചുള്ള ഒരു ആരാധകന്‍റെ ചോദ്യത്തിന് മറുപടി നൽകിയിരിക്കുകയാണ് സംവിധായകൻ.

'ഗോൾഡ് മൂവി വർക്ക് ആയില്ലെങ്കിൽ അൽഫോൻസ് പുത്രൻ ലോ ആവുവോ' എന്നായിരുന്നു ഫേസ്ബുക്ക് കമന്‍റിലൂടെ ആരാധകന്‍റെ ചോദ്യം. 'ഗോൾഡ് മൂവി വർക് ആയില്ലെങ്കിൽ സങ്കടം വരും. ഞാൻ ഒരു പ്രതിമയല്ല. ഞാൻ ഒരു സാധാരണ മനുഷ്യനാണ്. എനിക്ക് നല്ല സങ്കടം വരും'എന്നായിരുന്നു പ്രേമം സംവിധായകന്‍റെ മറുപടി.


നേരവും പ്രേമവും പോലെയല്ല ഈ സിനിമ. ഇത് വേറെ ഒരു ടൈപ്പ് സിനിമയാണ്. കൊറച്ചു നല്ല കഥാപാത്രങ്ങളും , കൊറച്ചു നല്ല താരങ്ങളും, രണ്ടു മൂന്നു പാട്ടുകൾ , കൊറച്ചു തമാശകളും ഒള്ള ഒരു പുതുമയില്ലാത്ത മൂന്നാമത്തെ ചലച്ചിത്രം. പതിവ് പോലെ ഒരു മുന്നറിയിപ്പ് ! യുദ്ധവും, പ്രേമവും പ്രതീക്ഷിച്ചു ആ വഴിക്കു ആരും വരരുത്.' – എന്നായിരുന്നു ഗോൾഡ് സിനിമയെക്കുറിച്ച് അൽഫോൻസ് പുത്രൻ പറഞ്ഞത്. ചിത്രത്തിൽ ജോഷി എന്ന കഥാപാത്രത്തെ പൃഥ്വിരാജ് അവതരിപ്പിക്കുമ്പോൾ സുമംഗലി ഉണ്ണികൃഷ്ണനായിട്ടാണ് നയൻ‌താര എത്തുന്നത്. അജ്മല്‍ അമീറും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.


ഷമ്മി തിലകൻ, ചെമ്പൻ വിനോദ്, ബാബുരാജ്, ജഗദീഷ്, ലാലു അലക്‌സ്, ശബരീഷ്, കൃഷ്ണ ശങ്കര്‍ ദീപ്‌തി സതി, ജഗദീഷ്, സുരേഷ് കൃഷ്ണ, പ്രേംകുമാര്‍ തുടങ്ങിയ വമ്പൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. സുപ്രിയ മേനോന്‍, ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ആനന്ദ് സി.ചന്ദ്രന്‍, വിശ്വജിത്ത് ഒടുക്കത്തില്‍ എന്നിവരാണ് ഛായാഗ്രഹണം. രാജേഷ് മുരുകേശനാണ് സംഗീതം.

Similar Posts