< Back
Entertainment
മലര്‍ മിസായി ആദ്യം പരിഗണിച്ചിരുന്നത് അസിനെയെന്ന് അല്‍ഫോന്‍സ് പുത്രന്‍
Entertainment

മലര്‍ മിസായി ആദ്യം പരിഗണിച്ചിരുന്നത് അസിനെയെന്ന് അല്‍ഫോന്‍സ് പുത്രന്‍

Web Desk
|
8 Jun 2021 1:40 PM IST

എന്നാൽ, അസിനെ ബന്ധപ്പെടാൻ സാധിക്കാതെ വന്നതോടെ മലർ മിസ്സിന് ഒരു തമിഴ് ടച്ച് കൊടുക്കുകയായിരുന്നു

റിലീസ് ചെയ്ത് വര്‍ഷങ്ങളായിട്ടും പ്രേമം എന്ന സിനിമ ഒരു നൊസ്റ്റാള്‍ജിയ പോലെ മലയാളികളുടെ മനസിലുണ്ട്. ഇപ്പോഴും ട്രോളുകളിലൂടെയും പാട്ടുകളിലൂടെയും പല രൂപത്തിലും പ്രേമത്തിലെ കഥാപാത്രങ്ങള്‍ പ്രത്യക്ഷപ്പെടാറുണ്ട്. ഇപ്പോള്‍ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളിലൊന്നായ മലര്‍ മിസായി ആദ്യം പരിഗണിച്ചിരുന്നത് മറ്റൊരു നായികയെ ആയിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്‍.

തിരക്കഥയുടെ ആദ്യ ഘട്ടത്തിൽ മലർ മിസ് എന്ന കഥാപത്രം ഫോർട്ട് കൊച്ചിക്കാരി ആയിരുന്നെന്നും നടി അസിനെയായിരുന്നു ഈ വേഷത്തിലേക്ക് പരിഗണിച്ചിരുന്നതെന്നും അൽഫോൺസ് പുത്രൻ പറയുന്നു. എന്നാൽ, അസിനെ ബന്ധപ്പെടാൻ സാധിക്കാതെ വന്നതോടെ മലർ മിസ്സിന് ഒരു തമിഴ് ടച്ച് കൊടുക്കുകയായിരുന്നു. അങ്ങനെയാണ് സായി പല്ലവിയിലേക്ക് എത്തിയത്.

ഒരു ആരാധകന്‍റെ ചോദ്യത്തിന് കമന്റിലൂടെ മറുപടി നൽകുകയായിരുന്നു അൽഫോൺസ് പുത്രൻ. 'തമിഴ് ഭാഷയുടെ സ്വാധീനം നിങ്ങളുടെ മുൻപുള്ള സിനിമകളിൽ കണ്ടിട്ടുണ്ട്. മലയാളം സിനിമയിലെ തമിഴ് ഭാഷയുടെ സ്വാധീനത്തെ എങ്ങനെ കാണുന്നു. മലർ എന്ന കഥാപാത്രം മലയാളിപെൺകുട്ടിയായിരുന്നെങ്കിലോ?' എന്നാണ് അൽഫോന്‍സ് പുത്രനോട് ആരാധകൻ ചോദിച്ചത്.

നടൻ നിവിൻ പോളിയും അസിനെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ല എന്നും പുത്രൻ പറയുന്നു. തമിഴ് ഭാഷയുമായുള്ള ബന്ധത്തിന് കാരണമായി അൽഫോൺസ് പുത്രൻ പറയുന്നത് ചെറുപ്പത്തിൽ പഠിച്ചതെല്ലാം ഊട്ടിയിലാണെന്നും സിനിമാ പഠനവും ചെന്നൈയിലായിരുന്നു എന്നുമാണ്. ചിത്രവുമായി ബന്ധപ്പെട്ട ആരാധകരുടെ സംശയങ്ങള്‍ക്കെല്ലാം മറുപടി പറയുന്നുണ്ട് സംവിധായകന്‍.

Similar Posts