Entertainment
ചിരിപ്പിച്ച് കയ്യിലെടുക്കാൻ അൽത്താഫും ജോമോനും; നായികയായി അനാർക്കലി; പുതിയ ചിത്രത്തിന്‍റെ പൂജ നടന്നു
Entertainment

ചിരിപ്പിച്ച് കയ്യിലെടുക്കാൻ അൽത്താഫും ജോമോനും; നായികയായി അനാർക്കലി; പുതിയ ചിത്രത്തിന്‍റെ പൂജ നടന്നു

Web Desk
|
13 Nov 2024 3:04 PM IST

അസീസ് നെടുമങ്ങാട്, അന്ന പ്രസാദ് തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ ഒരുമിക്കുന്നത്

ചുരുങ്ങിയ സിനിമകളിലൂടെ തന്നെ പ്രേക്ഷകർക്ക് പ്രിയങ്കരരായി മാറിയ അൽത്താഫ് സലീമും ജോമോൻ ജ്യോതിറും നായകന്മാരാകുന്ന പുതിയ സിനിമയുടെ പൂജ നടന്നു. അനാർക്കലി മരക്കാറാണ് നായിക. ചോറ്റാനിക്കര ദേവീക്ഷേത്രത്തിൽ വെച്ചായിരുന്നു പൂജ.

പൂജാ ചടങ്ങിൽ സംവിധായകൻ സതീഷ് തൻവി, മഹേഷ് ഭുവനേന്ദ്, നിഖിൽ എസ് പ്രവീൺ എന്നിവർ ചേർന്ന് വിളക്ക് തെളിയിച്ചു. ഫസ്റ്റ് ക്ലാപ്പ് തിരക്കഥാകൃത്ത് അഭിലാഷ് പിള്ള നിർവ്വഹിച്ചു. ധർമ്മജൻ ബോൾഗാട്ടി, വിനയ് ഫോർട്ട്, ഹരി പത്തനാപുരം, സീ കേരളം ചീഫ് ചാനൽ ഓഫീസർ അനിൽ അയിരൂർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

എലമെന്‍റ്സ് ഓഫ് സിനിമയുടെ ബാനറിൽ എം ശ്രീരാജ് എ.കെ.ഡി നിർമ്മിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് സതീഷ് തൻവിയാണ്. പ്രമുഖ താരങ്ങൾക്കൊപ്പം സിനിമയിൽ പ്രവർത്തിച്ചുകൊണ്ട് തന്നെ സിനിമ പഠിക്കുവാനുള്ള അവസരം വിദ്യാർത്ഥികൾക്ക് നൽകുന്ന ഇൻസ്റ്റിറ്റ്യൂട്ടായ ‘എലമെൻറ്സ് ഓഫ് സിനിമ’യുടെ ആദ്യ നിർമ്മാണ സംരംഭം കൂടിയാണ് ഈ ചിത്രം എന്ന പ്രത്യേകതയുമുണ്ട്. അസീസ് നെടുമങ്ങാട്, അന്ന പ്രസാദ് തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ ഒരുമിക്കുന്നത്.

ജി. മാർത്താണ്ഡൻ, അജയ് വാസുദേവ്, ഡിക്സൺ പൊടുത്താസ് എന്നിവരാണ് എക്സി.പ്രൊഡ്യൂസർമാർ. ഷിഹാബ് കരുനാഗപ്പിള്ളിയുടെ കഥയ്ക്ക് ഷിഹാബും സർജി വിജയനും സതീഷ് തൻവിയും ചേർന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. കോമഡി ജോണറിൽ ഒരുങ്ങുന്ന സിനിമയുടെ ചിത്രീകരണം എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിലായാണ് നടക്കുന്നത്.

ഛായാഗ്രഹണം: നിഖിൽ എസ് പ്രവീൺ, എഡിറ്റർ: മഹേഷ് ഭുവനേന്ദ്, സംഗീതം: മണികണ്ഠൻ അയ്യപ്പൻ, കോസ്റ്റ്യൂം: ഡോണ മറിയം ജോസഫ്, മേക്കപ്പ്: സുധി ഗോപിനാഥ്, ആ‍ർട്ട്: മധുരാഘവൻ, ചീഫ് അസോസിയേറ്റ്: സുമിലാൽ സുബ്രഹ്മണ്യൻ, പ്രൊഡക്ഷൻ കൺട്രോളർ: രാഹുൽ രാജാജി, പബ്ലിസിറ്റി ഡിസൈന‍ർ: ആന്‍റണി സ്റ്റീഫൻ, മാർക്കറ്റിങ്: ഹെയിൻസ്, പിആർഒ: ആതിര ദിൽജിത്ത്.

Similar Posts